
എം.ബി. രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
.........................................................................
അഭിമുഖം തയ്യാറാക്കിയത്:
കെ.എസ്. അരവിന്ദ്
ലൈഫ്, അതിദാരിദ്ര്യ നിർമ്മാർജനം, മാലിന്യമുക്ത നവകേരളം,പാലിയേറ്റീവ് കെയർ എന്നിങ്ങനെ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളെല്ലാം നിർണായക ഘട്ടത്തിലാണ്. രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന വിലയിരുത്തലാകുന്ന ഈ ജനകീയ പദ്ധതികൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.
സുപ്രധാന ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മന്ത്രി എം.ബി.രാജേഷ് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? സമകാലിക കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകളെക്കുറിച്ച്.
കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്. സംസ്ഥാനം പദ്ധതി വിഹിതത്തിന്റെ 28.9 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ്. ആറാം ധനകാര്യ കമ്മിഷൻ ശുപാർശ, പദ്ധതി വിഹിതം 30 ശതമാനം എത്തുന്നതു വരെ എല്ലാ വർഷവും 0.5 ശതമാനം വർദ്ധിപ്പിക്കണമെന്നാണ്. അത് ലഭ്യമാക്കുന്നതിൽ ചെറിയ കാലതാമസങ്ങളുണ്ടായത് പൊതുവായ സാമ്പത്തിക പ്രതിസന്ധി കാരണമാണ്. എന്നാൽ പ്രതിബദ്ധതയിൽ നിന്ന് സർക്കാർ പിന്നാക്കം പോയിട്ടില്ല. പ്രാദേശിക സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്റെ സമീപത്തെങ്ങുമെത്തില്ല.
സർക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് നടപ്പാക്കുന്നത്. സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാകാനുള്ള കേരളത്തിന്റെ പ്രയത്നം അന്തിമഘട്ടത്തിലാണ്. 1987-ൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായി കേരളം മാറി. ഇപ്പോൾ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിലും പ്രധാന പങ്ക് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കേരളത്തിൽ ഇനി ജനകീയാസൂത്രണത്തിന്റെ പുതിയ ഘട്ടമാണ് വേണ്ടത്. 1990-കളിൽ ജനകീയാസൂത്രണം നടപ്പാക്കുമ്പോൾ ഇത്ര വലിയ നഗരവത്കരണം കേരളത്തിലില്ല. അതുകൊണ്ട് ശ്രദ്ധ മുഴവൻ ഗ്രാമീണ മേഖയിലായിരുന്നു.
2035 ആകുമ്പോഴേക്കും കേരള ജനസംഖ്യയുടെ 95 ശതമാനവും നഗരവാസികളാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് നഗരനയം രൂപീകരിക്കാൻ കമ്മിഷനെ നിയോഗിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം നഗര നയം ആവിഷ്കരിക്കുന്നത്. അടുത്ത 25 കൊല്ലത്തെ കേരളത്തിന്റെ നഗരവത്കരണത്തിന്റെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ നയമായിരിക്കും ആവിഷ്കരിക്കുക. ഇവിടെയും തദ്ദേശ സ്ഥാപനങ്ങളാണ് നിർണായക പങ്കു വഹിക്കുന്നത്.
? നിരവധി പദ്ധതികൾ ഒരേസമയം നിറവേറ്റുന്നതിലെ വെല്ലുവിളികൾ...
കേരളത്തിലെ പ്രാദേശിക ഭരണ സംവിധാനത്തിൽ സർക്കാരിനുള്ള വിശ്വാസമാണ് വലിയ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാരിനെ സഹായിക്കുന്നത്. അതിദാരിദ്രയ നിർമ്മാർജനം എന്ന പദ്ധതി രാജ്യത്ത് ഏറ്റെടുത്ത സംസ്ഥാനം കേരളമാണ്. ലോകത്ത് ചൈന കഴിഞ്ഞാൽ അത് കേരളത്തിൽ മാത്രമാണ്. ഇത്ര വലിയൊരു ലക്ഷ്യം ഏറ്റെടുക്കാൻ കേരളത്തിന് ബലം പകരുന്നത് സുശക്തമായ പ്രാദേശിക ഭരണമാണ്. 2021-ൽ 64,004 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. ഇതിൽ 30 ശതമാനത്തെയാണ് ഇനി അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ളത്. 1344 കുടുംബങ്ങൾക്ക് വരുമാനവും 12,000 പേർക്ക് വീടും ഉറപ്പാക്കണം. ഇതിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും കേരളം മാതൃകയാവും.
ലൈഫ് പദ്ധതിയിൽ 4,21,975 വീടുകൾ പണിതു. 18,080 കോടി രൂപ ഇതുവരെ ലൈഫിൽ ചെലവഴിച്ചു അതിൽ 16,000 കോടി കേരളം സ്വന്തമായി കണ്ടെത്തിയ പണമാണ്. അടുത്ത ഒരുവർഷം കുറഞ്ഞത് ഒരുലക്ഷം പേർക്കെങ്കിലും വീട് നൽകും. യാതൊരു വിവേചനവുമില്ലാതെ കിടപ്പുരോഗികൾക്കെല്ലാം സാന്ത്വന പരിചരണം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യത്തോടെയുള്ള പദ്ധതിയാണ് പാലിയേറ്റീവ് കെയർ. അതും നിർണായക ഘട്ടത്തിലാണ്.
? മാലിന്യമുക്ത നവകേരളത്തിലേക്ക് ഇനി എത്ര ദൂരം.
ഈ വർഷം മാർച്ചിൽ സമ്പൂർണ ശുചിത്വകേരള പ്രഖ്യാപനം നടത്താനുള്ള തീവ്രശ്രമത്തിലാണ്. വാതിൽപ്പടി മാലിന്യ സംസ്കരണത്തിൽ വലിയ മുന്നേറ്റം നടത്താനായി. ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ തീപിടിത്തമുണ്ടായപ്പോൾ സഭയിൽ അടിയന്തര പ്രമേയത്തിന് മറുപടിയായി ഞാൻ പറഞ്ഞു, ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റുമെന്ന്. ആ പ്ലാന്റ് മാർച്ചിൽ പൂർത്തിയാകുന്നു. 60 ശതമാനം ബയോമൈനിംഗ് പൂർത്തിയാക്കി. സമാനമായ പ്ലാന്റ് കോഴിക്കോട്ട് വരുന്നു. തിരുവനന്തപുരത്തും വരും. ജൈവ മാലിന്യ സംസ്കരണത്തിനും അതുവഴി കംപ്രസ്ഡ് ബയോ ഗ്യാസ് ഉത്പാദിപ്പിക്കാനും സാധിക്കും.
സർക്കാർ സ്ഥലം കൊടുത്താൽ ബാക്കി കാര്യങ്ങൾ ബി.പി.സി.എൽ ചെയ്യും. സർക്കാർ തലത്തിൽ ഇതെല്ലാം നന്നായി നടക്കുന്നെങ്കിലും ഇതൊരു ജനകീയ കാമ്പയിൻ ആയി മാറിയാലേ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരൂ. കേരളത്തിൽ വേസ്റ്റ് ബിൻ വച്ചാലും മാലിന്യം വലിച്ചെറിയുന്ന പ്രവണതയുണ്ട്. അത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. അതിനാണ് കർക്കശമായ എൻഫോഴ്സ്മെന്റ് വേണമെന്നു തീരുമാനിച്ചത്. പൊതുവേ ഒരു മാറ്റം വന്നിട്ടുണ്ട്. ഇനി വലിച്ചെറിയൽ സംസ്കാരം മാറണം. മാലിന്യം വലിച്ചെറിയുന്നവരെ അപരിഷ്കൃതരെന്ന നിലയിൽ ഒറ്റപ്പെടുത്തണം.
? ലൈഫിലെ വീടുകൾക്ക് കേന്ദ്ര സർക്കാരിന്റെ ബ്രാൻഡിംഗ് നിലപാടിനെക്കുറിച്ച് .
സംസ്ഥാന സർക്കാർ ലൈഫിൽ വീട് കൊടുക്കുന്നത് ഔദാര്യമായല്ല; അവകാശമായാണ്. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നതു പോലെ, ഒരു മുഖം വീടുകൾക്കു മുന്നിൽ പതിപ്പിച്ച് ബ്രാൻഡ് ചെയ്താൽ
അത് നിരന്തരം കാണുന്നവരിൽ ഔദാര്യമാണെന്ന തോന്നലുണ്ടാക്കും. അതു പാടില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്. അതിന്റെ നഷ്ടം എത്രയായാലും സഹിക്കും. കേന്ദ്ര നഗര വികസന വകുപ്പു മന്ത്രിക്ക് നൽകിയ കത്തിൽ അന്തസോടെ ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കണമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ വായ്പാപരിധി വെട്ടിച്ചുരുക്കിയതുകൊണ്ട് മാത്രം കേരളത്തിനു വന്ന നഷ്ടം 1,07,500 കോടി രൂപയാണ്. ലൈഫ് പട്ടികയിലെ മുഴുവൻ പേർക്കും വീട് കൊടുക്കാൻ ഇതിന്റെ മൂന്നിലൊന്ന് തുക മതിയാവും.
? കുടുംബശ്രീയുടെ സമീപകാല വളർച്ച...
കുടുംബശ്രീ കേരളത്തിന്റെ അഭിമാനമാണ്. ഈ കാലയളവിൽ സംഘടനാ ശക്തി വർദ്ധിപ്പിച്ചു. മാലിന്യനിർമാർജന സർവേ നടത്തിയത് കുടുംബശ്രീ പ്രവർത്തകരുടെ സേവനം ഉപയോഗിച്ചാണ്. ഡിജിറ്റൽ സാക്ഷരതയിൽ കുടുംബശ്രീ വഹിച്ച പങ്ക് വലുതാണ്. വയനാട് ദുരന്തത്തിൽ സഹായിക്കാൻ കുടുംബശ്രീ മൈക്രോ പ്ലാന്റ് തയ്യാറാക്കി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടിയിലധികം രൂപയാണ് നൽകിത്. പച്ചക്കറി, പുഷ്പ കൃഷികൾ ആരംഭിച്ചു, റെസ്റ്റാറന്റുകൾ തുടങ്ങി. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയിലെല്ലാം കുടുംബശ്രീയുണ്ട്.
? ഇ- സേവനങ്ങളുടെ പുരോഗതി...
തദ്ദേശസ്ഥാപനങ്ങളിൽ സേവങ്ങൾക്കായി ആരും ഉദ്യോഗസ്ഥരുടെ മുന്നിലെത്തരുതെന്നാണ് സർക്കാർ നിലപാട്. ഇ- ഗവേർണൻസിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. നഗരങ്ങളിൽ കെ- സ്മാർട്ടും പഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസുമാണ് ഇപ്പോൾ. പഞ്ചായത്തുകളിലേക്ക് കെ- സ്മാർട്ട് ഉടൻ വ്യാപിപ്പിക്കും. ഇതിലൂടെ 1,36,000 ഫയലുകൾ അവധി ദിനങ്ങളിൽ തീർപ്പാക്കി. പത്തു മുതൽ അഞ്ച് വരെയുള്ള ഓഫീസ് സംവിധാനം ഇതോടെ ഇല്ലാതാക്കി. എപ്പോഴും ജോലി ചെയ്യാം. വീഡിയോ കെ.വൈ.സിയിലൂടെ വധൂവരന്മാർ നേരിട്ട് എത്താതെ വിവാഹ രജിസ്ട്രേഷൻ സുഗമമായി നടക്കുന്നു. എല്ലാ സേവനങ്ങളും ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാക്കും. എത്രയൊക്കെ സുതാര്യമാക്കിയാലും ഇതിനെ മറികടക്കുന്ന കുബുദ്ധികൾക്കെതിരെ ശക്തമായ നടപടിയെടുക്കും. ഫയൽ മോണിട്ടറിംഗ് നന്നായി നടക്കുന്നുണ്ട്. അനാവശ്യമായി ഫയൽ പിടിച്ചുവയ്ക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |