
ഒരു ഓണക്കാലം കൂടി പടിവാതിക്കലെത്തുമ്പോൾ, പാലക്കാട് പെരുവെമ്പിലെ കല്ലൻചിറ എന്ന കൊച്ചുഗ്രാമത്തിൽ തറികളുടെ താളത്തിനൊപ്പം മനുഷ്യരുടെ പ്രതീക്ഷകളും ഉണരുകയാണ്. തലമുറകൾക്ക് മുൻപ് മൈസൂരിൽ നിന്ന് ഇവിടെ കുടിയേറിപ്പാർത്ത ഒരു കൂട്ടം നെയ്ത്തു തൊഴിലാളികളുടെ പിൻമുറക്കാരാണ് ഇവിടുള്ളവർ. കൈത്തറി മേഖലയുടെ വാർഷിക കച്ചവടത്തിന്റെ 75 ശതമാനവും നടക്കുന്നത് ഈയൊരു ഓണക്കാലത്താണ്. അതുകൊണ്ട്, വിഷു കഴിഞ്ഞാൽ പെരുവെമ്പിലെ തറികൾക്ക് വിശ്രമമില്ല. മാസങ്ങൾ നീളുന്ന കഠിനാദ്ധ്വാനം, വിരലുകളിലൂടെ പാഞ്ഞുപോകുന്ന നൂലിഴകൾ... ഓരോ തുണിയിലും അവർ നെയ്യുന്നത് കുടുംബത്തിന്റെ നാളത്തെ ഉപജീവനമാണ്.
ഓണക്കാലം വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെയും സുവർണ കാലമാണ്. പക്ഷേ സ്വപ്നങ്ങളുടെ നൂലിഴ പിരിച്ച് നിറമുള്ള ജീവിതം നെയ്‌തെടുത്തിരുന്ന സംസ്ഥാനത്തെ നെയ്ത്തുശാലകൾ ഇന്ന് ഏറെക്കുറെ താളം നിലച്ച് നിശബ്ദ കൂടാരങ്ങളായി. വാർഷിക കച്ചവടത്തിന്റെ 75 ശതമാനം നടക്കേണ്ട ഓണ വിപണിയിലാണ് ഇവരുടെ സകല പ്രതീക്ഷകളും.
നെയ്തൊരുക്കുന്ന പ്രതീക്ഷ
പല കാരണങ്ങളാൽ ഇഴയടുപ്പം നഷ്ടപ്പെട്ട കൈത്തറി വ്യവസായത്തെ തിരികെ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ഇവർ. ഓണത്തിനായുള്ള ഒരുക്കം നാല് മാസം മുമ്പേ ആരംഭിക്കും. മറ്റെല്ലാ ആഘോഷങ്ങളെയും അപേക്ഷിച്ച് ഓണത്തിനാണ് കൂടുതൽ വിൽപ്പന. അതുകൊണ്ട് മുന്നൊരുക്കം വിഷു സീസൺ കഴിയുന്നതോടെ ആരംഭിക്കും.
സർക്കാർ ഒരുക്കുന്ന വിലക്കിഴിവും ഉണ്ടാകും. നൂറ് രൂപയ്ക്ക് ലഭിക്കുന്ന തുണിത്തരങ്ങൾ ആ സമയത്ത് എൺപത് രൂപയ്ക്ക് വരെ ലഭിക്കും. വിഷുവിന് സാധാരണ ഒമ്പത് ദിവസമാണ് കിഴിവെങ്കിൽ ഓണക്കാലത്ത് അത് 22 ദിവസമാവും. അതുകൊണ്ട് ഓണത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുകയാണ് പെരുമ്പ് ഗ്രാമവും ആർട് ഹബ്ബും. ഓരോ സീസണിലും ട്രെൻഡ് മാറി വരുന്നതിനാൽ ഓണം സീസണിൽ കൈത്തറി മേഖലയിലെ തുണിത്തരങ്ങളുടെ രൂപകൽപ്പന സംബന്ധിച്ച തീരുമാനം വളരെ സൂക്ഷ്മമാാണ് നിർണയിക്കുന്നത്. കളറിന്റെ കാര്യത്തിലും ഡിസൈനിന്റെ കാര്യത്തിലും ആ സൂക്ഷ്മതയുണ്ടാകും. നിലവിൽ പഴമയും പുതുമയും കൈകോർക്കുന്ന ഡിസൈനുകൾക്കാണ് പ്രിയമേറെ. പരമ്പരാഗത ഡിസൈനുകൾ പുനരാവിഷ്‌കരിച്ച് പുതുതായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഓണക്കാലമാണ് കൈത്തറിയുടെ പ്രധാന സീസൺ. 75% വിൽപനയും ഇക്കാലത്താണ്.
തമിഴ്നാട്ടിൽ നിന്നും സൂറത്തിൽ നിന്നുമെത്തുന്ന പവർലൂം ഉത്പന്നങ്ങൾ ഈ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്. കൈത്തറി സാരികൾക്ക് 2,000 രൂപ മുതൽ വില വരുമ്പോൾ 200 രൂപ മുതൽ ലഭ്യമാകുന്ന പവർലൂം സാരികൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. കൈത്തറിയുടെ മൂല്യം തിരിച്ചറിയുന്ന ഉപയോക്താക്കളെ സൃഷ്ടിച്ചും പുതിയ സാദ്ധ്യത കണ്ടെത്തിയുമാണ് കൈത്തറി രംഗം വളരേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
പ്രതീക്ഷയുടെ ഇഴകൾ നെയ്യുമ്പോൾ
പൈതൃക കലാഗ്രാമങ്ങളിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ മത്സരിക്കാനുള്ള ഗുണമേന്മയും ആകർഷകത്വവും കൈവരുത്തുകയെന്നതാണ് സർക്കാർ നടപ്പാക്കുന്ന സർഗാലയ പദ്ധതിയുടെ പ്രധാനലക്ഷ്യം. അതത് ഗ്രാമങ്ങളിൽ പരമ്പരാഗത തൊഴിലാളികളെ ചേർത്ത് സ്വാശ്രയസംഘം രൂപീകരിച്ചശേഷം ഇവർക്ക് സഹായം നൽകും. ഇവരുടെ മികച്ച ഉത്പന്നങ്ങൾക്ക് നല്ല വില ഉറപ്പാക്കുന്ന ധാരാളം വിപണികൾ സൃഷ്ടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഉത്പാദന കേന്ദ്രങ്ങൾ സാങ്കേതികമായി നവീകരിക്കാനുള്ള ശ്രമങ്ങളും അനുബന്ധമായുണ്ട്. സെറ്റ് സാരി, ഡബിൾ മുണ്ട്, സെറ്റ് മുണ്ട്, കുട്ടികളുടെ മുണ്ട്, സിൽക്ക് സാരി, ലിനൻ സാരി, ലിനൻ ഷർട്ട്, കോട്ടൺ ഷർട്ട് എന്നിവ ഉൾപ്പെടെ ഇവിടെ ഒരുക്കുന്നു. ഇവിടെ നെയ്ത സാരികൾ 'വിന്നിംഗ് ലീപ്' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് സർഗാലയയിൽ പ്രദർശനത്തിന് വച്ചിരുന്നു. ഇതിന് നല്ല സ്വീകാര്യത ലഭിച്ചെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
കണ്ണൂരിലെ നാഷണൽ ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്നാണ് നൂല് വാങ്ങുക. ഈ നൂല് വേവിച്ച് ബോബിൻ ചുറ്റി, വാർപ്പിംഗ് യന്ത്രത്തിലിട്ടാണ് പാവാക്കുന്നത്. പിന്നീട് പശയിട്ട് അച്ചിൽ കൂട്ടിച്ചേർക്കും. 22 മീറ്ററുള്ള ഇതിനെ നിവർത്തി ഇരട്ടി നീളത്തിലാക്കി പുറത്തുവച്ച് മടുപ്പു ചുറ്റും. പിന്നീടത് റോളിൽ ചുറ്റി തറിയിലേക്ക് കയറ്റും വരെയുള്ള നെയ്ത്തിന്റെ പരമ്പരാഗത രീതിയാണിവിടെയുള്ളത്. ഇങ്ങനെ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളുടെ നിലവാരം കൂടും.
കൂട്ടായ്മ അനിവാര്യം
പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലവസരം സൃഷ്ടിക്കുന്ന കാര്യത്തിൽ കയർ മേഖല കഴിഞ്ഞാൽ രണ്ടാം സ്ഥാനം കൈത്തറിക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖലയിലെ ഭൂരിഭാഗം തറികളും സഹകരണ മേഖലയിലാണുള്ളത്. ബാക്കി വ്യവസായ സംരംഭകരുടെ കൈകളിലും. വ്യാവസായിക മാതൃകയിലും കുടിൽ മാതൃകയിലുമുള്ള സംഘങ്ങൾ ഉൾക്കൊള്ളുന്നതാണ് സഹകരണ മേഖല. നിലവിൽ കൈത്തറി മേഖല വലിയ പ്രതിസന്ധിയിലാണ്. തൊഴിലാളികൾ ഉപജീവനത്തിനായി മറ്റ് തൊഴിൽ തേടിപ്പോകുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ പരമ്പരാഗത തൊഴിൽ എന്ന നിലയിൽ കൈത്തറി മേഖലയുടെ നിലനിൽപ്പിന് റൂറൽ ആർട്ട് ഹബ് നൽകുന്ന സേവനം മാതൃകാപരമാണ്. ചെറിയ വീടുകളിൽ നെയ്ത്തിനുള്ള തറി സ്ഥാപിക്കാൻ ഇടമില്ല. മാത്രമല്ല, പണ്ടത്തെപ്പോലെ വീടുകളിൽ സഹായിക്കാനും ആളില്ല. ആർട്ട് ഹബ്ബിലാകുമ്പോൾ കൂട്ടായ്മയിലൂടെ വസ്ത്രം നെയ്‌തെടുക്കാം. ജോലിക്ക് പോകും പോലെ പോയി വന്നാൽ മതി. വിൽപ്പനയുടെ കാര്യത്തിലും ആശങ്ക വേണ്ട. സ്ഥിരം വരുമാനവും ലഭിക്കും. കൈത്തറി മേഖലയ്ക്ക് റൂറൽ ആർട് ഹബ്ബിലൂടെ നല്ല കാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |