
അറേബ്യൻ ഭക്ഷണങ്ങളും വിദേശഭക്ഷണങ്ങളുമെല്ലാം നമ്മുടെ വീട്ടിലെ അടുക്കളയെയും ഹോട്ടലുകളെയും വീടുകളിലെ അടുക്കളകളെയും പിടിച്ചടക്കിയിട്ട് ഏതാനും വർഷങ്ങളായി. അൽഫാമും കുഴിമന്തിയും മയോണെെസും ഷവർമ്മയും ബർഗറും പിസയുമെല്ലാം പല രൂപത്തിലും നിറത്തിലും രുചികളിലും തീൻമേശകളിൽ നിറയുന്നു. രുചിയ്ക്കപ്പുറം അവയിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ആരും ശ്രദ്ധിക്കാറില്ല. ഇത്തരം ഭക്ഷണങ്ങൾ കഴിച്ച്, പ്രത്യേകിച്ച് ന്യൂജെൻ സംഘത്തിന്റെ സ്വാദുമുകുളങ്ങൾ പരുവപ്പെട്ടിരിക്കുന്നു. മറ്റൊരു രുചികളും അവർക്കു വേണ്ട. പഴയ തലമുറകൾ കഴിച്ചിരുന്ന നാടൻ വിഭവങ്ങളുടെ മഹിമയെക്കുറിച്ച് പറഞ്ഞാൽ തന്തവെെബ് എന്നും മറ്റും പറഞ്ഞ് ട്രോളും. കാലത്തിനൊത്ത് ഭക്ഷണശീലങ്ങൾ മാറുമ്പോൾ, നമ്മുടെ ആരോഗ്യം എത്രകണ്ട് അപകടത്തിലാവുന്നുവെന്ന് ചിന്തിക്കുന്നത് ഗുരുതരമായ രോഗങ്ങൾ വരുമ്പോൾ മാത്രമാണ്. അപ്പോഴേയ്ക്കും ഒരു തിരിച്ചുവരവിനുളള സമയവുമുണ്ടാകില്ല. ചക്കയും മാങ്ങയും കിഴങ്ങുവർഗങ്ങളും ഇലക്കറികളും പച്ചക്കറികളുമെല്ലാം അടങ്ങുന്ന സന്തുലിതമായ ഭക്ഷണക്രമമുണ്ടായിരുന്നു നമുക്ക്. മഴക്കാലത്തും വേനൽക്കാലത്തും മഞ്ഞുകാലത്തുമെല്ലാം കഴിക്കേണ്ട ഭക്ഷണങ്ങളുണ്ടായിരുന്നു. അതെല്ലാം കുഴിച്ചുമൂടിയാണ് പുതിയകാലത്തിന്റെ രുചികളിലേക്ക് നമ്മൾ വീണുപാേയത്. മയോണെെസും ഷവർമ്മയുമെല്ലാം കഴിച്ച് ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ വായിച്ചിട്ടും ന്യൂജെൻ തലമുറയുടെ ഭക്ഷണ രീതിയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
ഇതാ നാടൻവരാലിന്റെ വിജയഗാഥ
ഇതൊരു നാടൻവരാലുകളുടെ വിജയഗാഥയാണ്. എം.എ ഇംഗ്ളീഷ് സാഹിത്യം പഠിച്ച് പി.എച്ച്.ഡിയ്ക്ക് ഒരുങ്ങുന്ന ഷെെമയുടെ ഒരു കെെയിൽ പുസ്തകങ്ങളാണെങ്കിൽ മറുകെെയിലുളളത് നാടൻവരാലുകളാണ്. നിരവധി കിളികളും നാടൻവരാൽ മീനുകളും നിറഞ്ഞ കോൾപ്പാടത്തിന്റെ ഓരത്ത് പ്രകൃതിവിഭവങ്ങളുളള കട 'കിളിപ്പാടം' തുടങ്ങി സംരംഭകയാവുകയായിരുന്നു ഷെെമ.നാടൻവരാലാണ് കടയിലെ താരം. വരാൽ മാങ്ങാകറി, വരാൽ എരിവുകറി, വരാൽ പൊരിച്ചത്, വരാൽ തലക്കറി... ന്യജെനും പഴമക്കാരുമെല്ലാം മറ്റു ജില്ലകളിൽ നിന്നു പോലും ഇവിടെയെത്തുന്നു. വിദേശത്ത് നിന്ന് നാട്ടിലെത്തി പാടശേഖര സെക്രട്ടറിയായ ഭർത്താവ് ഫൈസലാണ് മുഖ്യ സഹായി. പഠനത്തോടൊപ്പം ഷെെമയ്ക്കും മക്കൾക്കും നാടൻ വരാലിനോടും ഭക്ഷണമൊരുക്കുന്നതിലുമുളള താൽപര്യം കണ്ടപ്പോൾ ഒപ്പം നിന്നു. ദിവസം പത്തുകിലോഗ്രാം നാടൻ വരാലെങ്കിലും വിഭവമായി മാറും. കി.ഗ്രാമിന് അഞ്ഞൂറ് രൂപയിലേറെ നാടൻ വരാലിന് വിലയുണ്ട്. വരാൽകറികൾ വെെറലായതോടെ ഷെെമയുടെ ജീവിതവും പച്ചപിടിച്ചു. മുൻമന്ത്രി തോമസ് ഐസക് കിളിപ്പാടത്തെത്തി ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയതോടെയാണ് കിളിപ്പാടം വെെറലായത്. എ.സി. മൊയ്തീൻ എം.എൽ.എ ഈ പാടത്തെ ടൂറിസം പ്രൊജക്ട് ആക്കി നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു.
രുചികരം, പോഷകഗുണങ്ങളുമേറെ
ഏറെ രുചികരമായതിനാൽ ആവശ്യക്കാരേറെയുണ്ട്. പോഷകഗുണങ്ങളും ഏറെ. മുറിവുകൂടാൻ ഗർഭിണികൾ പണ്ട് ഉപയോഗിച്ചിരുന്നു. ശരീരത്തിലെ ക്ഷതങ്ങൾ കുറയ്ക്കുമെന്നും ആസ്തമ ശമിപ്പിക്കുമെന്നും പറയുന്നു. ടാങ്കിൽ വളർത്തുന്നവയേക്കാൾ മികച്ചത് പാടത്ത് വളരുന്നവയാണ്. മറ്റ് മത്സ്യങ്ങളെ പിടിച്ചു തിന്നുന്ന വരാലുകൾക്ക് നാൽപത് ശതമാനം പ്രോട്ടീനുളള തീറ്റ വേണം.പോഷകങ്ങളും ഔഷധഗുണങ്ങളും ഉളളതിനാൽ വരാൽ കുഞ്ഞുങ്ങളെ ലഭ്യമാക്കി സംരക്ഷണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അക്വാകൾച്ചർ വിദഗ്ധനും കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് രജിസ്ട്രാറുമായ ഡോ. ദിനേശ് കൈപ്പിള്ളി പറയുന്നു. കുന്നംകുളം കിഴൂർ വെട്ടിക്കടവ് പാലം കഴിഞ്ഞ് പഴഞ്ഞിയിലേക്കുള്ള റോഡിലാണ് ഭക്ഷണശാല. വരാൽ കറികൾ ഓർഡർ അനുസരിച്ച് കുന്നംകുളത്ത് എവിടെയും എത്തിക്കും, വണ്ടിക്കൂലി കൊടുത്താൽ മതിയാകും. കിളിപ്പാടത്ത് വന്നാൽ മീനും തിന്നാം, കിളികളെയും കാണാം. കോൾപ്പാടത്തിന്റെ വരമ്പത്തിരുന്ന് കണ്ണെത്താത്ത പച്ചപ്പും കാണാമെന്നാണ്
മുൻമന്ത്രി ഡോ.താേമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹം ഇവിടെയെത്തി റാഗി അടകൾ കഴിച്ചാണ് മടങ്ങിയത്.
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം
മൂന്നാറും ഊട്ടിയുമെല്ലാം വിനോദസഞ്ചാരികളുടെ ബാഹുല്യം കൊണ്ട് നിറഞ്ഞു കവിയുമ്പോൾ ഇനി നാടൻ രുചികൾ നിറഞ്ഞ ഗ്രാമാന്തരങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്കുളള സഞ്ചാരികളുടെ ഒഴുക്കാണ് കൂടേണ്ടത്.
വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ ഗ്രാമീണ ടൂറിസം പദ്ധതി പ്രവർത്തനങ്ങളുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങിയിരുന്നു. ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധാരണക്കാരുടെ വരുമാന വർദ്ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ടൂറിസം, തദ്ദേശവകുപ്പുകൾ നേതൃത്വം നൽകുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങളെ ടൂറിസത്തിന്റെ പ്രധാന ആതിഥേയരാക്കി ഓരോ പ്രദേശത്തെയും വിനോദകേന്ദ്രങ്ങളുടെ വികസനവും ഏറ്റെടുത്ത് ടൂറിസം സാദ്ധ്യതകൾ സംബന്ധിച്ചുള്ള പദ്ധതിരേഖകൾ ടൂറിസം വകുപ്പിലേക്ക് നൽകിയിരുന്നതുമാണ്. ഗ്രാമീണ ടൂറിസത്തിനായി പഞ്ചായത്തുകൾ പ്രത്യേക ഫണ്ടും വകയിരുത്തുന്നുണ്ട്. ആൾത്തിരക്കേറുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തദ്ദേശീയമായ കേന്ദ്രങ്ങളും സജീവമാകുമ്പോൾ നാടൻ രുചികൾ മാത്രമല്ല തദ്ദേശീയമായ സമ്പദ് വ്യവസ്ഥയും ഉഷാറാകും. ചരിത്രസ്മാരകങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളും പുരാതന ദേവാലയങ്ങളുമെല്ലാം കോർത്തിണക്കിയുളള വിനോദസഞ്ചാര പദ്ധതികൾ ഇനിയും വേണം. പഞ്ചായത്തുകൾക്ക് വിവിധ പദ്ധതികൾ നടപ്പാക്കാൻ എൻ.ഒ.സി ലഭ്യമാക്കാനും ടൂറിസം സംബന്ധിച്ച പദ്ധതികളും വിദഗ്ദ്ധ ഉപദേശങ്ങളും നൽകാനും ഡി.ടി.പി.സി സജീവമായി രംഗത്തുണ്ടായിരുന്നു. തൃശൂർ പള്ളിപ്പുറം ആലപ്പാട് റൂട്ടിലുള്ള പുള്ളിലെ ജലാശയം കൊവിഡ് കാലത്ത് ഉണർന്ന ഇടമായിരുന്നു. പൂവിട്ട് നിറഞ്ഞ് നിൽക്കുന്ന താമര - ആമ്പൽ കാഴ്ചയാണ് കാഴ്ചക്കാർക്ക് ഇവിടെ കൗതുകം ജനിപ്പിക്കുന്നത്. നാട്ടു ഭംഗി നിറഞ്ഞ പുള്ളിലെ രാവിലെയും വൈകിട്ടുമുള്ള കാഴ്ചകളാണ് ഏറെ ഹൃദ്യം. പണം മുടക്കിയാൽ വഞ്ചിയിൽ മണിക്കൂറുകൾ പുള്ളിലെ പാടശേഖരത്തിലൂടെ സഞ്ചരിക്കാം. വർണത്താമരകളെ തൊട്ടറിയുകയും സ്വന്തമാക്കുകയും ചെയ്യാം. നാടൻ പച്ചക്കറികളും മീനുകളുമെല്ലാം ഇവിടേയുമുണ്ട്. അതെ, വിനോദസഞ്ചാരത്തിലൂടെ നാടൻ വിഭവങ്ങളും ന്യൂജെൻ തൊട്ടറിയട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |