
പ്രളയം ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും പ്രതിഭാസങ്ങൾ, സ്ഥൂലതലങ്ങളിലുള്ള മേഘ ഭൗതികശാസ്ത്രം, ഭൂപ്രകൃതി, ജലശാസ്ത്രം, ഭൂവിനിയോഗം എന്നിവ ഒരു ചങ്ങലപോലെ ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന പ്രതിഭാസത്തിന്റെ ഫലമാണ്. എൽനിനോ പോലുള്ള ആഗോളസമുദ്ര, അന്തരീക്ഷ ചാക്രികപ്രക്രിയ എങ്ങനെ പ്രാദേശികമായ മേഘവിസ്ഫോടനങ്ങൾക്കും മിന്നൽ പ്രളയങ്ങളിലേക്കും നയിക്കുന്നു എന്നതിന്റെ ഭൗതിക സംവിധാനം അറിയേതുണ്ട്.
മദ്ധ്യ കിഴക്കൻ ഭൂമദ്ധ്യരേഖ പസഫിക് സമുദ്രത്തിലെ പെറു എന്ന രാജ്യത്തിന് സമീപം ഉപരിതല താപനില സാധാരണയിലും ഉയരുന്ന അവസ്ഥയാണ് എൽനിനോ. എൻസോ എന്ന വലിയ ചാക്രിക സംവിധാനത്തിന്റെ ഊഷ്മള ഘട്ടമാണ്. സാധാരണ രീതിയിൽ പസഫിക്കിലെ വാണിജ്യ കാറ്റുകൾ ഊഷ്മള ജലത്തെ പടിഞ്ഞാറോട്ടുള്ള ഇന്ത്യോനേഷ്യ ഭാഗത്തേക്ക് തള്ളിനീക്കുന്നു. എൽനിനോ കാലത്ത് ഈ കാറ്റുകൾ ദുർബലമായി ഊഷ്മള ജലം കിഴക്കൻ പസഫിക്കിലേക്ക് തിരിച്ചൊഴുകുന്നു. 2026 ഓഗസ്റ്റ്- ഒക്ടോബർ കാലയളവിൽ ഭൂമദ്ധ്യരേഖാ പസഫിക്കിലെ ശരാശരി താപനില വ്യതിയാനം ഏകദേശം 2.9 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഇവ നവംബറിൽ ഉച്ചസ്ഥായിയിൽ എത്തുമെന്നുമാണ് കരുതുന്നത്.
ഇത്തരം സമുദ്രതാപവ്യതിയാനത്തെ വാക്കർ സർക്കുലേഷൻ എന്നാണ് അറിയപ്പെടുന്നത്. ഇവ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ ഉയർന്ന മർദ്ദവും മൺസൂൺ കാറ്റുകളുടെ ദൗർബല്യവും ഉണ്ടാക്കുന്നു. ഇതുവഴി മൊത്തം മൺസൂൺ മഴ കുറയാൻ സാദ്ധ്യതയുണ്ട്. അതേസമയം ഇതൊരു വൈരുദ്ധ്യമുള്ള ഫലമാണ് നൽകുന്നത്. ആകെ മഴ കുറയുമ്പോഴും അന്തരീക്ഷ അസ്ഥിരത വർദ്ധിക്കുന്നതിനാൽ ഹ്രസ്വകാല അതി തീവ്രമഴയുടെ ആവൃത്തി കൂട്ടാനും സാദ്ധ്യതയുണ്ട്.
ഭൗതികശാസ്ത്ര തത്വമനുസരിച്ച് താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയരുമ്പോൾ അവയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവ് ഏകദേശം ഏഴുശതമാനം വർദ്ധിക്കുന്നു. ഇത് ക്ലോഷ്വസ് ക്ലാപറോൻ പ്രഭാവം എന്നറിയപ്പെടുന്നു. എൽനിനോ ആഗോളതാപനം കൂട്ടുന്നതിനാൽ ഈ തത്വപ്രകാരം അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം സംഭരിക്കപ്പെടുകയും അവ ഒരു നിശ്ചിത ട്രിഗറിനെ തുടർന്ന് ഒറ്റയടിക്ക് പുറന്തള്ളപ്പെടാനുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു. എൽനിനോയ്ക്ക് ഉപരിയായി ഇന്ത്യൻ ഓഷ്യൻ ഡൈപോൾ അഥവാ ഇന്ത്യൻ മഹാസമുദ്ര ദ്വിധ്രുവ പ്രതിഭാസം ഈ സീസണുകളിൽ രൂപപ്പെടാവുന്നതാണ്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻഭാഗം ചൂടുപിടിക്കുകയും കിഴക്കൻഭാഗം തണുക്കുകയും ചെയ്താൽ പോസിറ്റീവായും തിരിച്ചായാൽ നെഗറ്റീവായും തുല്യമായാൽ ന്യൂട്രലായും കണക്കാക്കപ്പെടുന്നു. ഈ രണ്ട് സമുദ്രഘടകങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാൽ അറബിക്കടലിൽനിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പ ഗതാഗതം ക്രമരഹിതമാവുകയും പ്രാദേശികമായി അതിതീവ്ര മഴയ്ക്കുള്ള അസംസ്കൃത ഇന്ധനം വർദ്ധിക്കുകയും ചെയ്യുന്നു.
മേഘവിസ്ഫോടനം
ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററോ അധികമോ മഴ ഏകദേശം 20-30 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനമെന്ന് പറയുന്നത്. രണ്ട് മണിക്കൂറിൽ 50 മില്ലിമീറ്ററോ അധികമോ മഴപെയ്താൽ അവയെ ലഘു മേഘവിസ്ഫോടനം എന്ന് പറയുന്നു. മേഘവിസ്ഫോടനമുൾപ്പെടെയുള്ള തുടർച്ചയായ അതി തീവ്രമഴ ഉൾപ്പെടെയാണ് മിന്നൽ പ്രളയമായി മാറുന്നത്.
ഭൂതലത്തിലെ ജല സ്വാംശീകരണ ശേഷിയുടെ പരിധി കാരണം അതിതീവ്രമഴയെ മണ്ണിന് ആഗിരണം ചെയ്യാൻ കഴിയുന്നതിനെക്കാൾ വേഗത്തിലും കൂടുതലും ഒരിടത്ത് എത്തിയാൽ അധികജലം ഉപരിതല നീരൊഴുക്കായി മാറുന്നു. തുടർച്ചയായ മഴയിൽ അണക്കെട്ടുകളിൽ ജലസംഭരണശേഷിയുടെ പരിധി ആകുമ്പോൾ സുരക്ഷ കാരണങ്ങളാൽ ഷട്ടറുകൾ തുറക്കേണ്ടി വരും. ഇവ താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയമുണ്ടാക്കും. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ മണ്ണിലെ ജലസാച്ചുറേഷൻ ഒരു നിർണായക പരിധി കഴിയുമ്പോൾ ചരിവ് സ്ഥിരത നഷ്ടപ്പെട്ട് ഉരുൾപൊട്ടൽ സംഭവിക്കാനും സാദ്ധ്യതയേറെയാണ്.
മുന്നറിയിപ്പും പ്രവചനവും
ഇന്ത്യയും കേരളവുമെല്ലാം ഉഷ്ണമേഖലാ ആർദ്ര മൺസൂൺ കാലാവസ്ഥ പ്രദേശങ്ങളിലാണ് വരുന്നത്. വനങ്ങളും കടലും പർവ്വതങ്ങളുമൊക്കെ ചേർന്ന ഭൂപ്രകൃതിയായതിനാൽ കാലാവസ്ഥ പ്രവചനത്തിനും പരിമിതിയേറെയാണ്. മുൻകാലങ്ങളിൽ സംസ്ഥാന അടിസ്ഥാനത്തിലാണ് കാലാവസ്ഥ പ്രവചനം. ഇപ്പോൾ ജില്ലാടിസ്ഥാനത്തിലേക്ക് മാറിയിട്ടുണ്ട്. അപ്പോഴും പ്രശ്നം ജില്ലകളിലെ മിതമായ മഴ അളവുകൾ വച്ച് ജില്ലയ്ക്കാകെയുള്ള പ്രവചനമാണ് നടക്കുന്നത്.
റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ അലർട്ടുകൾ ഒക്കെ വികസിപ്പിച്ചുണ്ടെങ്കിലും ജില്ലയ്ക്കാകെയാണ് മുന്നറിയിപ്പ് എന്ന പരിമിതിയുമുണ്ട്. മാത്രമല്ല പ്രവചനം സ്വിച്ചിട്ടപോലെ നടക്കുന്ന കാര്യമല്ല. സംസ്ഥാനത്ത് നിരവധി സംവിധാനങ്ങളിൽ കാലാവസ്ഥ പഠിക്കുന്നുണ്ടെങ്കിലും അവ തമ്മിൽ പലപ്പോഴും കോ-ഓർഡിനേഷനില്ല.
നാം എന്തു ചെയ്യണം
ആഗസ്റ്റ് മാസം തുടങ്ങിയിട്ടേ ഉള്ളൂ. ജൂണിൽ 66ഉം ജൂലായിൽ 30 ശതമാനവും മഴയാണ് കുറവുണ്ടായത്. അതുൾപ്പെടെയുള്ള മഴ ഒന്നിച്ചു വന്നാൽ ഗതിമാറും. കുറഞ്ഞ സ്ഥലങ്ങളിൽ ചെറിയ ഇടവേളകളിൽ വലിയ മഴയെന്നതാണ് പുതിയ രീതി. 120 ദിവസം കൊണ്ട് കിട്ടേണ്ട മഴ 30 മുതൽ 60 ദിവസം കൊണ്ട് കിട്ടിയാൽ നമുക്ക് താങ്ങാനാവില്ല. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് നാം മാറേണ്ടതുണ്ട്. സൂക്ഷ്മകാലാവസ്ഥ മാറിയതാണ് ഇനി കേരളത്തിന്റെ നോർമൽ എന്ന സത്യം എല്ലാവരും അംഗീകരിക്കണം.
ഓരോ മഴക്കാലത്തിന് മുൻപും ധാരാളം സമയം ലഭിക്കും. കൃത്യമായ മാലിന്യ സംസ്കരണം വളരെ പ്രധാനമാണ്. മഴക്കാലങ്ങൾക്കുമുൻപും ഇടവേളകളിലും എല്ലാ നീരൊഴുക്കുകളും സുഗമമായി വെള്ളം ഒഴുകുവാനായി സജ്ജമാക്കണം.
മുന്നറിയിപ്പ് സംവിധാനങ്ങൾ അടിമുടി പൊളിച്ചെഴുതണം. പ്രവചനങ്ങൾ യഥാസമയം എല്ലാവരിലും എത്താനും മുന്നൊരുക്കങ്ങൾ എടുപ്പിക്കാനുള്ള സംവിധാനവും കാര്യക്ഷമമാക്കണം.
വീട് നിർമ്മാണ സ്ഥലങ്ങൾ, രീതികൾ എന്നിവയെല്ലാം ശാസ്ത്രീയമായി മോണിറ്റർ ചെയ്യണം. മഴവെള്ള സംഭരണം, ഭൂജല പരിപോഷണം, പച്ചപ്പ് വർദ്ധിപ്പിക്കൽ, മാലിന്യസംസ്കരണം എന്നിവ എല്ലാ വീടുകൾക്കും നിർബന്ധമാക്കണം. സബ്സിഡിയും ടാക്സ് ഇളവും നൽകേണ്ടതാണ്.
പ്രാദേശിക തലങ്ങളിൽ ദുരന്ത പ്രതികരണ പ്രതിരോധസേനയ്ക്ക് രൂപം നൽകണം. യുവതീയുവാക്കളുടെ ഗ്രീൻബ്രിഗ്രേഡ് രൂപീകരിക്കണം. തദ്ദേശ സ്ഥാപനതലങ്ങളിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കണം.
സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ സംവിധാനം മുഴുവൻസമയ കമ്പ്യൂട്ടർ, എ.ഐ അധിഷ്ഠിത, ജി.ഐ.എസ് രീതിയിലേക്ക് മാറ്റണം. ഡാമുകളിലെയും നീരൊഴുക്കുകളിലെയും വേസ്റ്റും സിൽറ്റും വാരി വൃത്തിയാക്കണം.
(ജലവിഭവ വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ. ഫോൺ: 9847547881)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |