SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

മരുന്നിനും മരുന്നില്ല; ചികിത്സ തേടി കോഴിക്കോട് മെഡി. കോളേജ്

a

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവശ്യ മരുന്നുകളില്ലാതായിട്ട് പന്ത്രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മരുന്നു വിതരണക്കാർക്ക് കഴിഞ്ഞ ഏപ്രിൽ മുതൽ വരുത്തിയ 90 കോടി രൂപ കുടിശ്ശിക നൽകാത്തതാണ് കാരണം. ഇത് നൽകിയില്ലെങ്കിൽ മരുന്നുവിതരണം നിറുത്തുമെന്ന് ദിവങ്ങൾക്ക് മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മെഡിക്കൽ കോളേജ് അധികൃതരോ സർക്കാരോ അത് കാര്യമാക്കിയില്ല. ഇതിൽ നടപടിയാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ പത്തിന് മരുന്നുവിതരണം നിലച്ചത്. പ്രശ്നത്തിന്റെ ആത്യന്തിക ഫലമനുഭവിക്കേണ്ടി വന്നത് സാധാരണക്കാരായ ജനങ്ങൾക്കും.

മാസങ്ങൾക്ക് മുമ്പും മരുന്നുവിതരണക്കാർ ഇതുപോലെ സമരം നടത്തിയിരുന്നു. അപ്പോഴാണ് സർക്കാർ ഉണർന്നത്. വിതരണം നിറുത്തുമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്യുമെന്ന് സർക്കാർ കരുതിക്കാണില്ല. ഇനി കരുതിയാലും കാര്യമില്ലാത്ത മട്ടിലാണ് കാര്യങ്ങൾ. സർക്കാരിന്റെ കെെയിൽ ചില്ലിക്കാശില്ലത്രെ കൊടുക്കാൻ. പാവപ്പെട്ട രോഗികളുടെ കാര്യമല്ലേ. അവർ എങ്ങനെയുമായിക്കൊള്ളട്ടെയെന്ന് കരുതിക്കാണുമോ?

തൃശൂർ മുതൽ കാസർകോട് വരെയുള്ളവർ വിവിധ ചികിത്സകൾക്കായി ഇവിടെയെത്തുന്നുണ്ട്. മരുന്നുവിതരണം നിറുത്തിയതോടെ വെട്ടിലായത് ഈ നിർദ്ധനരോഗികളാണ്.

തിരക്കേറിയ മെഡിക്കൽ കോളേജ് പോലുള്ള ആശുപത്രിയിൽ മരുന്നുവിതരണം തടസപ്പെട്ടാൽ നിസംഗരായി ഇരിക്കുകയാണോ സർക്കാർ ചെയ്യേണ്ടതെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുന്നുണ്ട്. പ്രശ്നത്തിൽ കോഴിക്കോട് എം.പി എം.കെ. രാഘവൻ ഇടപെട്ടതോടെ സംഗതി സീരിയസായി. ഇരുപത്തിനാല് മണിക്കൂർ ഉപവാസം നടത്തിയാണ് അദ്ദേഹം ആരോഗ്യവകുപ്പിന്റെ മെല്ലെപ്പോക്കിനെതിരെ രംഗത്തെത്തിയത്. ഇതോടെ പ്രശ്നത്തിൽ ആരോഗ്യമന്ത്രിയും ഇടപെട്ടു. കുടിശ്ശിക നൽകുമെന്നും മരുന്നു വിതരണ പ്രതിസന്ധി പരിഹരിക്കുമെന്നും പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ കരുതി ഉടൻ എല്ലാം ശരിയാകുമെന്നും വിതരണക്കാരുടെ കുടിശ്ശിക കെെയോടെ തീർക്കുമെന്നും. എന്നാൽ അതുണ്ടായില്ല. 150 അവശ്യമരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇവയിൽ അമ്പതെണ്ണം ആശുപത്രിയിലെത്തി. ബാക്കി ഉടനെത്തുമെന്നാണ് പറയുന്നതെങ്കിലും പ്രശ്നം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളായിട്ടില്ല. മരുന്നുവിതരണക്കാരുടെ കുടിശ്ശിക നൽകുന്നതിനെപ്പറ്റി മന്ത്രി ഒരുറപ്പും നൽകിയിട്ടില്ല. കിട്ടാനുള്ള പണം തീർത്തുലഭിക്കാതെ വിതരണം നടത്തില്ലെന്നാണ് കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ പറയുന്നത്. ഇക്കാര്യത്തിലാണ് കാര്യമായ ഇടപെടൽ വേണ്ടത്. മെഡിക്കൽ കോളേജ് അധികൃതർ വിതരണക്കാരുമായി ചർച്ച നടത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായിട്ടില്ല. എന്തു ചെയ്യാനാകും? പണം കൊടുക്കുകയാണ് വേണ്ടത്, ചർച്ചയല്ലെന്ന് കോളേജ് അധികൃതർ തന്നെ പറയുന്നു. അത് ചെയ്യേണ്ടത് സർക്കാരാണു താനും.

വലഞ്ഞ് ഗുരുതര

രോഗ ബാധിതർ

പ്രശ്നം രൂക്ഷമായിട്ടും കാരുണ്യ ഫാർമസി വഴി 150 അവശ്യ മരുന്നുകൾ എത്തിക്കാൻ തീരുമാനിച്ചതാണ് ആരോഗ്യവകുപ്പ് ചെയ്ത ഏക കാര്യം. എന്നാൽ ഇതുകൊണ്ട് പ്രശ്നം തീരുന്നില്ല. കീമോ തെറാപ്പി, ഹൃദ്രോഗം, വൃക്കരോഗം, ഡയാലിസിസ് തുടങ്ങിയവയ്ക്കുള്ള മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമല്ല. പുറത്തുനിന്നും വൻതുക കൊടുത്ത് വാങ്ങാൻ നിർദ്ധനരോഗികൾക്കാകില്ല. വീട്ടിൽ വച്ച് ഡയാലിസിസ് ചെയ്യാനുള്ള (പെരിട്ടോണിയൽ ഡയാലിസിസ്) ഫ്ലൂയിഡും കത്തീറ്ററും ലഭ്യമല്ല. ഇതേത്തുടർന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള വൃക്കരോഗികളാണ് വലയുന്നത്. കീമോയ്ക്ക് ഉപയോഗിക്കുന്ന ഡാ കാർബഡിൻ, ഫിൽഗാസ്റ്റീം, സെെറ്റാറാബിൻ, ബീവാസിസുമാബ്, സെെക്ലോ ഫോസ്ഫമെെഡ് തുടങ്ങിയവ ഉടൻ തീരുമെന്നാണ് വിവരം. സെപ്തംബർ വരെയുള്ള കുടിശ്ശികയെങ്കിലും നൽകാതെ വിതരണം പുനരാരംഭിക്കില്ലെന്നാണ് കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

മറ്റ് മെഡിക്കൽ കോളേജുകളിൽ ആശുപത്രി വികസന സമിതിക്ക് സാമ്പത്തികമായി സഹായിക്കാനാകുന്നുണ്ടെന്നും കോഴിക്കോട് അത് സാദ്ധ്യമല്ലെന്നുമാണ് സി.പി.എം കേന്ദ്രങ്ങൾ പറയുന്നത്. അതിന് കാരണം ഇവിടുത്തെ താത്കാലിക ജീവനക്കാരാണ്. അവർക്ക് ശമ്പളം കൊടുക്കുന്നത് ആശുപത്രി വികസന സമിതിയാണ്. അതുകഴിഞ്ഞ് അവരുടെ പക്കൽ പണമെവിടെ? വികസന സമിതി പണം കായ്ക്കുന്ന മരമല്ലല്ലൊ. താത്കാലിക ജീവനക്കാരെ നിയമിക്കേണ്ട സാഹചര്യമുണ്ടായത് എന്തുകൊണ്ടാണ്? സ്ഥിരം ജീവനക്കാരെ സർക്കാർ നിയമിക്കാത്തതാണ് അതിനുള്ള കാരണം. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ നിർമ്മിച്ചതുകൊണ്ടു മാത്രം കാര്യമാകില്ലല്ലോ. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ എന്തു ചെയ്യാനാകും. കേന്ദ്രസർക്കാർ പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടങ്ങളിൽ അനുബന്ധ സൗകര്യങ്ങളുണ്ടാക്കണം. ജീവനക്കാരും വേണം. ഇത് ചെയ്യേണ്ടത് സർക്കാരാണ്.

വിചിത്രവാദവുമായി

അധികൃതർ

നിലവിലെ പ്രതിസന്ധിക്ക് കാരണമായി അധികൃതർ പറയുന്ന ചില ന്യായങ്ങൾ വിചിത്രമാണ്. സൗകര്യങ്ങൾ കൂടിപ്പോയെന്നാണ് അവർ പറയുന്നത്. മികച്ച ചികിത്സ കിട്ടുമെന്ന് വന്നതോടെ കൂടുതൽ രോഗികൾ എത്താൻ തുടങ്ങിയത്രേ. അതോടെ ചെലവ് കൂടിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നുമാണ് സർക്കാർ ഭാഷ്യം. രോഗികൾക്ക് വേണ്ട കൂടുതൽ ചെലവ് വഹിക്കേണ്ടത് സർക്കാരല്ലാതെ മറ്റാരാണ്? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഭരിക്കുന്ന സർക്കാർ ഇത്തരം പൊള്ളയായ വാദങ്ങൾ ഉയർത്തുന്നതിൽ എന്തർത്ഥം?

മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് ഇൻഷ്വറൻസ് ആനുകൂല്യവും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് സർക്കാരിന് പണം കിട്ടാനുണ്ട്. ഈ തുക മെഡിക്കൽ കോളേജിന് നൽകിയാൽ തത്കാലം പ്രശ്നം തീരും. എന്നാൽ അതിനും നടപടിയില്ല. ആ തുക വാകമാറ്റി ചെലവഴിച്ചോ എന്നാണ് സംശയം. അത്രമാത്രം പ്രതിസന്ധി സർക്കാർ നേരിടുന്നുണ്ടല്ലൊ. എന്തായാലും അവശ്യ സർവീസായ ആശുപത്രി സേവനങ്ങൾ നിലയ്ക്കുന്ന സാഹചര്യം ഒട്ടും നല്ലതല്ല, പ്രത്യേകിച്ചും ഇടതുസർക്കാരിന്. ജനക്ഷേമത്തെപ്പറ്റിയും വികസനത്തെ പറ്റിയും വാതോരാതെ സംസാരിക്കുന്നവർക്ക് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION