
മാർച്ച് പകുതി പിന്നിട്ടപ്പോഴേക്കും അതികഠിന ചൂടിൽ സംസ്ഥാനമൊന്നാകെ വിയർക്കുകയാണ്. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചികയും അപകടകരമായി ഉയരുന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ അറിയിപ്പ്.ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇടുക്കിയിൽ മൂന്നാറിലും,പാലക്കാട് തൃത്താലയിലും മലപ്പുറത്ത് പൊന്നാനിയിലുമായിരുന്നു ഉയർന്ന അൾട്രാവയലറ്റ് സൂചിക. കാസർഗോഡ് ചീമേനിയിൽ 92കാരൻ സൂര്യാഘാതമേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. പുറത്തിറങ്ങിയ സമയത്ത് മുണ്ട് മാത്രമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വെയിലേറ്റ് വീണതാണോ വീണതിന് ശേഷം പൊള്ളലുണ്ടായതാണോ എന്ന് വ്യക്തമായട്ടില്ല.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ്. വൃത്തിക്കുറവ് മൂലമുള്ള അസുഖങ്ങളും വേനൽക്കാലത്ത് ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മഞ്ഞപ്പിത്തം, വയറിളക്കം, ചൂടുകുരു, ഭക്ഷ്യവിഷബാധ, ചിക്കൻപോക്സ്, ടൈഫോയ്ഡ്, ഫംഗസ് എന്നിവ വേഗം പിടിപെടാം. പുറത്തിറങ്ങിയാൽ സൂര്യതപമേൽക്കാനുള്ള സാദ്ധ്യതയുമേറെ.
ആശങ്കയിൽ കർഷകരും
വേനൽ കടുത്തതോടെ വിളകൾ നാശ ഭീതിയിലാണ് കർഷകർ. വരൾച്ച കാലത്ത് വിള ഇൻഷ്വറൻസ് പദ്ധതിയിൽ എല്ലാ കർഷകർക്കും ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൃഷി ഭവനുകൾ തോറും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. ചൂട് കനത്തതോടെ പശുക്കളുടെ പാൽ ഉല്പാദനം കുറഞ്ഞതിന്റെ ആശങ്കയിലാണ് ക്ഷീര കർഷകർ. പാലുത്പാദനം കുറഞ്ഞാലും പശുക്കളുടെയും മറ്റ് അരുമ മൃഗങ്ങളുടെയും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചൂട് കൂടിയതോടെ മലയോര മേഖലകളിൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനാൽ പലരും ഭീതിയിലാണ്. വേനൽ കടുക്കുമ്പോൾ വനത്തിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത കുറയുന്നതിനെ തുടർന്നാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണം. ചില വനമേഖലകളിൽ കുളം കുഴിച്ച് വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്ന സ്ഥിതിയുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങൾ
ചൂടിനെ പ്രതിരോധിക്കാൻ ദാഹമില്ലെങ്കിൽ പോലും പരമാവധി ശുദ്ധജലം കുടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ ആ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലെ മത്സ്യത്തൊഴിലാളികൾ, ഇരുചക്രവാഹന യാത്രക്കാർ, വിനോദസഞ്ചാരികൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ശരീരത്തിലെ ജലാശം നിലനിറുത്തുന്നതിന് പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തം വർദ്ധിക്കാനും വ്യാപിക്കാനുമുള്ള സാദ്ധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പുലർത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയും ക്ലാസ് മുറികളിൽ വായുസഞ്ചാരം ലഭ്യമാക്കുകയും വേണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റ് വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗത്തിലുള്ളവർ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പകൽ 10മണി മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കണം. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |