SignIn
Kerala Kaumudi Online
Friday, 23 October 2026 8.24 PM IST

ക്ലീൻ കേരള കമ്പനി മാലിന്യത്തെയും വരുമാന സ്രോതസാക്കുന്ന മാതൃക

gk

പരസ്പരം

ജി.കെ. സുരേഷ്‌കുമാർ

എം.ഡി,​ ക്ളീൻ കേരള

.............................................................

അഭിമുഖം തയ്യാറാക്കിയത്

കെ.എസ്.അരവിന്ദ്

ജൈവമാലിന്യങ്ങൾ ഉറവിടത്തിലും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്കും എന്നതാണ് സർക്കാർ നയം. ജൈവമാലിന്യം കമ്പോസ്റ്റായും അല്ലാതെയും മണ്ണിനോടു ചേരുമ്പോൾ,​ അജൈവ മാലിന്യങ്ങളുടെ സ്ഥിതി അതല്ല. മണ്ണിലും വെള്ളത്തിലും നശിക്കാതെ ശേഷിക്കുന്ന ഇവ മനുഷ്യനും പ്രകൃതിക്കും വെല്ലുവിളിയായി തുടരും. ശുചിത്വ മിഷനു കീഴിൽ ഹരിതകർമ്മ സേനാംഗങ്ങളാണ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. പ്ലാസ്റ്റിക്കിനെ പരമാവധി മൂല്യവത്താക്കി വരുമാനദായകമാക്കുക എന്ന ദൗത്യമാണ് ക്ലീൻ കേരള കമ്പനിക്ക്. മാലിന്യം പുതിയൊരു വരുമാന സ്രോതസ് ആകുമ്പോൾ പിറക്കുന്നത് പുതിയൊരു സംസ്കാരം കൂടിയാണ്. 'ക്ലീൻ കേരള" കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ്‌കുമാർ സംസാരിക്കുന്നു.

? മാലിന്യ സംസ്കരണത്തിൽ ക്ലീൻ കേരള കമ്പനിയുടെ പങ്ക്.

മാലിന്യ സംസ്‌കരണത്തിൽ നമ്മൾ പുതിയൊരു മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കൾ തദ്ദേശ സ്ഥാപനങ്ങളിലെ സംഭരണ കേന്ദ്രത്തിലെത്തിച്ച് തരംതിരിക്കുന്നതാണ് ആദ്യപടി. പാഴ്‌വസ്തുക്കൾ തരംതിരിച്ച് കൂടുതൽ മൂല്യവത്താക്കുന്നതിന് ബ്ലോക്ക് തലങ്ങളിൽ സൗകര്യമുണ്ട്. ഇവ റീസൈക്ലിംഗിന് ഉപയോഗിക്കും. നിഷ്‌ക്രിയമായ പാഴ്‌വസ്തുക്കൾ കേരളത്തിനു പുറത്തുള്ള സിമന്റ് ഫാക്ടറികൾക്ക് കൈമാറും. പരമാവധി വൃത്തിയുള്ള പ്ലാസ്റ്റിക്കുകളാണ് റീസൈക്ളിംഗിന് ഉപയോഗിക്കുന്നത്.

?​ മാലിന്യ സംസ്കരണത്തിൽ സമൂഹത്തിന്റെ പൊതു മനോഭാവത്തിൽ മാറ്റമുണ്ടായോ.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാൻ ബോധവത്കരണത്തിലൂടെ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. സഹായിച്ചു. ആളുകളുടെ മനോഭാവം മാറിവരുന്നുണ്ട്. അതുകൊണ്ട് വിവിധ തരം പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ നന്നായി ശേഖരിക്കാൻ കഴിയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശേഖരണത്തിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 47,​549 ടൺ പ്ളാസ്റ്റിക് പാഴ്‌വസ്തുക്കളാണ് ശേഖരിക്കാനായത്. ഈ വർഷം അത് 60,​000 ടൺ ആക്കും.

?​ ഇതുവഴി ഹരിതകർമ്മ സേനയ്ക്ക് വരുമാനമുണ്ടോ.

പ്ലാസ്റ്റിക്ക് മൂല്യവത്താക്കുന്നതിലൂടെ കിട്ടുന്ന തുക ഹരിതകർമ്മസേനയുടെ ജീവനോപാധിയായി അവർക്കുതന്നെ കൈമാറുകയാണ് ചെയ്യുന്നത്. 2023-24 വർഷം ഇങ്ങനെ നൽകിയത് ഏകദേശം പത്തുകോടി രൂപയാണ്. ഈ സാമ്പത്തികവർഷം 12 കോടി രൂപ നൽകാനുള്ള പ്രവർത്തനമാണ് കമ്പനി നടത്തുന്നത്. ഹരിതകർമ്മ സേനയിലൂടെ 36,​000-ത്തോളം സ്ത്രീകളാണ് ഉപജീവനം കണ്ടെത്തുന്നത്.

?​ ഓഫീസും ഹാജരും ഇല്ലാതെയുള്ള ഹരിതകർമ്മസേനയുടെ പ്രവർത്തനം എങ്ങനെ.

തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് ഹരിതകർമ്മ സേന. ഇവിടെ കൃത്യമായ ഏകോപനമുണ്ട്. ഹരിതകർമ്മ സേയെ ശക്തിപ്പെടുത്തിക്കൊണ്ട് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് സംസ്ഥാനത്തിന്റെ നയം. ക്ലീൻ കേരള കമ്പനി സംസ്ഥാനത്തെ 70 ശതമാനത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണാ സംവിധാനമായി പ്രവർത്തിക്കുകയാണ്.

?​ ആശുപത്രികളും മറ്റുമായുള്ള സഹകരണം.

 ഓരോ ജില്ലയിലും ആശുപത്രികളും സർക്കാർ ഓഫീസുകളും വിവിധ സ്വകാര്യ സ്ഥാപനങ്ങളുമായി ക്ളീൻ കേരള കമ്പനി ധാരണാപത്രം ഒപ്പുവച്ചാണ് മാലിന്യ സംസ്കരണം നടത്തുന്നത്. തുടക്കത്തിൽ ക്ലീൻ കേരള കമ്പനിക്ക് മാലിന്യം നൽകാതെ സ്വകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചവരുണ്ട്. എന്നാൽ വസ്തുതകൾ മനസിലാക്കി. ശാസ്ത്രീയമായ സംവിധാനത്തിൻെറ പാതയിലേക്ക് ഇപ്പോൾ കൂടുതൽ പേർ എത്തുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെയും ഗ്യാരേജുകളിലെയും മാലിന്യനീക്കം കമ്പനി ഏറ്റെടുത്തിരുന്നു. ഒരുമാസത്തിനിടെ ആറു ജില്ലകളിൽ നിന്നായി 38.24 ടൺ മാലിന്യം നീക്കി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മാലിന്യം നീക്കിയത്. മറ്റു ജില്ലകളിലും ഉടൻ തുടങ്ങും.

?​ വയനാട് ഉരുൾ ദുരന്ത ഭൂമിയിലെ പ്രവർത്തനം.

സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാട്ടിൽ അതിജീവനഘട്ടത്തിൽ ക്ലീൻ കേരള കമ്പനിക്കും വലിയ ഇടപെടലുകൾ നടത്താൽ സാധിച്ചു. ദുരന്ത ഭൂമി വൃത്തിയാക്കി,​ സാധനങ്ങൾ വാരിക്കൂട്ടി. ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ വലിയൊരു ബാദ്ധ്യതയായിരുന്നു. 35 ടൺ വസ്ത്രങ്ങളാണ് ദുരന്ത ബാധിതരെ താമസിപ്പിച്ചിരിക്കുന്ന പതിനേഴു ക്യാമ്പുകളിൽ നിന്ന് ശേഖരിച്ചത്. ഇത് വിറ്റുകിട്ടിയ 92,560 രൂപ ദുരിതാശ്വസ നിധിയിലേക്ക് കൈമാറി. ഇതു കൂടാതെ 20 ഏജൻസികളിൽ നിന്ന് സമാഹരിച്ച 3,61,003 രൂപ, ജീവനക്കാരുടെ വിഹിതമായ 1,12,336 രൂപ എന്നിവയ്ക്കൊപ്പം കമ്പനി വിഹിതമായ പത്തു ലക്ഷവും ചേർത്താണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLEAN KERALA COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION