SignIn
Kerala Kaumudi Online
Saturday, 29 August 2026 12.38 AM IST

കൊച്ചി മെട്രോ: ട്രാക്കിൽ ഉപേക്ഷിച്ച പേരുമാറ്രം

a

പത്താം വയസിലേക്ക് കടക്കുന്ന കൊച്ചി മെട്രോയെ 'കേരളം മെട്രോ'യെന്ന് പുനർനാമകരണം ചെയ്യാനുള്ള ശുപാർശ വിവാദങ്ങൾക്ക് വഴിവച്ചു. സംസ്ഥാന ഭരണനേതൃത്വത്തിന്റെ എതിർപ്പുകാരണം നീക്കങ്ങൾ നിറുത്തിവച്ചു. എന്നാൽ മെട്രോ പദ്ധതി മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കുന്നതോടെ പേരുമാറ്റ നിർദ്ദേശം കറങ്ങിത്തിരിഞ്ഞ് വീണ്ടുമെത്തിയാലും അത്ഭുതപ്പെടാനില്ല.


കേരളത്തിലെ ജനത്തിരക്കേറിയ നഗരങ്ങളിലൊന്നായ കൊച്ചിയുടെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായി മാറിയ കൊച്ചി മെട്രോ പത്താം വയസിലേക്ക് കടക്കുകയാണ്. ആലുവയിൽ നിന്ന് കൊച്ചി നഗരഹൃദയത്തിലൂടെ റെയിൽവേ സ്റ്റേഷനുകളെയടക്കം ബന്ധിപ്പിച്ചാണ് ഓട്ടം. പത്താം വാർഷികാഘോഷത്തിൽ ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ലൈനും സജ്ജമാകും. കായൽ ഗതാഗത സാന്നിദ്ധ്യമായി കൊച്ചി വാട്ടർ മെട്രോയുടെ ജനപ്രിയ സർവീസുകളും പുരോഗമിക്കുന്നു. ഇതിനിടയിലാണ് കൊച്ചി മെട്രോ കമ്പനിയുടെ പേരു മാറ്റം വാർത്തകളിൽ നിറഞ്ഞത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി സംസ്ഥാന സർക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം തേടി കൊച്ചി മെട്രോയുടെ എം.ഡി ലോക്‌നാഥ് ബെഹ്‌റ ശുപാർശ സമർപ്പിച്ചതാണ് വിവാദമായത്. കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റമെന്നും ബെഹ്‌റ വിശദീകരിച്ചിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാർ ഇതിന് പിന്നിൽ ചില രാഷ്ട്രീയ അജൻഡകളാണ് കണ്ടത്. മുഖ്യമന്ത്രിയടക്കം എതിർപ്പറിയിച്ചതോടെ മെട്രോയുടെ പേരു മാറ്റം ഫയലുകളിൽ ഒതുങ്ങുകയും ചെയ്തു.

ബെഹ്റ പറഞ്ഞത്


നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലേയും ഭാവിയിലേയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് കേരളം മെട്രോ റെയിൽ എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്നാണ് ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചത്.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് വിശാലമായ ഒരു നാമകരണം ലക്ഷ്യമിട്ടത്.

നാഗ്പൂർ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും ലഖ്നൗ മെട്രോ 'ഉത്തർപ്രദേശ് മെട്രോ' ആയും, അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ ഇതിനുള്ള നീക്കം നടത്തിയത്. പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് ലഭിക്കേണ്ടിയിരുന്നത്. അനുമതി ലഭിച്ചാൽ മറ്റ് നടപടികളിലേക്ക് കടക്കാനായിരുന്നു ശ്രമം. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റമെന്നും വ്യക്തമാക്കിയിരുന്നു. പേരുമാറ്റം കെ.എം.ആർ.എൽ കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാദ്ധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗും മാറ്റങ്ങളും നടപ്പാക്കുകയെന്നും എം.ഡി വിശദീകരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിപരീതമായി ഭവിച്ചു.

കേന്ദ്രത്തെ സംശയിച്ച്

കേന്ദ്ര- സംസ്ഥാന പങ്കാളിത്തമുള്ള സ്ഥാപനമാണ് കൊച്ചി മെട്രോ. അതിനാൽ പേരു മാറ്റാനുള്ള ബുദ്ധി ഉപദേശിച്ചത്

കേന്ദ്ര സർക്കാരാണോ എന്ന സംശയം കേരളത്തിലെ ഭരണമുന്നണിക്കുണ്ടായി. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ പേരുമാറ്റങ്ങളുടെ ഉസ്താദുക്കളാണെന്നതാകണം കാരണം. ‌ഡൽഹി രാജ്പഥിനെ (ബ്രിട്ടീഷ് കാലത്തെ 'കിങ്സ്‌വേ') കർത്തവ്യ പഥ് ആക്കിയതും
റേസ് കോഴ്‌സ് റോഡിനെ ലോക് കല്യാൺ മാർഗ് ആക്കിയതും എൻ.ഡി.എ സർക്കാരാണ്.
രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാൻ എന്നാക്കി. ഉത്തർപ്രദേശിലെ
അലഹബാദിനെ പ്രയാഗ്‌രാജ് എന്നാക്കി. ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യ എന്ന് പുനർനാമകരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വീക്‌സിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ എന്നാക്കി. അതുകൊണ്ടെല്ലാമാകണം കൊച്ചി മെട്രോയെ പുനർനാമകരണം ചെയ്യണമെന്ന ശുപാർശയിൽ കേന്ദ്രത്തിന്റെ കൈയുണ്ടാകുമെന്ന് കോൺഗ്രസ് സംശയിച്ചത്. എറണാകുളം എം.പി ഹൈബി ഈഡനും എം.എൽ.എ ടി.ജെ. വിനോദുമടക്കം പേരു മാറ്റത്തിനെതിരേ രംഗത്തെത്തി. എറണാകുളം ജില്ലക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശനും നയം വ്യക്തമാക്കി. പേരുമാറ്റാനുള്ള കെ.എം.ആർ.എല്ലിന്റെ നീക്കം ഏകപക്ഷീയമാണെന്നും മാദ്ധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതോടെ പേരുമാറ്റ നീക്കം കൊച്ചി മെട്രോ നിറുത്തിവച്ചു.

സംസ്ഥാനം തള്ളിയാൽ വിഷയം അവിടെ തീരുമെന്നും കെ.എം.ആർ.എൽ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
മെട്രോ റെയിലിന്റെ പേരിലെ കൊച്ചി മാറ്റില്ലെന്നും കമ്പനിയുടെ പേരു മാറ്റാനുള്ള ശുപാർശ മാത്രമാണു നൽകിയതെന്നും വിശദീകരിച്ചു.
ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനമുണ്ടെങ്കിൽ അവയ്ക്കായി ഒറ്റ മെട്രോ റെയിൽ കമ്പനി
മാത്രമായിരിക്കണം എന്നത് നേരത്തെ തന്നെയുള്ള കേന്ദ്ര മാർഗരേഖയാണ്. അതനുസരിച്ചാണ് ശുപാർശ നൽകിയതെന്നും വ്യക്തമാക്കി.

ഏതായാലും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ പ്രാരംഭ ജോലികൾ പോലും ആരംഭിച്ചിട്ടില്ല. ഒരു സംസ്ഥാനത്തെ എല്ലാ മെട്രോകളുടേയും നടത്തിപ്പിന് പൊതു കമ്പനി വേണമെന്ന കേന്ദ്ര മാർഗരേഖ നിലനിൽക്കികയാണ്. മഹാരാഷ്ട്രയും ഗുജറാത്തും ഉത്തർപ്രദേശുമെല്ലാം സംസ്ഥാനങ്ങളുടെ പേരുചേർത്ത് മെട്രോ പുനർനാമകരണം നൽകിയിരിക്കുകയാണ്. അതുകൊണ്ട് മെട്രോ സംവിധാനം വ്യാപിക്കുന്നതോടെ കമ്പനി കേരളത്തിന്റെ പേരിലാകാനുള്ള സാഹചര്യം കറങ്ങിത്തിരിഞ്ഞ് വന്നേക്കാം. ഇതുസംബന്ധിച്ചുള്ള ചർച്ചകളും തുടങ്ങിവയ്ക്കുന്നതാകും നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY