കാഠ്മണ്ഡു: അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നിൽ ഇപ്പോഴും പകച്ചുനിൽക്കുകയാണ് നേപ്പാൾ ജനത ഒന്നടങ്കം. വിനാശകരമായ മിന്നൽപ്രളയത്തിന് പിന്നാലെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹം കുന്നുകൂടി കിടക്കുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ഒറ്റ നിമിഷംകൊണ്ട് ഉറ്റവരും കിടപ്പാടവും ചവിട്ടിനിൽക്കാൻ ഒരുപിടി മണ്ണും ഇല്ലാതെ വലിച്ചെറിയപ്പെട്ട ജനതയെ എങ്ങനെ ചേർത്തുപിടിക്കണമെന്ന അങ്കലാപ്പിലാണ് സർക്കാർ.
ദുരന്തത്തിൽ ആയിരത്തിനടുത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാലായിരത്തോളം പേർ ഇപ്പോഴും കാണാമറയത്താണ്. കൂട്ടിയിട്ട മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടി നേപ്പാൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആശുപത്രികളിലെയും മോർച്ചറികളിലെയും സൗകര്യങ്ങൾ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് സംസ്കരിക്കുന്നത്.
ഭാവിയിൽ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയാണെങ്കിൽ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ച് മൃതദേഹം പുറത്തെടുത്ത് മതപരമായ ചടങ്ങുകൾക്കായി കൈമാറാനാണ് അധികൃതരുടെ തീരുമാനം. ഓരോ മൃതദേഹത്തിനും തിരിച്ചറിയൽ നമ്പർ നൽകുകയും സംസ്കരിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നേപ്പാളിലെ ചിത്വാൻ ജില്ലയിലെ ദേവ്ഘട്ട് വനമേഖലയിലാണ് നിരവധി മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. പ്രളയത്തിൽ ഒഴുകിപ്പോയ മൃതദേഹങ്ങൾ നദിയിലൂടെ കിലോമീറ്ററുകൾ അകലെവരെ എത്തിപ്പെട്ടതിനാൽ പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് കണ്ടെത്തിയത്. ചിത്വാനിൽ മാത്രം നൂറുകണക്കിന് മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞുകവിയുന്ന അവസ്ഥയാണുള്ളത്. ചിത്വാനിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ഒരേസമയം ഏകദേശം 50 മൃതദേഹങ്ങൾ മാത്രമാണ് സൂക്ഷിക്കാനുള്ള ശേഷിയുള്ളത്. എന്നാൽ അതിനേക്കാൾ നിരവധി മൃതദേഹങ്ങൾ എത്തിയതോടെ അധികൃതർ പ്രതിസന്ധിയിലായി.
മൃതദേഹങ്ങൾ ദിവസങ്ങളോളം വെള്ളത്തിലും ചെളിയിലും കിടന്നതിനാൽ അതിവേഗം അഴുകിത്തുടങ്ങിയതും പ്രശ്നം രൂക്ഷമാക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മൃതദേഹങ്ങൾ സുരക്ഷിതമായി സംരക്ഷിക്കാനാകാത്തതിനുമാണ് താൽക്കാലികമായി കൂട്ടസംസ്കാരം നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങൾ പിന്നീട് തിരിച്ചറിയാനായി ഡിഎൻഎ സാമ്പിളുകൾ, ചിത്രങ്ങൾ, വിരലടയാളങ്ങൾ, മറ്റ് തിരിച്ചറിയൽ വിവരങ്ങൾ എന്നിവ ശേകരിക്കുന്നുണ്ട്.
കാണാതായവരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് മൃതദേഹങ്ങളിൽ നിന്ന് എടുത്ത സാമ്പിളുകളുമായി താരതമ്യം ചെയ്യാനാണ് പദ്ധതി. ഡിഎൻഎ സാമ്പിളുമായി പൊരുത്തപ്പെട്ടാൽ മൃതദേഹത്തിന്റെ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് സംസ്കരിച്ച സ്ഥലം കണ്ടെത്താനും തുടർന്ന് മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾക്ക് കൈമാറാനും സാധിക്കും. ഇപ്പോഴും ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യമാണുള്ളത്. പലയിടത്തുനിന്നും അഴുകിയ ശരീരഭാഗങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തുന്നതുൾപ്പെടെ സൂക്ഷിക്കാൻ സ്ഥലമില്ലാതെ ആശങ്കയിലാണ് അധികാരികൾ. മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആയിരത്തിലധികം ഫ്രീസർ യൂണിറ്റുകൾ ആവശ്യമാണെന്ന് നേപ്പാൾ അധികൃതർ മറ്റു രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെയും ചൈനയുടെയും സംഘങ്ങളും നേപ്പാളിലെത്തിയിട്ടുണ്ട്. റാസുവ, ത്രിശൂലി മേഖലകളിലെ ജലവൈദ്യുത പദ്ധതികളിലും പ്രളയം ബാധിച്ച മറ്റ് പ്രദേശങ്ങളിലുമാണ് പ്രധാനമായും തെരച്ചിൽ തുടരുന്നത്.
Nepal faces an overwhelming crisis following devastating flash floods, with nearly a thousand dead and thousands missing. Due to overflowing morgues and rapid decomposition, the government has begun mass cremations of unidentified bodies in areas like Devghat. Authorities are collecting DNA samples and other identifiers before cremation to allow future identification and exhumation for religious rites.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |