
കഴിഞ്ഞവർഷം തൃശൂർ പൂരം ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. വിവാദങ്ങളും കോലാഹലങ്ങളും മാസങ്ങളോളം കത്തിക്കയറി. വീഴ്ച ആരുടെ ഭാഗത്താണെന്ന് കണ്ടെത്തണമെന്ന് ഹെെക്കോടതിയും ആവശ്യപ്പെട്ടു. മേയ് ആറിനാണ് തൃശൂർ പൂരം. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു. സർക്കാരും ജില്ലാ ഭരണകൂടവും പൊലീസും ജനപ്രതിനിധികളും ദേവസ്വങ്ങളുമെല്ലാം തയ്യാറെടുത്തു കഴിഞ്ഞു. പക്ഷേ, ഒരുവശത്ത് പൂരം കലക്കലിനെ ചൊല്ലിയുളള അന്വേഷണങ്ങൾ തുടരുകയാണ്. ഡി.ജി.പിയുടെ നേതൃത്വത്തിലും എ.ഡി.ജി.പി അജിത്കുമാറിന്റെ നേതൃത്വത്തിലും അന്വേഷണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ത്രിതല അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി മുൻമന്ത്രിയും തൃശൂരിലെ സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽകുമാറിന്റെയുൾപ്പെടെ മൊഴി വീണ്ടുമെടുത്തിരുന്നു. ദുരൂഹതകളെല്ലാം പൊലീസിനു നേരെ തിരിഞ്ഞതിനെ തുടർന്നാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അതിനിടെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഈ മാസം ആദ്യദിവസം തന്നെ ഒരുക്കങ്ങൾ തിരുവനന്തപുരത്ത് വിലയിരുത്തി. കഴിഞ്ഞദിവസം തൃശൂരിലും മൂന്ന് മന്ത്രിമാർ പങ്കെടുത്ത യോഗം നടത്തി. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പൂരം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നല്ല രീതിയിൽത്തന്നെ ജില്ലാ ഭരണകൂടവും കോർപ്പറേഷനും പൊലീസും ബന്ധപ്പെട്ട വകുപ്പുകളും നടത്താനായിരുന്നു തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള, പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയക്രമം നിശ്ചയിച്ച് സമയബന്ധിതമായി ആസൂത്രണം ചെയ്യാനും തീരുമാനമായി.
പൊലീസും ഉദ്യോഗസ്ഥരും ശക്തമാകും
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിരവധി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ച കഴിഞ്ഞവർഷത്തെ പൂരം പോലെയാകില്ല ഈയാണ്ടിലെ പൂരമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കർശന ഇടപെടലുകൾ സർക്കാർ തലത്തിൽ ഉണ്ടാകും.
പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും
മന്ത്രിതലയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വെടിക്കെട്ട് അനിശ്ചിതത്വം നീക്കാനും കിണഞ്ഞ് ശ്രമിക്കും. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നുള്ള അനിശ്ചിതത്വം ഇല്ലാതാക്കാൻ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് ഓർഗനൈസേഷൻ (പെസൊ) പ്രതിനിധികൾ എന്നിവർ യോഗം ചേർന്ന് തീരുമാനമെടുക്കും. ഹൈക്കോടതിയുടെ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലും പെസോ പ്രതിനിധിയുടെ അഭിപ്രായ പ്രകാരവും ജില്ലാ ഭരണകൂടത്തിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, വെടിക്കെട്ട് വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചില്ല. നേരത്തെ വെടിക്കെട്ടിന് തടസം നേരിടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നെങ്കിലും ഉന്നതതല യോഗത്തിൽ അഭിപ്രായ പ്രകടനം നടത്തിയില്ല.
കെട്ടിടങ്ങൾ പരിശോധിക്കും
നഗരത്തിൽ ഇപ്പോഴും പഴയ കെട്ടിടങ്ങളുണ്ട്. അതുകൊണ്ടു തന്നെ പൂരപറമ്പിനടുത്തും ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് കാലേകൂട്ടി പരിശോധിക്കും. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാനെത്തുന്നവരുടെ സുരക്ഷയെ കരുതിയാണിത്. പൂരാസ്വാദകർക്ക് വൈദ്യസഹായമുറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം ഉണ്ടായിരിക്കും. രാത്രിപൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒരു കുറവും വരുത്താത്ത രീതിയിൽ സംവിധാനങ്ങൾ ഒരുക്കുകയും, അതോടൊപ്പം തന്നെ സുരക്ഷയെ മുൻനിർത്തി വെടിക്കെട്ടിന് മുന്നോടിയായി ആളുകളെ നിയന്ത്രിക്കുന്നതിനുമാണ് മുൻഗണനയെന്ന് മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ പൂരത്തിന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് പൂരം നടത്തിപ്പിന്റെ ഭാഗമാകാൻ പരിമിതികളുണ്ടായിരുന്നു.എന്നാൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യം പ്രശ്‌നാവസരങ്ങളിൽ വേഗത്തിൽ സമവായമുണ്ടാക്കാൻ സഹായകമാകുമെന്നാണ് മന്ത്രിമാർ വ്യക്തമാക്കുന്നത്.
ജില്ലയിലെ ജനപ്രതിനിധികളുടേയും മറ്റും സാന്നിദ്ധ്യമുണ്ടായിരിക്കുമെന്നും മന്ത്രി ഡോ.ബിന്ദു കൂട്ടിച്ചേർത്തു.
പൊലിമ ചോരില്ല
എന്തായാലും പൂരം എല്ലാ പൊലിമയോടെയും സുരക്ഷിതമായും വിജയകരമായും നടത്താൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തൃശൂർ കോർപ്പറേഷനും എല്ലാ വകുപ്പും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നാണ് ദേവസ്വംമന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയത്. പൂരം പ്രദർശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ്‌കോ നിലനിറുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ കൊച്ചിൻ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പൂരം കഴിഞ്ഞാലുടൻ തന്നെ നഗരം പൂർവസ്ഥായിയിലാക്കുന്നതിന് ശുചീകരണ സജ്ജീകരണങ്ങൾ ഒരുക്കാനും വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇനിയെങ്കിലും വിവാദങ്ങൾ ഒഴിയട്ടെ
കഴിഞ്ഞ തൃശൂർ പൂരം സൃഷ്ടിച്ച രാഷ്ട്രീയ വിവാദങ്ങൾ, മഴ തോർന്നിട്ടും മരം പെയ്യുന്നുവെന്ന് പറഞ്ഞതുപോലെ തുടരുകയായിരുന്നു. പൂരം കലക്കിയെന്ന പരാതികൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ആനയെഴുന്നെളളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വീണ്ടും ആശങ്കയുയർത്തിയിരുന്നു. ഡിസംബർ മുതൽ മേയ് പകുതി വരെ തൃശൂരിൽ മാത്രം ആനയെഴുന്നെള്ളത്തോടെയുള്ള ആയിരക്കണക്കിന് ഉത്സവങ്ങൾ നടക്കാറുണ്ട്. പൂയാഘോഷങ്ങൾ, തൃക്കാർത്തിക, തിരുവാതിര, കൊടുങ്ങല്ലൂർ മഹോത്സവം, ഊത്രാളിക്കാവ് പൂരം, ആറാട്ടുപുഴ പൂരം, ചിറവരമ്പത്തുക്കാവ്, പെരിങ്ങോട്ടുകര ഉത്സവം, തൃശൂർ പൂരം, ഇരിങ്ങാലക്കുട ഉത്സവം തുടങ്ങി നിരവധി പ്രമുഖ ഉത്സവങ്ങളും ഇക്കാലയളവിലാണ്. രാത്രി 10മുതൽ 4വരെ ആനകളുടെ യാത്ര പാടില്ലെന്ന് പറഞ്ഞാൽ ദേവമേള എന്ന് അറിയപ്പെടുന്ന 1435 ലേറെ വർഷം പഴക്കമുള്ള പെരുവനം- ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാ രാത്രി പൂരങ്ങളും അവസാനിയ്ക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുവഴിയിൽ ആന എഴുന്നള്ളിപ്പ് പാടില്ലെന്ന് പറഞ്ഞാൽ തൃശൂർ പൂരം അടക്കം എല്ലാ പൂരങ്ങളും, നേർച്ചകളും, പെരുന്നാളുകളുടെയും നടത്തിപ്പും പ്രതിസന്ധിയിലാകുമെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
നാട്ടാനകളാണെങ്കിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നാട്ടാന പരിപാലനത്തിലും,ചികിത്സയിലും,സംരക്ഷണത്തിലും നിരവധി അപാകതകൾ ഉള്ളതുകൊണ്ടാണ് ആയിരക്കണക്കിന് നാട്ടാനകളുണ്ടായിരുന്ന കേരളത്തിൽ 382 താഴെ മാത്രമായി അവശേഷിക്കുന്നത്. എന്തായാലും ആനയെഴുന്നെളളിപ്പും വെടിക്കെട്ടും സുഗമമായി നടക്കാനുളള സാഹചര്യം തുടക്കം മുതൽക്കേ ഒരുങ്ങിയാൽ മാത്രമേ പൂരം പൂരമാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |