SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കൊലവിളിയുമായി കാട്ടാനകൾ,​ നോക്കുകുത്തിയായി വനംവകുപ്പ്

elephant

കാട്ടാനകളുടെ സ്വന്തം നാടായി ഇടുക്കി മാറുമ്പോൾ ജീവൻ രക്ഷിക്കാൻ നാടുവിടേണ്ട ഗതികേടിലാണ് മലയോര ജനത. കാട്ടാനകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവിയാക്രമണങ്ങളിൽ ജനം കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. ഒന്നര മാസം മുമ്പാണ് ആനക്കലിയിൽ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ അമറെന്ന യുവാവിന്റെ ജീവൻ പൊലിഞ്ഞത്. ഇതടക്കം കഴിഞ്ഞ വർഷം ഏഴ് പേരാണ് ഇടുക്കിയിൽ മാത്രം കൊല്ലപ്പെട്ടത്. ആനക്കലിയിൽ പ്രിയപ്പെട്ടവരുടെ ജീവനുകൾ ഒന്നൊന്നായി നഷ്ടമാകുമ്പോഴും സർക്കാരും വനംവകുപ്പും നിസംഗത പാലിയ്ക്കുന്ന സ്ഥിതിയാണുള്ളത്. അബദ്ധത്തിൽ ഇവയുടെ മുമ്പിൽപ്പെടുന്ന നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും അതിന്റെ ഇരട്ടി വരും. നഷ്ടപരിഹാരമെന്ന് പറഞ്ഞു തുച്ഛമായ തുക ചിലർക്ക് ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ഒന്നും കിട്ടാറില്ല. മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പിന് കഴിയാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


ഇനി ഇവിടെ മനുഷ്യരില്ല

കഴിഞ്ഞയാഴ്ച കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട പെരുവന്താനം മതമ്പകൊമ്പൻപാറയിൽ ഇനി മനുഷ്യവാസമുണ്ടാകില്ല. പ്രദേശത്തെ അവസാന കുടുംബവും കഴിഞ്ഞദിവസം നാടുവിട്ടു. അവശേഷിച്ചിരുന്ന മൂന്ന് കുടുംബങ്ങളാണ് ഇവിടെ നിന്ന് താമസം മാറിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുപ്പതോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. വന്യമൃഗ ശല്യം കാരണം മറ്റ് 27 കുടുംബങ്ങളും ഇവിടെ നിന്ന് പലപ്പോഴായി താമസം മാറി. കഴിഞ്ഞ 10ന് ചെന്നാപ്പാറ നെല്ലുവിള പുത്തൻവീട്ടിൽ സോഫിയാ ഇസ്മായിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന ശേഷിച്ച മൂന്ന് കുടുംബങ്ങളും താമസം മാറുകയായിരുന്നു. കൊല്ലപ്പെട്ട സോഫിയ ഇസ്മായിലിന്റെ കുടുംബം, ഇസ്മായിലിന്റെ മാതാവ് അലീമ, ചേർക്കോട്ട് സുരേഷ് എന്നിവരാണ് മാറിയത്. ഇതോടെ പ്രദേശം മനുഷ്യരില്ലാതെ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറി. കാട്ടാന,​ കാട്ടുപന്നി, പുലി, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങൾ പ്രദേശങ്ങളിൽ എപ്പോഴും കാണും. റബ്ബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ പലപ്പോഴും ഭീതിയിലാണ് ജോലി ചെയ്യുന്നത്. വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി, ഫെൻസിംഗ്, ട്രഞ്ച് ഇവ നിർമ്മിച്ച് വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സോഫിയ ഇസ്മയിൽ ഉൾപ്പെടെ വനംമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. അന്ന് നടപടി സ്വീകരിക്കാമെന്നു മന്ത്രി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം നടപ്പാക്കിയില്ല.

കണ്ണിൽ പൊടിയിടാൻ

കോടികൾ ഒഴുക്കുന്നു

കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങുന്നത് കുറയ്ക്കാൻ ഊർജ്ജിത നടപടിയെടുക്കുമെന്നും ഇതിനായി 52 കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്നുമാണ് മൂന്നാറിൽ നടന്ന അവലോകനയോഗത്തിന് ശേഷം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്. അരുണും വൈൽഡ്‌ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദും പറഞ്ഞത്. നബാർഡ്, റീബിൽഡ് കേരള, ഇടുക്കി പാക്കേജ്, രാഷ്ട്രീയ് കൃഷി വികാസ് യോജന എന്നിവിടങ്ങളിലായി ലഭിച്ച 52 കോടിയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഇതിൽ 18 കോടി ഹൈറേഞ്ച് സർക്കിളിലെയും 34 കോടി കോട്ടയം വൈൽഡ് ലൈഫ് സർക്കിളിലെയും മനുഷ്യ വന്യജീവി സംഘർഷം പ്രതിരോധിക്കാനാണ് വിനിയോഗിക്കുക. മൂന്നാറിൽ സ്ഥിരമായി ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകളെ തുടർച്ചയായി നിരീക്ഷിക്കുന്നത് ശക്തമാക്കും. ആനയിറങ്ങിയാൽ കൃത്യമായി പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകും. മദപ്പാടുള്ള പടയപ്പ പോലെയുള്ള ആനകളെ തുടർനിരീക്ഷണം നടത്തും. ആനകളെയും മറ്റ് വന്യമൃഗങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള മാലിന്യ നിക്ഷേപം, വഴിയരികിലെ അനധികൃതമായിട്ടുള്ള ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ നിർദ്ദേശിക്കും. മൂന്നാർ കല്ലാറിൽ സ്ഥിരമായി ആനകളെത്തുന്ന പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിന് സമീപം സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത് പ്രാവർത്തികമായാൽ ആന മൂന്നാർ ടൗണിലെത്തുന്ന സാഹചര്യം ഒഴിവാകും. ജനവാസമേഖലയിൽ ആനകളിറങ്ങിയാൽ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാൽപ്പാറ മാതൃകയിൽ റോഡരികിൽ ഡിസ്‌പ്ലേ ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കും. കാട്ടാന രാത്രികളിലെത്തുന്ന ലയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ആദിവാസി കുടികൾ എന്നിവിടങ്ങളിൽ പഞ്ചായത്തുമായി ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ആനകളിറങ്ങിയാൽ പൊതുജനങ്ങൾക്ക് ഫോണിൽ മെസേജ് ലഭിക്കുന്ന എസ്.എം.എസ് അലർട്ട് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കും. മാങ്കുളത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എ.ഐ ക്യാമറ നിരീക്ഷണ സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ രൂപരേഖയുടെ കരട് തയ്യാറാക്കി വരികയാണ്. ജില്ലയിൽ നാല് സ്ഥിരം ആർ.ആർ.ടിയും (റാപ്പിഡ് റെസ്‌പോൺസ് ടീം) ഒമ്പത് താത്കാലിക ആർ.ആർ.ടിയുമാണുള്ളത്. പലപ്പോഴും ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ആനകൾ ജനവാസമേഖലയിലിറങ്ങിയാൽ ആർ.ആർ.ടി സ്ഥലത്തെത്താൻ 20- 30 മിനിട്ട് താമസമുണ്ടാകാറുണ്ട്. അതിനാൽ പ്രദേശവാസികളായ വോളന്റീയർമാരെ ഉൾപ്പെടുത്തിയുള്ള പ്രൈമറി റെസ്‌പോൺസ് ടീമിന് പരിശീലനം നൽകും. മൂന്നാറിൽ എട്ട് പ്രൈമറി റെസ്‌പോൺസ് ടീം നിലവിലുണ്ട്. ഇവ ശക്തിപ്പെടുത്തുമെന്നും ഇരുവരും പറഞ്ഞു.

മുമ്പ് പാഴായ കോടികൾ

വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 70.4 കോടി രൂപയും വന്യമൃഗശല്യം നിയന്ത്രിക്കാനും വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും 50 കോടിയും കഴിഞ്ഞ ദിവസത്തെ സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ജില്ലയിൽ 10 കോടിയിലേറെയാണ് വന്യജീവി ശല്യം നിയന്ത്രിക്കാനായി മാത്രം വനംവകുപ്പ് ചെലവഴിച്ചത്. എന്നാൽ ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമായ പല പ്രദേശങ്ങളിലും ഫെൻസിംഗ് പോലും സ്ഥാപിക്കാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനംവകുപ്പിന്റെ വാദം. എന്നാൽ വനത്തിനുള്ളിൽ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനായി വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതുകൂടാതെ പരിസ്ഥിതി പുനരുജ്ജീവനം, കാടുവെട്ട്, ഫയർ ലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ ഒന്നും ഫലപ്രദമായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION