
വളരെ വർഷങ്ങളായുള്ള ബന്ധമാണ് നാനാ പടേക്കറുമായുള്ളത്. നടൻ, ചലച്ചിത്ര പ്രവർത്തകൻ എന്നതിലുപരി നല്ല മനുഷ്യനായിരുന്നു അദ്ദേഹം. നാനാ പടേക്കറുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായി എനിക്ക് ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്
വളരെ പ്രശസ്തനാണെങ്കിലും സാധാരണക്കാരനായിരുന്നു നാനാ പടേക്കർ. എല്ലാവരോടും പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം ആ രീതിയിലാണ്. ഒരു നടൻ, ചലച്ചിത്ര പ്രവർത്തകൻ എന്നതിലുപരി ഏറ്റവും നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വളരെ വർഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായുള്ളത്. മുംബയിൽ വച്ചാണ് നാനാ പടേക്കറിനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ രസികനായിരുന്നു അദ്ദേഹം.
ഒരിക്കൽ മുംബയ് വിമാനത്താവളത്തിൽ ചെന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ, 'അടൂർ സാർ ഞാനിവിടെ അങ്ങയെ സ്വീകരിക്കാൻ കാത്തിരിക്കുന്നു' എന്ന് അവിടെ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് ഒരാൾ വിളിച്ചു പറയുന്നു. അങ്ങനെയാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നെ ആ ബന്ധം വളർന്നു. എന്റെ മകൾ മുംബയ് പൊലീസിൽ ജോലി ചെയ്യുമ്പോൾ അവളെ കൊണ്ടുപോയി അടൂർ ഗോപാലകൃഷ്ണന്റെ മകളാണെന്ന് പറഞ്ഞ് ബാൽതാക്കറെയെ പരിചയപ്പെടുത്തിക്കൊടുത്തു.
2023ൽ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുമ്പോൾ റസൂൽ പൂക്കുട്ടിയുമായി എന്നെ കാണാൻ വന്നിരുന്നു. അദ്ദേഹം അഭിനയ ജീവിതത്തിൽ 50 വർഷമായിട്ടും ഒരിക്കൽ പോലും എന്റെ സിനിമയിലേക്ക് ഞാൻ വിളിച്ചില്ലെന്നായിരുന്നു പരാതി. അടുത്ത ചിത്രത്തിൽ തനിക്കൊരു വേഷം നൽകണമെന്നും അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറെയേറെ സമയം ഇവിടെ ചെലവഴിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് വർത്തമാനമൊക്കെ പറഞ്ഞാണ് പിരിഞ്ഞത്.
അദ്ദേഹം വലിയ കഴിവുള്ള നടനായിരുന്നു. പരിന്ദ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം വലിയ തരത്തിൽ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. മറ്റ് കഥാപാത്രങ്ങളെ നിഴലിലാക്കുന്ന തരത്തിലായിരുന്നു അതിലെ അഭിനയം. വളരെ വ്യത്യസ്തമായ റോളുകളിൽ അഭിനയിക്കാൻ കഴിവുള്ള നടനായിരുന്നു. ഇന്ത്യൻ ന്യൂവേവ് സിനിമകളുടെ ഭാഗമായി ചേർന്ന് പ്രവർത്തിച്ച നടനാണ്.
അസാധാരണ കഴിവുകളുള്ള നടനായിരുന്നു. അദ്ദേഹം അഭിനയിച്ച സിനിമകളുടെ വ്യത്യസ്തത മാത്രം നോക്കിയാൽ അത് മനസിലാകും. നാനാ പടേക്കറുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായി എനിക്ക് ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്.
(വി.എ.ഗിരീഷിനോട് പറഞ്ഞത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |