ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഒന്നാണ് മധുരം. ചായയിലും കാപ്പിയിലും തുടങ്ങി പലഹാരങ്ങളിൽ പോലും നമ്മൾ മധുരം ചേർക്കാറുണ്ട്. മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ് പഞ്ചസാര. ഇക്കഴിഞ്ഞ ഓണത്തിന് തൊട്ടുമുമ്പാണ് പഞ്ചസാര വില കുത്തനെ ഉയർന്നത്. ഊഹക്കച്ചവടവും പൂഴ്‌ത്തിവയ്‌ക്കലും തടയാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. യഥാർത്ഥത്തിൽ പഞ്ചസാരവിലയിലെ കുതിച്ചുചാട്ടത്തിന് കാരണം എന്താണെന്ന് അറിയാമോ?
ഓഗസ്റ്റ് മാസം അവസാനത്തോടെ പഞ്ചസാര വില കിലോയ്‌ക്ക് 55.7 രൂപയായിരുന്നു എന്നാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ജൂലായിൽ കിലോയ്‌ക്ക് 48.18 രൂപയായിരുന്നു. ഓഗസ്റ്റ് 23 വരെയുള്ള കണക്കുപ്രകാരം, ഒരു കിലോ പഞ്ചസാരയുടെ ഇന്ത്യയിലെ ശരാശരി വില 62.47 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 46.3 രൂപയായിരുന്നു.
ഓഗസ്റ്റ് 23ന് 100 കിലോ പഞ്ചസാരയുടെ മൊത്തവില 5,801.29 രൂപയായിരുന്നു. കഴിഞ്ഞ മാസം ഇത് 4,510.29 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 4,313.32 രൂപയായിരുന്നു. പഞ്ചസാര വില വർദ്ധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുടെയും വില വർദ്ധിപ്പിച്ചു. ഗുജറാത്തിലെ ചില ചായക്കടകളിൽ ചായയുടെ വില 10 രൂപയിൽ നിന്ന് 15 ആയി ഉയർന്നതായി റിപ്പോർട്ടുണ്ട്. അതുപോലെ 15 രൂപയായിരുന്ന കാപ്പിക്ക് ഇപ്പോൾ 20 രൂപയാണ് വില. പത്ത് ദിവസത്തിനുള്ളിൽ ഇവിടെ പഞ്ചസാരവില കിലോയ്‌ക്ക് 45ൽ നിന്ന് 70 ആയതോടെയാണ് ഈ നീക്കം. തെലങ്കാനയിലും പഞ്ചസാര വില കുതിച്ചുയർന്നു. കിലോയ്‌ക്ക് 45ൽ നിന്ന് 80 രൂപയായാണ് ഉയർന്നത്.
എഥനോൾ ഉൽപ്പാദനത്തിനായി കരിമ്പ് ഉപയോഗിക്കുന്നതാണ് പഞ്ചസാരവില വർദ്ധനവിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരിമ്പ് എഥനോൾ ഉൽപ്പാദനത്തിന് എടുത്തതോടെ പഞ്ചസാര ഉൽപ്പാദനം കുറഞ്ഞുവെന്നും വെറും 17 ദിവസത്തിൽ പഞ്ചസാര കിലോയ്‌ക്ക് 20 രൂപ വർദ്ധിച്ചതായും ആംആദ്‌മി പാർട്ടി കൺവീനർ അരവിന്ദ് കെജിരിവാൾ പറഞ്ഞു.
ഇ20 നയം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്തതും ജനവിരുദ്ധവുമായ നയം കാരണം ഒരു വശത്ത് പണപ്പെരുപ്പം ഉയരുകയാണ്. മറുവശത്ത് വാഹന ഉടമകൾ ആശങ്കപ്പെടുകയാണെന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു. ഇ20 ഇന്ധനത്തിന്റെ ഉൽപ്പാദനത്തിനായി കരിമ്പും ധാന്യങ്ങളും ഉപയോഗിക്കുന്നത് ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്നും ഇ20 ഇന്ധനത്തിനായി അല്ലാതെ രൂപകൽപ്പന ചെയ്‌തിട്ടുള്ള വാഹനങ്ങൾക്ക് അപകടം സൃഷ്‌ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ടും ഇതിനെതിരെ വിമർശനങ്ങളുമായി എത്തി. ഭക്ഷ്യഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് കാരണം വലയുന്ന ജനങ്ങളെ സർക്കാർ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിരാകരിക്കുകയാണ് സർക്കാർ. ഓഗസ്റ്റ് 21ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പഞ്ചസാര വിലയ്ക്കും എഥനോൾ ഉൽപ്പാദനവും തമ്മിൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് എഥനോൾ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്നതിൽ നാലിൽ മൂന്ന് ഭാഗവും ധാന്യങ്ങളിൽ (പ്രത്യേകിച്ച് ചോളത്തിൽ ) നിന്നാണെന്നും പ്രസ്‌താവനയിലുണ്ട്.
സർക്കാരും മറ്റ് വിദഗ്ദ്ധരും പറയുന്നതനുസരിച്ച് പഞ്ചസാരയുടെ വിലവർദ്ധനവിന് കാരണം മറ്റുപല കാര്യങ്ങളാണ്. പ്രധാനമായി, റെഡ് റോട്ട് രോഗം അതായത് ചുവന്ന ചെംചീയൽ രോഗം. രാജ്യത്ത് റെക്കോർഡ് അളവിൽ കരിമ്പ് ഉൽപ്പാദിപ്പിച്ചെങ്കിലും അതെല്ലാം പഞ്ചസാരയാക്കി മാറ്റാൻ കഴിഞ്ഞില്ല. അതിന് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രോഗം. ഇത് ബാധിച്ച കരിമ്പിൻ ചെടികളിൽ നിന്ന് ലഭിച്ച പഞ്ചസാരയുടെ അളവ് വളരെ കുറവായിരുന്നു.
ഉദാഹരണത്തിന് 100 കിലോഗ്രാം കരിമ്പിൽ നിന്ന് പത്ത് കിലോ പഞ്ചസാര ലഭിക്കുമെന്നാണ് കണക്കെങ്കിൽ ഈ വർഷം അത് 8.91കിലോ ആയിരുന്നു. കരിമ്പിന്റെ ക്യാൻസർ എന്നറിയപ്പെടുന്ന മാരക രോഗമാണ് ചെംചീയൽ രോഗം. ഇത് കരിമ്പിന്റെ തണ്ടിനെയാണ് ബാധിക്കുന്നത്. ചെടിക്കുള്ളിൽ വെള്ളത്തിന്റെയും പോഷകങ്ങളുടെയും സംഭരണത്തെ ഇത് തടസപ്പെടുത്തും. അണുബാധ കൂടുമ്പോൾ തണ്ട് ചുരുങ്ങുകയും അതിന്റെ നീരിന് പുളിപ്പ് അനുഭവപ്പെടുകയും ചെയ്യും.
രാജ്യത്ത് ദീപാവലി, ഗണേശ ചതുർത്ഥി, ദസറ എന്നീ ആഘോഷങ്ങൾ വരാനിരിക്കുകയാണ്. ഇത് മറികടക്കാനായി സെപ്‌തംബർ 30 വരെ രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ഒക്‌ടോബർ 31 വരെ പത്ത് ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും അനുമതി നൽകി.
Sugar prices in India have risen sharply, raising concerns among consumers and businesses. While opposition parties have blamed ethanol production, the government says other factors are responsible. Experts point to red rot disease in sugarcane, which reduced sugar recovery. The government has restricted sugar exports and allowed duty-free imports to control prices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |