
വന്യജീവി- മനുഷ്യ സംഘർഷം മലയോര മേഖലകളിലെ ഗൗരവമുള്ള സാമൂഹിക - പാരിസ്ഥിതിക പ്രശ്നമാണ്. കാടിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാകുമ്പോൾ മനുഷ്യ ജീവനും കൃഷിയും ഉപജീവനമാർഗങ്ങളും ഒരുപോലെ ഭീഷണിയിലാണ്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരും കൃഷിനാശത്താൽ കടക്കെണിയിലാകുന്നവരും ധാരാളം. ഇതേത്തുടർന്നാണ് മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് പുതിയ പദ്ധതികളൊരുക്കുന്നത്.
ജില്ലയിലെ മലയോര മേഖലകളുൾപ്പെടെ സംസ്ഥാനത്തെ 14 ലാൻഡ്സ്കേപ്പുകളായി തിരിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം. അതിരൂക്ഷ സംഘർഷ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ത്രിതല സ്മാർട്ട് ഫെൻസിംഗ് സംവിധാനമൊരുക്കും. നിലവിലെ സൗരോർജ വേലികൾ ഘട്ടംഘട്ടമായി സ്മാർട്ട് ഫെൻസുകളാക്കും. വനം മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ നൽകിയ മറുപടിയിലാണ് പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
മനുഷ്യ - വന്യജീവി സംഘർഷം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. ഒരു പ്രദേശത്തെ വന്യമൃഗങ്ങളുടെ സാന്നിധ്യം സമീപത്തെ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബാധിക്കാം. അതിനാൽ ഡിവിഷൻ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കപ്പുറം വിശാലമായ ഭൂപ്രദേശത്തെ കണക്കിലെടുത്തുള്ള ഇടപെടൽ അനിവാര്യമാണ്. സംസ്ഥാനത്തെ 14 ലാൻഡ്സ്കേപ്പുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള തീരുമാനം ഈ നിലയിൽ ശ്രദ്ധേയമാണ്. ഓരോ മേഖലയിലെയും വനാതിർത്തി, ജനവാസ മേഖലകളുടെ വ്യാപ്തി, വന്യമൃഗങ്ങളുടെ സഞ്ചാരപാതകൾ, സംഘർഷത്തിന്റെ തോത് എന്നിവ വിലയിരുത്തിയാകും നടപടികൾ സ്വീകരിക്കുക. എല്ലാ പ്രദേശങ്ങളിലും ഒരേ പ്രതിരോധ രീതി നടപ്പാക്കുന്നതിനുപകരം പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്.
കണ്ടെയ്ൻമെന്റ്, മിറ്റിഗേഷൻ, കോമ്പൻസേഷൻ എന്നീ മൂന്ന് തലങ്ങളിലാണ് പുതിയ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുക, പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ആക്രമണങ്ങളും കൃഷിനാശവും നേരിടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
മനുഷ്യജീവന്റെ സുരക്ഷയാണ് ഇതിൽ പ്രധാനം. വനാതിർത്തികളോട് ചേർന്നുള്ളവർക്ക് സ്വന്തം വീടുകളിലും കൃഷിയിടങ്ങളിലും സുരക്ഷിതമായി കഴിയാൻ കഴിയണം. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യത്താൽ രാത്രി പുറത്തിറങ്ങാൻ പോലും പേടിക്കുന്ന സാഹചര്യം പല പ്രദേശങ്ങളിലുമുണ്ട്. കൃഷിയിടങ്ങളിൽ വിളവെടുക്കാനാകാത്തതും കൃഷി ഉപേക്ഷിക്കേണ്ടിവരുന്നതും കർഷകരുടെ ജീവിതത്തെ ബാധിക്കുന്നു. അതിനാൽ അപകട സാദ്ധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള പ്രതിരോധ സംവിധാനങ്ങളാണ് വേണ്ടത്.
സാങ്കേതികവിദ്യയിലൂടെ പ്രതിരോധം
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ സാങ്കേതികവിദ്യയുടെ സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള നീക്കവും ശ്രദ്ധേയമാണ്. സൗരോർജ വേലികൾ ഘട്ടംഘട്ടമായി സ്മാർട്ട് ഫെൻസുകളാക്കും. ഹാംഗിംഗ് ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ആധുനികവത്കരിക്കും. അതിരൂക്ഷ സംഘർഷ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ത്രിതല സ്മാർട്ട് ഫെൻസിംഗ് സംവിധാനം നടപ്പാക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യം തത്സമയം നിരീക്ഷിക്കാനും ദൃശ്യ-ശ്രവ്യ സംവിധാനങ്ങളിലൂടെ അവയെ ഓടിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. വന്യമൃഗങ്ങളുടെ നീക്കം തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും കഴിയും. എന്നാൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഫലപ്രദമാകണമെങ്കിൽ നിരീക്ഷണ സംവിധാനങ്ങൾ തുടർച്ചയായി പ്രവർത്തിക്കണം. ലഭിക്കുന്ന മുന്നറിയിപ്പുകളിൽ സമയബന്ധിതമായ ഇടപെടലും ഉണ്ടാകണം.
വേലികൾ മാത്രം പോര
പ്രതിരോധ വേലികൾ സ്ഥാപിച്ചാൽ മാത്രം മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരമുണ്ടാകില്ല. വേലികളുടെ അറ്റകുറ്റപ്പണി, വൈദ്യുതി ലഭ്യത, നിരീക്ഷണം, തകരാറുകൾ സമയബന്ധിതമായി പരിഹരിക്കൽ എന്നിവ ഉറപ്പാക്കണം. പലപ്പോഴും പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തന രഹിതമാകുന്നതാണ് പ്രശ്നം സങ്കീർണമാക്കും. അതിനാൽ പുതിയ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പാക്കണം. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, വനത്തിലെ ഭക്ഷണ-ജലലഭ്യത, സ്വാഭാവിക സഞ്ചാരപാതകളിലെ തടസങ്ങൾ തുടങ്ങിയ ഘടകങ്ങളും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കണം. വനത്തിൽ തന്നെ വന്യമൃഗങ്ങൾക്ക് ആവശ്യമായ സാഹചര്യം ഉറപ്പാക്കണം.
ജനപങ്കാളിത്തം നിർണായകം
മലയോര ജനങ്ങളുടെ അനുഭവങ്ങളും ആശങ്കകളും പ്രതിരോധ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ ഉൾപ്പെടുത്തണം. വനാതിർത്തികളിൽ താമസിക്കുന്നവർക്കാണ് വന്യമൃഗങ്ങളുടെ സഞ്ചാരവും ആക്രമണസാദ്ധ്യതയും സംബന്ധിച്ച് നേരിട്ടറിവുള്ളത്. തദ്ദേശസ്ഥാപനങ്ങൾ, വനംവകുപ്പ്, കർഷകസംഘടനകൾ, പ്രദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ഏകോപിത പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകും. വന്യജീവി ആക്രമണങ്ങളിൽ ജീവഹാനിയോ കൃഷിനാശമോ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും ലളിതവും വേഗത്തിലാക്കണം. മനുഷ്യനും വന്യജീവിയും തമ്മിലുള്ള സംഘർഷം വനവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല. പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ സുരക്ഷ, കൃഷി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കൂട്ടായ ഇടപെടൽ ആവശ്യമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള തീരുമാനം ഈ ദിശയിലുള്ള ചുവടുവയ്പാണ്. എന്നാൽ പ്രഖ്യാപനം പ്രായോഗികമായി നടപ്പാക്കിയാൽ അതിന്റെ ഫലം മലയോര ജനതയുടെ ജീവിതത്തിൽ പ്രതിഫലിക്കും. എങ്കിലേ പദ്ധതിയുടെ ലക്ഷ്യം കൈവരിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |