
രൂപീകരിക്കപ്പെട്ട് രണ്ട് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ, ഗ്ലോബൽ സൗത്തിന്റെ സ്വാധീനമുള്ള ആധാരശിലയായും ബഹുമുഖ സംവിധാനത്തെ പരിഷ്കരിക്കുന്നതിനുള്ള ചാലകശക്തിയായും ബ്രിക്സ് വളർന്നിരിക്കുന്നു. സ്ഥാപകാംഗങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് രാജ്യങ്ങളിൽ നിന്ന് ഈ കൂട്ടായ്മ പതിനൊന്ന് അംഗരാജ്യങ്ങളിലേക്ക് വികസിച്ചു. ഇന്ന്, വളർന്നുവരുന്ന പതിനൊന്ന് പ്രധാന സമ്പദ്വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന ബ്രിക്സ് ലോകജനസംഖ്യയുടെ ഏകദേശം 49.5 ശതമാനവും ആഗോള ജി.ഡി.പിയുടെ 40 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 26 ശതമാനവും പ്രതിനിധാനം ചെയ്യുന്നു.
'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കൽ' എന്ന പ്രമേയവുമായി 2026ൽ ഇന്ത്യ ബ്രിക്സ് അദ്ധ്യക്ഷപദവി ഏറ്റെടുത്തതോടെ, വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ നാഗരികതാ ദർശനത്തിന് അതു പ്രാധാന്യം നൽകി.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഇടപെടലുകൾ, ബ്രിക്സ് പാർലമെന്ററി ഫോറം മുഖേന ഈ കൂട്ടായ്മയുടെ പാർലമെന്ററി തലത്തിലുള്ള സഹകരണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 2011ൽ സിയോളിൽ നടന്ന ജി20 സ്പീക്കർമാരുടെ യോഗത്തോടനുബന്ധിച്ച് ആരംഭിച്ച പാർലമെന്ററി ആശയവിനിമയങ്ങൾ വികസിച്ചാണ് 2015 ജൂൺ 8ന് മോസ്കോയിൽ നടന്ന ആദ്യ ബ്രിക്സ് പാർലമെന്ററി ഫോറം യോഗത്തിലെത്തിയത്.
അതിനുശേഷം, അദ്ധ്യക്ഷസ്ഥാനത്തിരിക്കുന്നവർക്കും പാർലമെന്റേറിയൻമാർക്കും അനുഭവങ്ങൾ പങ്കുവയ്ക്കാനും പരസ്പര ധാരണ വളർത്താനും പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്താനും ഈ ഫോറം പ്രധാന വേദിയായി മാറി. ഈ പാർലമെന്ററി ഇടപെടലുകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇന്ത്യ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. 'ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്റുകളെ ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിൽ ഇന്ത്യയുടെ പാർലമെന്റ് ആതിഥേയത്വം വഹിക്കുന്ന 12ാമത് ബ്രിക്സ് പാർലമെന്ററി ഫോറം, ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനും ബ്രിക്സ് അംഗരാജ്യങ്ങൾക്കും പങ്കാളി രാജ്യങ്ങൾക്കുമിടയിലെ പാർലമെന്ററി സംവാദവും സഹകരണവും കൂട്ടായ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
നിയമനിർമ്മാണം, ചർച്ചകൾ, ബഡ്ജറ്റ് പരിശോധന, എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം, പാർലമെന്ററി നയതന്ത്രം എന്നിവയിലൂടെ പൊതുവായ അന്താരാഷ്ട്ര മുൻഗണനകളെ പൗരന്മാർക്ക് പ്രയോജനകരമായ ഫലങ്ങളാക്കി മാറ്റാൻ നിയമനിർമ്മാണ സഭകൾക്ക് എങ്ങനെ കഴിയുമെന്ന് പരിശോധിക്കുന്നതിനുള്ള സുപ്രധാന വേദിയാണിത്.
പാർലമെന്റുകളുടെ
സംഭാവന
12ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് മാർഗദർശനമാകുന്ന നാല് വിഷയാധിഷ്ഠിത സ്തംഭങ്ങളായ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ ഇന്ത്യയുടെ 2026ലെ ബ്രിക്സ് അദ്ധ്യക്ഷപദവിയുടെ സമഗ്ര അജണ്ടയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. 2026 സെപ്തംബറിൽ ന്യൂഡൽഹിയിൽ നടന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം, ഈ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് തന്ത്രപരമായ ചട്ടക്കൂട് നൽകുന്നു.
അന്താരാഷ്ട്ര സഹകരണത്തിന്റെ തലത്തിൽ പൊതുവായ പ്രതിജ്ഞാബദ്ധതകൾ ഉച്ചകോടി മുന്നോട്ടുവയ്ക്കുമ്പോൾ, ആ പ്രതിജ്ഞാബദ്ധതകളെ പ്രായോഗിക നടപടികളാക്കി മാറ്റുന്നതിനാവശ്യമായ നിയമനിർമ്മാണ സംവിധാനങ്ങളിലാണ് 12ാമത് ബ്രിക്സ് പാർലമെന്ററി ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നാല് പ്രത്യേക പ്ലീനറി സെഷനുകളിലൂടെ, ഉച്ചകോടിയിൽ രൂപപ്പെട്ട സമവായത്തെ ആഭ്യന്തര നയങ്ങളായും പരിപാടികളായും മാറ്റുന്നതിന് നിയമനിർമ്മാണം, ബഡ്ജറ്റ് അംഗീകാരം, എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം, പാർലമെന്ററി സഹകരണം എന്നിവയിലൂടെ പാർലമെന്റുകൾക്ക് എങ്ങനെ സംഭാവന നൽകാനാകുമെന്ന് ഫോറം പരിശോധിക്കുന്നു. ഇതിലൂടെ പൗരന്മാർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഫലങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സുപ്രധാന അവസരം
ദേശീയതലത്തിൽ നിയമനിർമ്മാണം, ചർച്ചകൾ, ധനകാര്യ പരിശോധന, മേൽനോട്ടം എന്നിവയിലൂടെ സ്ഥാപനപരമായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ പാർലമെന്റിനുള്ള പങ്ക് ഇന്ത്യയുടെ അനുഭവം വ്യക്തമാക്കുന്നു. നിയമവാഴ്ച ഉയർത്തിപ്പിടിക്കുക, തിരഞ്ഞെടുപ്പുകളുടെ സത്യസന്ധതയും വിശ്വാസ്യതയും സംരക്ഷിക്കുക, പൊതുചെലവുകളിൽ ഉത്തരവാദിത്വം ഉറപ്പാക്കുക എന്നിവയിൽ സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയ സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നു. സർക്കാർ നയങ്ങൾ, പദ്ധതികൾ, ചെലവുകൾ എന്നിവ വിശദമായി പരിശോധിക്കുന്നതിലൂടെ പാർലമെന്ററി സമിതികൾ ഈ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഡിജിറ്റൽ പരിവർത്തനത്തെ സ്വന്തം പ്രവർത്തനങ്ങളുടെ സുതാര്യതയും പ്രാപ്യതയും മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച്, ഇന്ത്യൻ പാർലമെന്റും മാതൃക കാട്ടിയിട്ടുണ്ട്. 'ഡിജിറ്റൽ സൻസദ്' സംരംഭത്തിലൂടെ ഏകീകൃതവും സുരക്ഷിതവും കടലാസ് രഹിതവുമായ ഒരു സംവിധാനത്തിലേക്ക് നാം മാറിയിരിക്കുന്നു. പാർലമെന്റിലെ പ്രസംഗങ്ങൾ തത്സമയം അക്ഷരങ്ങളിലേക്കു മാറ്റുന്നതിനും പാർലമെന്ററി രേഖകൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും 'സൻസദ് ഭാഷിണി' സംരംഭത്തിന് കീഴിൽ നിർമിതബുദ്ധി വിന്യസിച്ചുവരുന്നു.
പാർലമെന്റുകൾ കേവലം നിയമനിർമ്മാണ സഭകൾ മാത്രമല്ല; ജനങ്ങളുടെ ജനാധിപത്യ മൂല്യങ്ങളെ നയിക്കുന്ന ഭരണത്തിന്റെ ധാർമ്മിക ചട്ടക്കൂടുകൾ കൂടിയാണ്. എന്റെ സഹപൗരന്മാരോടൊപ്പം, 12ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തെ സുപ്രധാന അവസരമായാണ് ഞാൻ കാണുന്നത്. പ്രദേശമോ വികസനത്തിന്റെ നിലവാരമോ പരിഗണിക്കാതെ ലോകത്തിലെ ഓരോ പൗരനും ആഗോള ഭരണസംവിധാനത്തിൽ പങ്കാളിത്തമുണ്ടാകണമെന്ന സന്ദേശം ഉയർത്തിക്കാട്ടാനുള്ള അവസരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |