SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 PM IST

ഇന്ന് ചെറിയ പെരുന്നാൾ, സാ​ഹോ​ദ​ര്യ​ത്തി​ന്റെ ആഘോ​ഷം

kanthapuram

ആരാധന എന്നതിനൊപ്പം ഒട്ടനേകം സാമൂഹിക കൈമാറ്റങ്ങളുടെ വേളകയാണ് ഓരോ പെരുന്നാളും. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ശുദ്ധീകരിക്കപ്പെട്ട മനസും ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. നാളിതുവരെ ചെയ്ത അധാർമിക പ്രവൃത്തികൾക്കും തിന്മകൾക്കും സ്രഷ്ടാവിനോട് പശ്ചാത്താപം ചെയ്തും മറ്റുള്ളവരോട് മാപ്പപേക്ഷിച്ചും തെളിഞ്ഞ ഹൃദയവുമായാണ് ഓരോരുത്തരും പെരുന്നാളിനെ വരവേൽക്കുന്നത്. ആ വേളയിൽ സ്വന്തം കുടുംബത്തിനും ചുറ്റുമുള്ളവർക്കും സന്തോഷിക്കാനുള്ള വക നൽകാൻ ഓരോരുത്തരോടും സ്രഷ്ടാവിന്റെ കല്പനയുണ്ട്.

പെരുന്നാൾ ദിനത്തിൽ ഭക്ഷണം ഉപേക്ഷിക്കരുതെന്നും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സ്‌നേഹത്തോടെ വർത്തിക്കണമെന്നുമൊക്കെയാണ് മതത്തിന്റെ താത്പര്യം. തനിക്കും തന്റെ ആശ്രിതർക്കും പെരുന്നാൾ ദിനത്തിലെ താമസം, ഭക്ഷണം, പാർപ്പിടം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ കഴിഞ്ഞ്‌ ബാക്കി ധനം കയ്യിലുള്ളവർ, ആ ധനം നിശ്ചിത കണക്കു പ്രകാരം പാവങ്ങൾക്ക് ഭക്ഷണമായി ദാനം ചെയ്യണം. ഫിത്ർ സകാത്ത് എന്നറിയപ്പെടുന്ന ഈ കർമത്തോടു ചേർത്താണ് ഈദുൽ ഫിത്ർ എന്ന് ചെറിയ പെരുന്നാൾ അറിയപ്പെടുന്നത്.

വലിയൊരു ആഘോഷത്തിന്റെ പേരിനു പിന്നിൽപ്പോലുമുള്ള സന്ദേശം നോക്കൂ, വിശക്കുന്നവന് ഭക്ഷണം കൊടുക്കാനുള്ള ആഹ്വനമാണത്. ഭക്ഷ്യവസ്തു തന്നെ ദാനമായി നല്കണമെന്ന നിർബന്ധതയും ശ്രദ്ധേയമാണ്. ഈ നിർബന്ധ ദാനം മാത്രമല്ല, ചുറ്റുമുള്ള അവശരെയും അനാഥരെയും വയോധികരെയും വിധവകളെയും പ്രത്യേകം ചേർത്തുപിടിക്കാനും,​ രോഗികളെയും ബന്ധുക്കളെയും സന്ദർശിക്കാനും,​ സാന്നിദ്ധ്യംകൊണ്ട് സന്തോഷമേകാനും ഇസ്‌ലാം പ്രത്യേകം നിർദേശിക്കുന്നുണ്ട്. സമ്പത്തു മാത്രമല്ല ദാനം എന്നാണ് മതവീക്ഷണം. അപരനെ സന്തോഷിപ്പിക്കുന്ന നല്ല വാക്കും പ്രചോദിപ്പിക്കുന്ന ഉപദേശവും പുഞ്ചിരിയുമൊക്കെ സ്വദഖയാണ്. ഇങ്ങനെ സാഹോദര്യവും നീതിയും ഒരുമയും ഉദ്‌ഘോഷിക്കാനുള്ള അവസരമായാണ് പെരുന്നാളിനെ കാണേണ്ടത്.

മദീന ആസ്ഥാനമായി ഖലീഫ ഉമർ ഭരണം നടത്തിയിരുന്ന കാലം. ഖലീഫയുടെ നേതൃത്വത്തിൽ യമനിൽ നിന്ന് വൻതോതിൽ പരുത്തിത്തുണികൾ ഇറക്കുമതിചെയ്യുകയും എല്ലാ പൗരന്മാർക്കും തുല്യമായി വീതിക്കുകയും ചെയ്തു. ഖലീഫയ്ക്ക് അടക്കം എല്ലാവർക്കും ഷർട്ടിനു സമാനമായ ഒരു വസ്ത്രം തയ്ക്കാനുള്ള തുണിയാണ് നൽകിയിരുന്നത്. തുണി വിതരണം ചെയ്ത് ഏതാനും ദിവസങ്ങൾക്കകം ഖലീഫ ജനങ്ങളെ സംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരാൾ എഴുന്നേറ്റു നിന്ന് പറഞ്ഞു: 'നിങ്ങളെ ഞങ്ങൾക്ക് കേൾക്കേണ്ട, ഞങ്ങൾ നിങ്ങളെ അനുസരിക്കുകയുമില്ല!"

എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ഖലീഫ ഉമർ തിരിച്ചുചോദിച്ചപ്പോൾ,​ 'നിങ്ങൾ ഞങ്ങളെക്കാൾ അധികം എടുത്തിട്ടുണ്ട്"എന്നായിരുന്നു അയാളുടെ മറുപടി. അപ്പോൾ ഖലീഫ വീണ്ടും ചോദിച്ചു: 'എന്താണ് ഞാൻ നിങ്ങളെക്കാൾ അധികമെടുത്തത്?​" അയാൾ പറഞ്ഞു: 'യമനിൽ നിന്ന് കൊണ്ടുവന്ന തുണി എല്ലാവർക്കും ഒന്നു വീതമാണല്ലോ നൽകിയത്. താഴെ വരെയെത്തുന്ന പൂർണ വസ്ത്രം (ഖമീസ്) തയ്‌ക്കാൻ അത് തികയുകയില്ല. ഞങ്ങളെക്കാൾ ഉയരമുള്ള അങ്ങ് ആ തുണികൊണ്ട് പൂർണവസ്ത്രം തയ്ച്ചിട്ടുമുണ്ട്. നിങ്ങൾ അധികം തുണി എടുത്തെന്ന് മനസിലാകുന്നു."

ഇതുകേട്ട ഖലീഫ ഉമർ,​ സദസിലുള്ള തന്റെ മകൻ അബ്ദുല്ലയോടായി പറഞ്ഞു: 'ഈ ആരോപണത്തിന് നീ മറുപടി പറയൂ." അബ്ദുല്ല പറഞ്ഞു: 'യമനിൽ നിന്ന് കൊണ്ടുവന്ന തുണികൊണ്ട് ഖമീസ് തയ്‌ക്കാൻ മുറിച്ചപ്പോഴാണ് അതു തികയില്ലെന്ന് ഖലീഫയ്ക്ക് മനസിലായത്. അപ്പോൾ ഞാൻ,​ എനിക്കു ലഭിച്ച തുണി ഖലീഫയ്ക്ക് ഖമീസ് പൂർണമാക്കാൻ നൽകുകയായിരുന്നു." ഇതുകേട്ട് നേരത്തെ എണീറ്റുനിന്ന് ചോദ്യമുന്നയിച്ചയാൾ പറഞ്ഞു: 'ഇപ്പോൾ എല്ലാം വ്യക്തം, ഇനി ഞങ്ങൾ നിങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാം."

വിഭവ വിതരണത്തിന്റെയും വിനിയോഗത്തിന്റെയും കാര്യത്തിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ അവകാശമുണ്ടെന്ന സന്ദേശമാണ് ഈ ചരിത്രം നൽകുന്നത്. ആരെയും അവഗണനയോടെയോ ഉച്ചനീചത്വത്തോടെയോ കാണരുതെന്നും മനുഷ്യനെന്ന പരിഗണന, കാരുണ്യവാനായ ദൈവത്തിന്റെ സൃഷ്ടി എന്ന പരിഗണന ഏവർക്കും നൽകണമെന്നും മതം ഉണർത്തുന്നുണ്ട്. ഇത്തരം മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള സവിശേഷ വേളകളാണ് പെരുന്നാൾ പോലെയുള്ള ആഘോഷങ്ങൾ. കറുത്തവർ, വെളുത്തവർ, സമ്പന്നർ, പാവങ്ങൾ തുടങ്ങിയ വേർതിരുവുകളൊന്നുമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുമ്പോഴാണ് ആഘോഷങ്ങൾ കൂടുതൽ പ്രതിഫലാർഹമാവുന്നത്.

ലഹരി ഉൾപ്പെടെയുള്ള അനേകം സാമൂഹ്യ വിപത്തുകൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലമാണിത്. സമാധാന ജീവിതത്തെ ഹനിക്കുന്ന ഈ അധാർമിക പ്രവണതകൾക്കെതിരെ പോരാടാനുള്ള അവസരമായി പെരുന്നാൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. തലമുറ വ്യത്യാസമില്ലാതെ കുട്ടികളെയും കൗമാരപ്രായക്കാരെയും യുവാക്കളെയും സൽപ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വിപത്തുകൾക്കെതിരെ നീങ്ങാനും പ്രേരിപ്പിക്കണം. ആശുപത്രികൾ, വയോജന കേന്ദ്രങ്ങൾ, തെരുവുകളിൽ കഴിയുന്നവർ ഉൾപ്പെടെ നമുക്കു ചുറ്റുമുള്ള മുഴുവൻ ജനങ്ങൾക്കും ആവശ്യമായതു നൽകി ആഘോഷങ്ങളുടെ സാമൂഹികത നമുക്ക് ഉറപ്പുവരുത്താം. നോമ്പ് നൽകിയ ആത്മീയ വിശുദ്ധിയിൽ ആഘോഷിക്കുന്ന ഈ പെരുന്നാൾ സുദിനത്തിൽ ലഹരി വിരുദ്ധ, അക്രമ വിരുദ്ധ പ്രതിജ്ഞയെടുത്ത് നമുക്ക് നല്ല മനുഷ്യരാവാൻ ശീലിച്ചുതുടങ്ങാം.

(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION