SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

വയോജന സുരക്ഷയും അവകാശങ്ങളും

vayo

​ആഗോളതലത്തിൽ ആയുർദൈർഘ്യം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനുഷ്യൻ മുമ്പെങ്ങുമില്ലാത്തത്ര ദീർഘായുസ് അനുഭവിക്കുന്നുണ്ട്. പണ്ടുകാലങ്ങളിൽ ഇന്ത്യൻ കൂട്ടുകുടുംബ സമ്പ്രദായം വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ശക്തമായ ഒരു തൂണായി നിലകൊണ്ടിരുന്നു. എന്നാൽ ആധുനികവത്കരണവും ആഗോളവത്കരണവും അണുകുടുംബങ്ങൾക്ക് വഴിയൊരുക്കിയതോടെ മുതിർന്ന പൗരന്മാരുടെ ജീവിതസാഹചര്യങ്ങൾ പൊതുവിൽ പ്രതികൂലമായി ബാധിക്കപ്പെട്ടു. കേരളത്തിലും ഈ മാറ്റങ്ങൾ പ്രകടമാണ്.

ഈ പശ്ചാത്തലത്തിലാണ് വയോജനങ്ങളുടെ പരിചരണവും അവകാശസംരക്ഷണവും അന്തസ്സും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ
2026ലെ കേരളം മുതിർന്ന പൗരൻമാരുടെ (പരിചരണവും അവകാശസംരക്ഷണവും)

ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഇന്നത്തെ സമൂഹത്തിൽ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ​ഈ ബില്ലിന്റെ മൂന്നാം വകുപ്പ് പ്രകാരം, മുതിർന്ന പൗരന്മാർക്ക് എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും മാനസിക-ശാരീരിക പീഡനങ്ങളിൽ നിന്നും മുക്തമായി അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്.

'സ്വഗൃഹത്തിൽ വാർദ്ധക്യം' (Ageing in Place) എന്ന ആശയത്തിനാണ് ബിൽ മുൻഗണന നൽകുന്നത്. അതായത്, സ്ഥാപനപരമായ പരിചരണം അവസാനത്തെ മാർഗമായിക്കണ്ട്, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ സ്വന്തം വീടുകളിൽ സുരക്ഷിതമായി ജീവിക്കാൻ വയോജനങ്ങൾക്ക് അവസരം ഒരുക്കണം. ഇതിന്റെ ഭാഗമായി വനിതകൾക്കും വിധവകൾക്കും ഉപേക്ഷിക്കപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കുമുള്ള മുൻഗണനാ സംരക്ഷണം, ഡിജിറ്റൽ സുരക്ഷയും സാക്ഷരതയും, ലീഗൽ സർവീസസ് അതോറിറ്റികൾ മുഖേനയുള്ള സൗജന്യ നിയമസഹായം എന്നിവ ഉറപ്പാക്കുന്നു. ​

ഭരണസംവിധാനങ്ങൾ

ബില്ലിന്റെ ഫലപ്രദമായ നടത്തിപ്പിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭരണസംവിധാനങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ആക്ട് പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം മുതിർന്ന പൗര വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റും, ജില്ലാ കളക്ടർ ചെയർപേഴ്സണായും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ അംഗങ്ങളായും ജില്ലാതല മുതിർന്ന പൗര സംരക്ഷണ ഫോറവും നിലവിൽ വരും.

മുതിർന്ന പൗരന്മാർക്കെതിരായ പരാതികൾ പരിഹരിക്കാനും പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ഈ ഫോറത്തിന് അധികാരമുണ്ട്. ഫോറത്തെയും രജിസ്ട്രാറെയും സഹായിക്കുന്നതിനായി ആറു മാസത്തിനകം ജില്ലാതല യൂണിറ്റുകളും രൂപീകരിക്കും.


​സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാത്തരം മുതിർന്ന പൗര പരിചരണ ഭവനങ്ങൾ, പകൽവീടുകൾ, ഹോസ്‌പിറ്റലുകൾ, ഗൃഹപരിചരണ സേവന ഏജൻസികൾ എന്നിവ കർശനമായ രജിസ്ട്രേഷന് വിധേയമാക്കണം. മുതിർന്ന പൗര വകുപ്പ് ഡയറക്ടർ തന്നെയാണ് ഇതിന്റെ രജിസ്ട്രാർ. പുതിയ കേന്ദ്രങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 90 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് നാല് വർഷം വരെ കാലാവധി ഉണ്ടായിരിക്കും. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അന്തേവാസികളെ പുനരധിവസിപ്പിക്കാനും വ്യവസ്ഥയുണ്ട്.

വയോജന പരിചരണ

സർട്ടിഫിക്കേഷൻ ചട്ടക്കൂട്
​വയോജന പരിചരണ രംഗത്തെ സേവനങ്ങൾ കൂടുതൽ പ്രൊഫഷണൽ ആക്കുന്നതിനായി 'കേരളം വയോജന പരിചരണ സർട്ടിഫിക്കേഷൻ ചട്ടക്കൂട്' രൂപീകരിക്കും. പരിചരണദാതാക്കൾക്ക് ഏകീകൃത പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ പരിശീലനം നൽകുകയും, പരിശീലനം ലഭിച്ചവരും പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുമായ പരിചരണദാതാക്കളെ മാത്രമേ വയോജന സേവനങ്ങൾക്കായി നിയോഗിക്കാൻ പാടുള്ളൂ എന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.


​മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നവർക്കും അനധികൃതമായി പരിചരണ കേന്ദ്രങ്ങൾ നടത്തുന്നവർക്കുമെതിരെ ശക്തമായ ശിക്ഷാ നടപടികളും വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രേഷൻ ഇല്ലാതെ പരിചരണ കേന്ദ്രങ്ങൾ നടത്തുന്നവർക്ക് ഒരു വർഷം വരെ തടവോ ഇരുപത്തയ്യായിരത്തോളം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. മുതിർന്ന പൗരന്മാരുടെ സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ചുമത്തപ്പെടും.

മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയോ, പരിചരണമില്ലാതെ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കുന്നതാണ്. ഈ ആക്ട് പ്രകാരമുള്ള എല്ലാ കുറ്റങ്ങളും ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിചാരണ ചെയ്യേണ്ടത്.

വലിയ ചുവടുവയ്പ്
​കേരളത്തിലെ മാറുന്ന ജനസംഖ്യാപരമായ ഘടനയ്ക്കും വർദ്ധിച്ചുവരുന്ന വയോജനങ്ങളുടെ ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും പാർശ്വവത്കരിക്കപ്പെടാൻ സാദ്ധ്യതയുള്ള മുതിർന്ന പൗരന്മാരുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാനും, എല്ലാവിധ ചൂഷണങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാനും ഈ നിയമനിർമ്മാണം വലിയ ചുവടുവയ്പ്പായി മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OLD AGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION