
ജെൻസിക്കെന്താ കൊമ്പുണ്ടോ? കൊമ്പ് മാത്രമല്ല വാല്‍, തേറ്റ, കുളമ്പ്, ചിറക്, കൊക്ക്, ചെകിള, തുടങ്ങിയവയുള്ള മനുഷ്യരുമുണ്ട്, എന്തിന്, നാലുകാലിൽ നടക്കുന്നവർ വരെയുണ്ട്. എല്ലാ തലമുറയിലും അത്തരക്കാർ ഉണ്ടാകാം. ഒരു തലമുറയെ മാത്രം അങ്ങനെ അടച്ചു പറയുന്നത് ശരിയല്ല. ഇത്രയും സ്വയം പറഞ്ഞാണ് ജെൻസി( Z)ക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യം അധികം പ്രസ്സ് ചെയ്യാതെ സ്വയം തിരിച്ചെടുക്കാറുള്ളത്.
ജെൻസിക്ക് കൊമ്പില്ല. സ്വന്തം നെറ്റിയിൽ ചിഹ്നങ്ങളും ചുളിവുകളും ഇരിക്കെ ജെൻസിയുടെ നെറ്റിയിലെ കൊമ്പു നോക്കുന്നതെന്തിന് കപടഭക്തിക്കാരാ? ആദ്യം സ്വന്തം ആത്മാവിലെ ചിഹ്നം മായ്ച്ചു കളയുക. വീട്ടിലൊരു ജെൻസി ഉള്ളതുകൊണ്ടാണ് ഇത്രയും പറയാൻ തോന്നുന്നത്. വാത്സല്യത്തേക്കാൾ വജ്രമായ വികാരമെന്ത്? ഒന്നോർത്താൽ രസമാണ് അവരുടെ കാര്യങ്ങൾ. ചിലപ്പോൾ എണ്ണിയെടുക്കാനും തോന്നും.
1) മാതൃഭാഷ ഇംഗ്ലീഷായോ? മലയാളത്തോളം വഴങ്ങുമോ ഹിന്ദിയും?
2) അവിടവിടെ കീറിയ ജീൻസ്, ശരീരഭാഗങ്ങൾ പുറത്തു കാണുന്ന വേഷങ്ങൾ, കാണുന്നതും
കാണാത്തതുമായ ശരീരഭാഗങ്ങളിൽ പച്ചകുത്ത്
3) ആമ്പിള്ളാരുടെ മുടിനീട്ട്, പെമ്പിള്ളാരുടെ മുടിമുറിപ്പ്, നീണ്ടമുടിക്കാരുടെ ചുരുളിപ്പ്, ചുരുണ്ടോരുടെ സ്‌ട്രെയ്റ്റനിംഗ്
4) ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിലൊന്നും ഒരക്ഷരമില്ല, ഇമോജിയിൽപ്പോലും മിണ്ടത്തില്ല
5) ലാസ്റ്റ് സീൻ ഓണാക്കുന്ന പ്രശ്‌നമേയില്ല (ലാസ്റ്റ് സീനിൽ എവിടാരുന്നെന്ന് ഇൻസ്റ്റയിൽ പോസ്റ്റിടും, ഫോളോ ചെയ്യാൻ അനുവദിച്ചാലല്ലേ കാണാൻ പറ്റൂ)
6) കല്യാണം കഴിപ്പ് പരമാവധി ഒഴിവാക്കും, കഴിച്ചാലോ ഇറക്കാൻ പറ്റത്തില്ലേൽ പെട്ടെന്ന് തുപ്പിയേക്കും
7) കൈയും കാലും കണ്ണും പല്ലും പോലെ ഒരവയവം മാത്രമാണ് മനസ്സെന്ന് കരുതുന്നു, അതിനൊരു ഉലച്ചിൽവന്നാൽ ചുമ്മാ പോയി തെറാപ്പി എടുക്കുന്നു
8) സീരിയൽ കാണത്തില്ല, സീരിസേ കാണൂ
9) രാത്രി പരമാവധി ഉണർന്നിരിക്കും, പകൽ പരമാവധി ഉറങ്ങിയും
10) പ്രൈവസി പ്രധാനം, സ്വന്തമായി മുറിയൊക്കെ ആയതുകൊണ്ട് വാതിൽ പലപ്പോഴും ക്ലാമ്പിടും
11) വേണ്ടതിനും വേണ്ടാത്തതിനും പൊട്ടിത്തെറിച്ചെന്നു വരും
12) ഓൾഡ് ജനത്തിന്റെ രീതികളോടും മൂല്യങ്ങളോടും പലപ്പോഴും പുച്ഛംപോലുമില്ല, പിന്നെ എന്തര് എന്നോ- ഒന്നുമില്ല. അവഗണന എന്താണെന്ന് അവരോട് പഠിക്കണം. ഒരു കാര്യത്തെ അവഗണിക്കുന്നു എന്നുവച്ചാൽ അതിനെ അവഗണിച്ചെന്നു നടിച്ച് അതിനെപ്പറ്റി മാത്രം 25 മണിക്കൂറും മാഴ്കുന്നതല്ല, അവഗണിക്കുകയാണെന്നു സ്വയംപോലുമറിയാതെ മനസ്സിൽ നിന്ന് അടിവേരോടെ കളയുന്നതുപോലുമല്ല, അതവിടെയുണ്ടെന്ന് അറിയുകപോലും ചെയ്യാത്ത ജെന്യുവിന്‍, ഓർഗാനിക് അവഗണന
13) ജാതി, മത, വംശീയ ചിന്തകളെല്ലാം ഈ ഇളംമനസ്സുകളിൽ തളിരിടാതെ വരുന്നു.
എന്തിനു പറയുന്നു അണ്ണാ, എല്ലാങ്കൂടി വല്ലാത്ത ഒരു കോംബോ ഓഫർ തന്നെ. ഇനിയും വേറെ എന്തെല്ലാമുണ്ടായാലും ഇതിൽത്തന്നെ ചിലത് നമ്മുടെ തെറ്റിദ്ധാരണയായാലും ഒരു കാര്യം പറയാതെ വയ്യ- മനുഷ്യരുടെ കാര്യമല്ലേ, ഇവയോരോന്നിനും അതാതിന്റെ ഗുണദോഷങ്ങൾ കാണും. ഉദാഹരണത്തിന് ഈ ഉറക്കമിളപ്പ്. പ്രകൃതിയോട് പൊതുവേ ഉള്ള കണക്ട് വിട്ടുപിടിക്കുന്നതിന്റെ ഭാഗമായല്ല അത് സംഭവിക്കുന്നതെങ്കിലും അതുണ്ടാക്കുന്ന ദീർഘകാല ഭവിഷ്യത്തുകൾ ചെറുതാവുകയില്ല. പകലുറക്കം മുതൽ അടച്ചിരുപ്പ് വരെയും വിദേശ പഠനം മുതൽ ലാസ്റ്റ് സീൻ ഓഫാക്കൽവരെയുമുള്ളതെല്ലാം ഒരൊറ്റ സംഗതിയുടെ ബഹിർസ്ഫുരണമാണെന്ന് മനസ്സിലാക്കലാണ് പ്രധാനം. അതായത് ഓൾഡ് ജനത്തെ കട്ടോഫ് ചെയ്യാനുള്ള മാർഗങ്ങൾ. അവർക്ക് നിങ്ങളോട് ഒന്നും പറയാനുമില്ല, നിങ്ങളിൽ നിന്ന് ഒന്നും കേൾക്കാനുമില്ല.
ഈ ന്യൂജനം എങ്ങനെ കല്ലാണീ നെഞ്ചിലെന്ന് വർഷങ്ങൾക്കുശേഷം വീണ്ടും നമ്മളെക്കൊണ്ട് പാടിപ്പിക്കുന്നവരായി? എക്കാലത്തുമുള്ള ജനറേഷൻ ഗ്യാപ്പ് ഇപ്പോൾമാത്രമിങ്ങനെ എങ്ങനെ ആഴവും വീതിയും കൂടിയതായി?അതിനുള്ള ഉത്തരങ്ങൾ ഇന്റർനെറ്റ് മുതൽ ഇറച്ചിക്കോഴി വരെ നീണ്ടു കിടക്കുന്നു. രണ്ടും ഏതാണ്ട് ഒരേകാലത്താണ് വന്നത് എന്നതും ശ്രദ്ധിക്കണം, ഏതാണ്ട് രണ്ടായിരാമാണ്ടിന്റെ തുടക്കം മുതൽ. അല്ല, ഹോർമോൺ കുത്തിവച്ച ചിക്കൻ, നാലാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ ഋതുമതിയാകുന്ന പെൺകുട്ടികൾ... അതൊന്നുമല്ല പറയാൻ വന്നത്. ഹോർമോണൊന്നുമല്ല വിഷയം, വിഷയം പ്രോട്ടീൻ തന്നെയാണ്.
പണ്ടെല്ലാം എന്താരുന്നു സ്ഥിതി- വല്ലപ്പോഴും ഏതെങ്കിലും അതിഥികൾ വരുമ്പോഴാണ് മൂത്തു മുരച്ചു നിൽക്കുന്ന പൂവനെ കശാപ്പു ചെയ്യുന്നത്. പിന്നെ അത് ഉരുളക്കിഴങ്ങോ ഏത്തക്കായയോ ചേർത്ത് നീട്ടിവയ്ക്കും. എല്ലാവർക്കും വിളമ്പിക്കഴിയുമ്പോൾ വയ്ക്കുന്നവർക്കിത്തിരി ചാറെങ്കിലും കിട്ടിയാലായി. അതാണോ അമ്പിളിമാമനു പകരം യൂട്യൂബ് നോക്കി മാമുണ്ണുന്ന, കുഞ്ഞുന്നാളിലേ ചിക്കൻ കഴിച്ചു വളരുന്ന ന്യൂജനത്തിന്റെ കാര്യം. (ബൈ ദ ബൈ, നമ്മുടെ നോവൽ സാഹിത്യത്തിലൊക്കെ ഇത്രമാത്രം ഇപ്പോഴത്തെയീ നവോത്ഥാനം വരാനും ഇരുപത്തഞ്ചു വർഷത്തെ ഇറച്ചിക്കോഴി തീറ്റയ്ക്ക് പങ്കുണ്ട്. സ്റ്റാമിന വന്നൂ സാറേ, സ്റ്റാമിന വന്നു. യൂറോപ്യൻസും സൗത്തമേരിക്കൻസും മാത്രം പ്രധാനമായും കളിച്ചിരുന്ന വേൾഡ് കപ്പ് ഫുട്‌ബാളൊക്കെ ഇന്ത്യക്കാരും കളിക്കാൻ പോണു, ഇല്ലേ സാറ് കണ്ടോ).
വിപ്ലവങ്ങൾ രണ്ടു തരമുണ്ട്- വലിയ ഒച്ചപ്പാടോടെ, വാർത്താഘോഷങ്ങളോടെ, ചത്തും കൊന്നും വരുന്ന വിപ്ലവങ്ങൾ. അതല്ലാതെ ഉമിത്തീപോലെപ്പോലും നീറാതെ, ആരോരുമറിയാതെയും നിശ്ശബ്ദമായും കാലക്രമേണ വരുന്ന വിപ്ലവങ്ങളുമുണ്ട്. മേൽപ്പറഞ്ഞ വിപ്ലവം രണ്ടാമത് പറഞ്ഞ സൈസിൽപ്പെടും. തീർത്തും ലൈഫ് ചേഞ്ചിംഗായ (ഭൂമിയുടെ ലൈഫ് ചേഞ്ചിംഗായ) വിപ്ലവം. കുഞ്ഞുങ്ങളോടും പെണ്ണുങ്ങളോടും വയോജനങ്ങളോടും പ്രകൃതിയോടുമെല്ലാം അവർക്ക് കൂടുതൽ കനിവുണ്ട്.
സ്വന്തം തലമുറയോട് കഴിച്ചോ എന്നാണ് ഒരു ദിവസത്തിൽ രണ്ടു വട്ടമെങ്കിലും അവർ മെസേജയക്കുന്നത്. അത് അവരുടെ കരുതൽ മാത്രമാണെന്ന് സ്തുതിക്കണ്ട. മൂന്നു നേരവും കഴിക്കാൻ വല്ലതുമൊക്കെ ഉള്ള ഒരു തലമുറയായതുകൊണ്ടാണ് അവർക്കങ്ങനെ ചോദിക്കാൻ തോന്നുന്നത്. അതെ, പൊതുവിലുള്ള സാമ്പത്തിക പുരോഗതിയുടെ സന്തതികൾ കൂടിയാണ് ന്യൂജനം. അവർക്ക് തൊട്ടു മുൻപുള്ള തലമുറയുടെയെങ്കിലും ഒരുപാട് ത്യാഗങ്ങളുടെ ഗുണഫലങ്ങൾ. ആ അർത്ഥത്തിൽ അവരുടെ സൃഷ്ടികൾ തന്നെ എന്നും പറയാം. അവർക്ക് കൊമ്പില്ലാതായത് അവരുടെ അപ്പനമ്മമാർക്ക് കൊമ്പില്ലാതിരുന്നതുകൊണ്ടു കൂടിയാണ്.
എന്നാലും അവരിൽ നിന്ന് നമ്മൾ എന്തെല്ലാം പഠിക്കുന്നു? നമ്മളാണ് ഭാഗ്യം ചെയ്ത തലമുറ. മുൻതലമുറയും പിൻതലമുറയും നമ്മളെ ശട്ടം പഠിപ്പിക്കുന്നു. കെട്ടിയോ എന്നു ചോദിക്കാൻ പാടില്ല, കുട്ടിയായോ എന്നു ചോദിക്കാൻ പാടില്ല, തടി, മെലിവ്, തൊലിനിറ വിധികൾ പാടില്ല... അങ്ങനെ എന്തെല്ലാം. ആ അർത്ഥത്തിൽ അവരുടെ സൃഷ്ടികളാണ് കുറേയൊക്കെ നമ്മളും. അതെ, കടം വീടി. ഓൾഡ് ഏജ് ഹോമിൽ കേറ്റും മുമ്പു തന്നെ അവർ കടം വീട്ടി. സന്തോഷം.
(പ്രശസ്ത കവിയും എഴുത്തുകാരനുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |