
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളും ഗുരുതര ആരോപണങ്ങളും നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാവാതെ വിയർക്കുകയാണ് സർക്കാർ. സി.പി.എമ്മും, സി.പി.ഐ അടക്കം ഇടതുമുന്നണിയിലെ ഘടകകക്ഷികളുമെല്ലാം ശക്തമായി ആവശ്യപ്പെട്ടിട്ടും എ.ഡി.ജി.പിക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഓഖി ചുഴലിക്കാറ്റ് സമയത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ല എന്ന് വിമർശിച്ചതിനാണ് ഡി.ജി.പി റാങ്കുണ്ടായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്കത്തിൽ സർക്കാരിനെ വിമർശിച്ചതിന് അടുത്ത സസ്പെൻഷൻ. വിരമിച്ച് നാലു വർഷമായിട്ടും ജേക്കബ് തോമസിന് ഇതുവരെ പെൻഷൻ ആനുകൂല്യം നൽകാതെ തടഞ്ഞുവച്ചിരിക്കുന്ന സർക്കാരാണ് സ്വർണം പൊട്ടിക്കലും ആളെക്കൊല്ലിക്കലുമടക്കം ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പിക്ക് സംരക്ഷണമൊരുക്കുന്നത്.
അജിത്ത്കുമാറിന് മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം സ്വന്തം പാർട്ടിക്കാരെപ്പോലും അമ്പരപ്പിക്കുകയാണ്. പൊലീസ് മേധാവിയുടെ അന്വേഷണം നേരിടുന്ന അജിത്തിനെ അന്വേഷണം തീരുംവരെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്താൻ പോലും തയ്യാറല്ല. സംസ്ഥാനത്താകെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ കസേരയിലുള്ള ഉദ്യോഗസ്ഥനെതിരേ ആരെങ്കിലും ആരോപണമുന്നയിക്കാനോ തെളിവ് നൽകാനോ ധൈര്യപ്പെടുമോ? ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, നാലുവട്ടം അജിതിനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിരുന്നു, മുഖ്യമന്ത്രി സ്വീകരിച്ചില്ല. അന്വേഷണ വിധേയമായി മാറ്റിനിറുത്തണമെന്ന ശുപാർശയും തള്ളി. അന്വേഷണ റിപ്പോർട്ടുകൾ കണ്ടശേഷം തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്. ഫലത്തിൽ അന്വേഷണം അജിത്തിന് അനുകൂലമാക്കാനും ഏതുവിധേനയും ക്ലീൻചിറ്റ് സംഘടിപ്പിക്കാൻ അവസരമൊരുക്കാനും സർക്കാർ ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണമുയരുന്നത്.
രണ്ട് ആർ.എസ്.എസ് ഉന്നത നേതാക്കളെ എ.ഡി.ജി.പി കണ്ടത് വൻ രാഷ്ട്രീയ വിവാദമായിട്ടും സർക്കാരിന് കുലുക്കമില്ല. 2023 മേയ് 23ന് തൃശൂരിൽ ആർ.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂൺ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച. ആർ.എസ്.എസ് മേധാവി മോഹൻഭാഗവതിന്റെ പിൻഗാമിയായേക്കാവുന്ന ഹൊസബളെ ആർ.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനാണ്. റാം മാധവുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ 'ഉറ്റബന്ധു"വിനെ അജിത് കൂടെക്കൂട്ടി. തലസ്ഥാനത്തെ ആർ.എസ്.എസ് നേതാവും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. 'ബന്ധു"വിനൊപ്പം പോവേണ്ട യാതൊരു കാര്യവും എ.ഡി.ജി.പിക്കുണ്ടായിരുന്നില്ലെന്നും കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ബന്ധുവിനെയും കൂട്ടിയുള്ള എ.ഡി.ജി.പിയുടെ ദുരൂഹ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായടക്കം ഉറ്റബന്ധമുള്ള നേതാവാണ് ദത്താത്രേയഹൊസബളെ. ആർ.എസ്.എസിന്റെ സർകാര്യവാഹ്. 2021മാർച്ചിലാണ് സർസംഘചാലകിന്റെ തൊട്ടുതാഴെയുള്ള ഈ പദവിയിലെത്തിയത്. കർണാടകയിലെ ഷിമോഗ സ്വദേശിയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്കുള്ള പ്രതിഷേധമായി മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയാനുള്ള ആർ.എസ്.എസ് തീരുമാനം 2017ൽ അവസാനിപ്പിച്ചത് അദ്ദേഹമാണ്.
റാംമാധവ് കാശ്മീരിൽ പി.ഡി.പിയുമായടക്കം സഖ്യമുണ്ടാക്കി രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച നേതാവാണ്. ഇപ്പോൾ ജമ്മുകാശ്മീർ തിരഞ്ഞെടുപ്പിന്റെ സുപ്രധാനചുമതലയിൽ. ആറുവർഷം സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി. മോഡിയുടെയും കേന്ദ്രനേതൃത്വത്തിന്റെയും അടുപ്പക്കാരൻ. കിഫ്ബിയെ തകർക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ റാംമാധവാണെന്ന് ധനമന്ത്രിയായിരുന്ന തോമസ്ഐസക് ആരോപിച്ചിരുന്നു.
ഡി.ജി.പിയാവാൻ
ചരടുവലി
ജൂലായിൽ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തിനായുള്ള സമ്മർദ്ദവും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ എ.ഡി.ജി.പി നടത്തിയെന്നാണ് സൂചന. ആറുവട്ടം ശുപാർശ ചെയ്തിട്ടും രാഷ്ട്രപതിയുടെ മെഡൽ കിട്ടിയിരുന്നില്ല. ഡി.ജി.പി തിരഞ്ഞെടുപ്പിൽ ഇതൊരു യോഗ്യതയായതിനാൽ മെഡലിനായും ശ്രമമുണ്ടായി. പൊലീസ് മേധാവിയാക്കാനുള്ള മൂന്നുപേരുടെ ചുരുക്കപ്പട്ടിക കേന്ദ്രമാണ് സംസ്ഥാനത്തിന് കൈമാറുന്നത്. ഇതിൽ നിന്ന് സംസ്ഥാനത്തിന് നിയമിക്കാം. നിലവിൽ സീനിയോരിറ്റിയിൽ ആറാമനായ എ.ഡി.ജി.പിക്ക് ആദ്യ മൂന്നിലെത്താൻ കേന്ദ്രസഹായം കൂടിയേ തീരൂ. സീനിയോരിറ്റിയുണ്ടായിട്ടും ടോമിൻ തച്ചങ്കരി ആദ്യ മൂന്നിലെത്തിയിരുന്നില്ല. തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ കണ്ടത് ഈ ആവശ്യത്തിന് കൂടിയായിരുന്നെന്നാണ് സൂചന.
ഇഴഞ്ഞിഴഞ്ഞ്
അന്വേഷണം
എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റാതെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഡി.ജി.പിയൊഴിച്ച് അന്വേഷണ സംഘത്തിലെ മറ്റ് നാലുപേരും എ.ഡി.ജി.പി അജിത്തിന്റെ കീഴുദ്യോഗസ്ഥരാണ്. ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായ ജി.സ്പർജ്ജൻകുമാറിനാണ് അന്വേഷണ നേതൃത്വം. അദ്ദേഹവും സംഘത്തിലുള്ള തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസും അജിത്കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടവരാണ്. ഇവരുടെയൊന്നും കൈയിലൊതുങ്ങുന്നതല്ല അജിത്തിനെതിരായ അന്വേഷണം. സ്വർണക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, സ്വർണം പൊട്ടിക്കൽ, കോടികളുടെ കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എം.എൽ.എ ഉന്നയിച്ചത്. എ.ഡി.ജി.പിയുടെ മൊഴിയെടുത്ത് ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാൻ നിലവിലെ സംഘത്തിന് കഴിയില്ല. മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ തെളിവെടുക്കാനോ ഇവർക്കാവില്ല.
സർക്കാരിന്
ധർമ്മസങ്കടം
ഇത്രയും കാലം സർക്കാരിന്റെ വിശ്വസ്തനായിരുന്ന അജിത്കുമാറിനെ ഉടൻ കൈവിടുന്നത് മുഖ്യമന്ത്രിയെ ധർമ്മസങ്കടത്തിലാക്കുന്നുണ്ട്. അജിത് കുമാറിനെ ഉടൻ മാറ്റിയാൽ ആരോപണങ്ങൾ ശരിവയ്ക്കുന്നതിന് തുല്യമാവും. ക്രമസമാധാന ചുമതലയൊഴിവാക്കിയാൽ അജിത്ത് എന്തൊക്കെ മറു ആരോപണങ്ങൾ ഉന്നയിക്കുമെന്നതും പ്രശ്നമാണ്. അജിത്തിനെതിരേ നടപടിയെടുത്താൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേയും നടപടിക്ക് സമ്മർദ്ദമുയരും. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്തിനെ മാറ്റിയാൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. അതിനാൽ 14 മുതൽ 4ദിവസത്തേക്ക് അവധിയിൽ പോവുന്ന അജിത്തിന്റെ അവധി നീട്ടാനും പതിയെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കാനുമായിരിക്കും സർക്കാരിന്റെ തന്ത്രമെന്നറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |