
കേരളം ഇന്ന് ആവർത്തിച്ചുവരുന്ന ഒരു കഠിന യാഥാർത്ഥ്യത്തെ നേരിടുകയാണ്. പ്രളയവും ഉരുൾപൊട്ടലും കടലാക്രമണവും ഇനി അപൂർവ സംഭവങ്ങളല്ല; നമ്മുടെ വികസന രീതിയെ ചോദ്യം ചെയ്യുന്ന പ്രകൃതിയുടെ മുന്നറിയിപ്പുകളാണ്. ഈയിടെ ഈരാറ്റുപേട്ടയിലും റാന്നിയിലും പ്രളയം കുടുംബങ്ങളെയും വ്യാപാരികളെയും കർഷകരെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും വലിയ പ്രതിസന്ധിയിലാഴ്ത്തി. വയനാട്ടിലെ മഹാദുരന്തം, കുട്ടനാട്, ആലുവ, പത്തനംതിട്ട, ഇടുക്കി, മദ്ധ്യവടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ആവർത്തിച്ചുള്ള പ്രളയങ്ങൾ, തീരദേശങ്ങളിലെ കടലാക്രമണം എന്നിവയെല്ലാം ചേർന്ന് കേരളത്തിന്റെ വികസന മാതൃക പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ പ്രകൃതിയാണ്. മഴയും നദികളും വനങ്ങളും മലനിരകളും തണ്ണീർത്തടങ്ങളും ജൈവവൈവിദ്ധ്യവും ചേർന്നതാണ് ഈ നാടിന്റെ ജീവശക്തി. എന്നാൽ നിയന്ത്രണമില്ലാത്ത ക്വാറി പ്രവർത്തനങ്ങൾ, ശാസ്ത്രീയമല്ലാത്ത മരംമുറിക്കൽ, വനതണ്ണീർത്തട കൈയേറ്റങ്ങൾ, നെൽവയലുകളുടെ നാശം, ആസൂത്രണമില്ലാത്ത നഗരവത്കരണം എന്നിവ പ്രകൃതിയുടെ സ്വാഭാവിക ജലനിയന്ത്രണ സംവിധാനത്തെ ദുർബലമാക്കി. നീരൊഴുക്കിന്റെ വഴികൾ അടയുമ്പോൾ മഴ ദുരന്തമായി മാറുന്നത് അത്ഭുതമല്ല.
കുറച്ചു നാൾ മുൻപ് വയനാട്ടിലെ ദുരന്തം നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് ജീവനുകൾ കവർന്നെടുത്തു. ഈരാറ്റുപേട്ടയിലെയും റാന്നിയിലെയും മറ്റ് പ്രദേശങ്ങളിലെയും ദുരിതങ്ങൾ ഒരു കാര്യം ഉറപ്പിച്ചു- കേരളത്തിൽ സുരക്ഷിതമെന്ന് കരുതാവുന്ന ഒരു പ്രദേശവും ഇനി ഇല്ല. പ്രകൃതി നൽകുന്ന സന്ദേശം വ്യക്തമാണ്: അതിന്റെ പരിധികൾ ലംഘിക്കുമ്പോൾ അതിന്റെ വില നൽകേണ്ടിവരും.
കാലാവസ്ഥാ വ്യതിയാനം അതിതീവ്രമായ മഴയും കാലാവസ്ഥാ പ്രതിഭാസങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ അതിന്റെ പേരിൽ നമ്മുടെ സ്വന്തം പരിസ്ഥിതി നാശത്തെ മറച്ചുവയ്ക്കാനാവില്ല. പ്രകൃതി ക്ഷമിച്ചേക്കാം; പക്ഷേ അത് ഒരിക്കലും മറക്കില്ല. പരിസ്ഥിതിയെ അവഗണിക്കുന്നതിന്റെ വില സാധാരണ ജനങ്ങളാണ് നൽകുന്നത്- ജീവനും ജീവിതോപാധികളും വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊതുമുതലുകളും നഷ്ടപ്പെടുന്നതിലൂടെ.
വികസനവും പരിസ്ഥിതി
സംരക്ഷണവും
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമല്ല. റോഡുകളും വീടുകളും വ്യവസായങ്ങളും ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും അനിവാര്യമാണ്. എന്നാൽ അവയെല്ലാം പ്രകൃതിയുടെ വഹിച്ചുകൊള്ളാനുള്ള ശേഷി മാനിച്ചുകൊണ്ടായിരിക്കണം. പരിസ്ഥിതി ആഘാത പഠനങ്ങൾ വെറും ഔപചാരിക രേഖകളായി മാറരുത്; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ശാസ്ത്രീയ ഉപകരണങ്ങളാകണം. ഇനി കേരളത്തിന് വേണ്ടത് ജലസംഭരണി അധിഷ്ഠിതവും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശേഷിയുള്ളതുമായ വികസന നയമാണ്.
വനസംരക്ഷണം, നദികളുടെയും തോടുകളുടെയും പുനരുജ്ജീവനം, തണ്ണീർത്തടങ്ങളുടെയും നെൽവയലുകളുടെയും സംരക്ഷണം, ക്വാറി പ്രവർത്തനങ്ങളുടെ കർശന നിയന്ത്രണം, ഭൂവിനിയോഗത്തിലെ ശാസ്ത്രീയ ആസൂത്രണം, ദുരന്തപ്രതിരോധ ശേഷിയുള്ള അടിസ്ഥാനസൗകര്യ വികസനം എന്നിവ സർക്കാർ നയങ്ങളുടെ കേന്ദ്രബിന്ദുവാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ദ്ധരും ജനങ്ങളും ചേർന്നുള്ള ഏകോപിത പ്രവർത്തനമാണ് ഇതിന് അനിവാര്യം.
കൃത്യമായ മുൻകൂട്ടി അറിയിപ്പ് സംവിധാനങ്ങൾ, ശക്തമായ നീരൊഴുക്ക് സംവിധാനങ്ങൾ, സുരക്ഷിത അഭയകേന്ദ്രങ്ങൾ, ജനബോധവത്കരണം, ഫലപ്രദമായ രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയെല്ലാം മനുഷ്യനഷ്ടം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ദുരന്തനിവാരണം ദുരന്തം സംഭവിച്ച ശേഷമുള്ള പ്രവർത്തനമല്ല; അതിന് മുമ്പേ ആരംഭിക്കേണ്ട ഉത്തരവാദിത്വമാണ്.
പരിസ്ഥിതി പുനരുജ്ജീവനം
ഇന്ന് കേരളം ഒരു നിർണായക തീരുമാനത്തിന്റെ മുന്നിലാണ്. വികസനവും സംരക്ഷണവും തമ്മിലല്ല നമ്മുടെ തിരഞ്ഞെടുപ്പ്; സുസ്ഥിര വികസനവും ആവർത്തിച്ചു വരുന്ന ദുരന്തങ്ങളും തമ്മിലാണ്. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള സാമ്പത്തിക പുരോഗതി ഒടുവിൽ സാമ്പത്തിക അടിത്തറയെയും തകർക്കും. വയനാടും ഈരാറ്റുപേട്ടയും റാന്നിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളും അനുഭവിച്ച ദുരന്തങ്ങൾ തകർന്ന കെട്ടിടങ്ങൾ മാത്രം പുനർനിർമ്മിക്കാനുള്ള ആഹ്വാനമല്ല. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള സന്ദേശം കൂടിയാണ്. അടിയന്തര ഘട്ടത്തിൽ ദുരിതാശ്വാസവും പുനരധിവാസവും ആവശ്യമാണ്; എന്നാൽ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നത് പരിസ്ഥിതി പുനരുജ്ജീവനവും ശാസ്ത്രീയമായ വികസന ആസൂത്രണവുമാണ്.
ഒരു സമൂഹത്തിന്റെ യഥാർത്ഥ വികസനം അതിന്റെ കെട്ടിടങ്ങളുടെ ഉയരമോ വളർച്ചയുടെ വേഗമോ കൊണ്ടല്ല അളക്കപ്പെടുന്നത്. ജീവനെ താങ്ങിനിറുത്തുന്ന ഭൂമിയെയും പ്രകൃതിയെയും എത്രമാത്രം വിവേകത്തോടെ സംരക്ഷിക്കുന്നു എന്നതാണ് അതിന്റെ യഥാർത്ഥ മാനദണ്ഡം. വയനാടിന്റെയും ഈരാറ്റുപേട്ടയുടെയും റാന്നിയുടെയും കണ്ണീർ വെറുതെയാകരുത്. ആ ദുരന്തങ്ങളുടെ പാഠങ്ങൾ ഭാവിതലമുറകൾക്ക് സുരക്ഷിതവും ഹരിതാഭവും ദുരന്തപ്രതിരോധ ശേഷിയുള്ളതുമായ ഒരു കേരളം സൃഷ്ടിക്കാനുള്ള പ്രതിജ്ഞയായി മാറണം.
(സംസ്ഥാന മുൻ അഡിഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |