
"എന്തൊരു കുസൃതിയാണ് ഇവന്, ഒരിടത്ത് അടങ്ങിയിരിക്കില്ല". മാതാപിതാക്കൾക്ക് പലർക്കും പരാതി ഒഴിയാറില്ല. കുട്ടികളായാൽ കുറച്ച് കുസൃതിയൊക്കെ കാണും എന്ന് മുത്തച്ഛനോ മുത്തശ്ശിയോ കുട്ടിയെ ന്യായീകരിച്ച് രംഗത്തെത്തുന്നതോടെ രംഗം ശാന്തമാകുകയും ചെയ്യും. കാര്യം ശരിയാണ് കുട്ടികളുടെ കുസൃതി സാധാരണ കാര്യം തന്നെയാണ്. പക്ഷേ അമിതമായി അടങ്ങിയിരിക്കാതെയുള്ള ചലനങ്ങളും പ്രവൃത്തികളും പക്ഷേ വ്യത്യസ്തമായാണ് പരിഗണിക്കേണ്ടത്.
പ്രായത്തിന് അനുയോജ്യമല്ലാത്ത തരത്തിൽ ഹൈപ്പർ ആക്ടിവിറ്റി കാട്ടുന്നതും ഒരു കാര്യത്തിലും കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാത്തതും കുസൃതിയായി കണ്ട് തള്ളിക്കളയരുതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇത് കുട്ടികളിലെ എ.ഡി.എച്ച്.ഡി ( അറ്റൻഷൻ ഡെഫിസിറ്റ്/ഹൈപ്പർ ആക്ടിവിറ്റി ഡിസ് ഓർഡർ)എന്ന അവസ്ഥയുടെ ലക്ഷണമാകാം. പഠനത്തിൽ, ദൈനംദിനജീവിതത്തിൽ, മറ്റ് കുട്ടികളോടോടുള്ള സമീപനത്തിൽ, പൊതുസ്ഥലങ്ങളിലുള്ള ഇടപെടലുകളിൽ എല്ലാം കുട്ടികൾ പെരുമാറുന്നത് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
കുട്ടികളിലെ ഒരു ന്യൂറോ സംബന്ധമായ അവസ്ഥയാകാം ഇത്. നമ്മുടെ മക്കളുടെ സാധാരണ കൃസൃതിയും എ.ഡി.എച്ച്.ഡി അവസ്ഥയും തമ്മിൽ വേർതിരിച്ചറിയേണ്ടത് അനിവാര്യമാണ്. അതിന് വേണ്ട പരിഹാരം കാണേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എന്നാൽ കൃത്യമായ ക്ലിനിക്കൽ പരിശോധനകളിലൂടെയും ശരിയായ ബിഹേവിയറൽ തെറാപ്പിയിലൂടെയും പാരന്റിംഗ് രീതികളിലൂടെയുമൊക്കെ കുട്ടികളിലെ ഈ അവസ്ഥയെ മാറ്റിയെടുക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടിക്ക് 12 വയസിനുള്ളിൽ ഈ അവസ്ഥ കണ്ടുതുടങ്ങും. അതേസമയം, കുട്ടികൾ കുസൃതി കാണിക്കുന്നതെല്ലാം ഈ അവസ്ഥയാണെന്ന് കണ്ണുംപൂട്ടി പറയാനുമാകില്ല. കുട്ടികളുടെ പ്രായത്തിനോ വളർച്ചയ്‌ക്കോ അനുയോജ്യമല്ലാത്ത ശ്രദ്ധക്കുറവ്, അമിതമായ ഹൈപ്പർ ആക്ടിവിറ്റി, മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാതെ എടുത്തുചാടിയുള്ള പ്രവൃത്തികൾ, സ്വന്തം ഊഴം കാത്തുനിൽക്കാൻ സാധിക്കാതിരിക്കുക, കുറച്ച് സമയംപോലും ഒരു സ്ഥലത്ത് ഏകാഗ്രതയോടെ ഇരിക്കാൻ കഴിയാതെ വരിക, ചിന്തിക്കുന്ന കാര്യങ്ങൾക്ക് വിപരീതമായി ആരെങ്കിലും തീരുമാനമെടുത്താൽ അമിതമായി വാശി പിടിക്കുക/ദേഷ്യപ്പെടുക എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
വീട്ടിലും സ്‌കൂളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഒരേ പോലെ ഈ സ്വഭാവം പ്രകടമാകുന്നുണ്ടെങ്കിൽ ഇത് എ.ഡി.എച്ച്.ഡിയായി വിലയിരുത്താം. ഇത് സാധാരണയായി ബാല്യകാലത്തേ കുട്ടികൾ പ്രകടിപ്പിക്കാറുമുണ്ട്. ഇത്തരം ലക്ഷണങ്ങൾ കുട്ടിയുടെ പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കാം. കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ എ.ഡി.എച്ച്.ഡിയുള്ള കുട്ടികൾക്ക് ഒരു പോലെ പ്രശ്നം ഉണ്ടാകണമെന്നില്ല. എന്നാൽ പഠനത്തിൽ പിന്നോട്ടുപോവുക, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുക, കുട്ടികൾക്ക് സ്വയം തോന്നേണ്ട ആത്മബോധം നഷ്ടപ്പെടുക, കുടുംബത്തിലും സുഹൃത്തുകൾക്കുമിടയിലുള്ള ബന്ധങ്ങളിൽ വിള്ളൽവീഴുക എന്നിവ ഉണ്ടാകാറുണ്ട്. ഇത് കുട്ടികളിൽ ഒറ്റപ്പെടലിനും മറ്റ് മാനസിക സംഘർഷങ്ങൾക്കും വഴിയൊരുക്കും. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടുന്ന സ്വഭാവമുള്ള ഇവർ പലപ്പോഴും ലഹരിസംഘത്തിന്റെ പിടിയിലാകുന്നതും പതിവാണ്. മുതിർന്നാൽ ജോലിയുമായി ബന്ധപ്പെട്ട ചിട്ടകൾ പുലർത്താനും ആസൂത്രണത്തിനും ക്ഷമയ്ക്കും ഇത് വെല്ലുവിളിയാകാം. ഇതിനെല്ലാം അനിവാര്യമായത് ഇത്തരക്കാർക്ക് കിട്ടേണ്ട മാനസിക പിന്തുണയാണ്. എന്നാൽ ചിലർ വളർന്നുകഴിയുമ്പോൾ ജോലിസ്ഥലങ്ങളിലും മറ്റും അമിത വേഗവും വർദ്ധിച്ച ആവേശവും ചെയ്ത് തീർക്കേണ്ട ജോലികളിൽ വാശിയും കാണിക്കാറുണ്ട്.
ലക്ഷണങ്ങൾ ഇവയാകാം
1. ഒരു കാര്യത്തിലും കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
2. ഒരിടത്തും അടങ്ങിയിരിക്കാതെ എപ്പോഴും ഓടിനടക്കുകയോ ഉയരങ്ങളിൽ കയറുകയോ ചെയ്യുന്നത്
3. സ്വന്തം ഊഴം കാത്തുനിൽക്കാതെ ചാടിക്കയറി പ്രവർത്തിക്കുക
4. മുതിർന്നവർ നൽകുന്ന നിർദ്ദേശം കേട്ടാലും അവ അവഗണിക്കുകയോ ചെയ്ത് തീർക്കാതിരിക്കുകയോ ചെയ്യുക
5. പാലിക്കണമെന്ന് നിർദ്ദേശം നൽകുന്ന കാര്യങ്ങൾ ഇഷ്ടമല്ലെങ്കിൽ അവ ചെയ്ത് തീർക്കാതെ വാശി കാണിക്കുക
6. പല കാര്യങ്ങളിലും അക്ഷമരാകുകയും ശക്തമായ വൈകാരിക പ്രതികരണം പ്രകടിപ്പിക്കുകയും ചെയ്യുക
7. ഭക്ഷണം കഴിക്കുമ്പോഴോ പഠിക്കാനിരിക്കുമ്പോഴോ കൈകാൽ ചലിപ്പിക്കുക
കാരണങ്ങൾ പലത്
എ.ഡി.എച്ച്.ഡി എന്ന അവസ്ഥ പാരമ്പര്യമായും വരാറുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ജനിതക ഘടന ഉൾപ്പെടെയുള്ള മസ്തിഷ്‌ക വികാസവുമായി ബന്ധപ്പെട്ട പല ഘടകങ്ങളും എ.ഡി.എച്ച്.ഡിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥ ഉണ്ടെങ്കിൽ കുട്ടികളിലും ഇത് വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. കൂടാതെ ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ, മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ശരീരഭാരം എന്നിവയും ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കുട്ടികൾക്ക് വളരെ ചെറുപ്രായത്തിലേ അമിതമായ സ്‌ക്രീൻ ടൈമും ഇതിനൊരുകാരണമായി പറയപ്പെടുന്നുണ്ട്. സ്‌ക്രീൻ സമയം കൂടുമ്പോഴുണ്ടാകുന്ന ഉറക്കം കുറയൽ, ഏകാഗ്രത നഷ്ടപ്പെടൽ, കുടുംബത്തോടുള്ള ആശയവിനിമയത്തിനുള്ള സമയം കുറയൽ എന്നിവയും കുട്ടികളെ എ.ഡി.എച്ച്.ഡി എന്ന അവസ്ഥയിലേക്ക് എത്തിക്കും.
എങ്ങനെ നിയന്ത്രിക്കാം
എ.ഡി.എച്ച്.ഡി കണ്ടെത്തിയാൽ കൃത്യമായ ചികിത്സ, ബിഹേവിയറൽ തെറാപ്പി, സ്‌കൂളുകളിലേയും രക്ഷിതാക്കളുടെയും പിന്തുണ എന്നിവയാണ് പ്രധാന മരുന്ന്. കൃത്യമായ ചികിത്സ നൽകുന്നതിലൂടെ കുട്ടികളിലെ ഓവർ ആക്ടിവിറ്റിയെ ഒരു പരിധി വരെ നിയന്ത്രിക്കാം. കുട്ടികൾക്ക് മരുന്ന് നൽകുന്നുണ്ടെങ്കിൽ അത് കൃത്യമായി മുടങ്ങാതെ നൽകുക. കുട്ടികൾക്ക് അടിസ്ഥാനമായി വേണ്ട സാമൂഹിക വൈകാരിക കഴിവുകളെ ബിഹേവിയറൽ തെറാപ്പികളിലൂടെ നിയന്ത്രിക്കാം. ഒപ്പം കുട്ടികളെ കൂടുതൽ പരിപാലിക്കുന്ന മാതാപിതാക്കൾക്ക് അത്യാവശ്യം വേണ്ട പരിശീലനം നൽകാനും തെറാപ്പിയിലൂടെ കഴിയും. വീടുകളിൽ നിന്ന് കിട്ടുന്ന പിൻബലം ഇത്തരം കുട്ടികളുടെ സ്വഭാവത്തിൽ വളരെ മാറ്റം വരുത്തും. ഒപ്പം സ്‌കൂളുകളിൽ എ.ഡി.എച്ച്.ഡിയുള്ള കുട്ടികളിലെ ആസൂത്രണ കഴിവുകളെ ഉയർത്തിയെടുക്കാനും വിദ്യാലയങ്ങളിലൂടെ കഴിയും.
ചികിത്സ നൽകിയാലോ പൂർണ പിന്തുണ നൽകിയാലോ എ.ഡി.എച്ച്.ഡി പൂർണമായും ഇല്ലാതാകില്ല. എന്നാൽ പൂർണമായും ശ്രദ്ധ നൽകിയാൽ ഈ അവസ്ഥയെ നിയന്ത്രിക്കാം. പ്രായപൂർത്തിയായാൽ ചിലരിൽ ഇതിന്റെ ലക്ഷണം കാണിക്കാറില്ലെങ്കിലും ഈ അവസ്ഥ ഇവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. ഓരോ വ്യക്തിയുടെയും ആവശ്യത്തിനനുസരിച്ച് പരിചരണം നൽകുകയാണ് നമുക്ക് നൽകാൻ കഴിയുന്ന ഏക പോംവഴി.
വ്യത്യസ്തം പെൺകുട്ടികളിൽ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ എ.ഡി.എച്ച്.ഡി എന്ന അവസ്ഥ വ്യത്യസ്തമാണ്
എ.ഡി.എച്ച്.ഡിയുള്ള ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾ അമിതമായി പൊതുയിടങ്ങളിൽ സജീവമാകുകയോ ആവേശഭരിതരാകുകയോ ചെയ്യാത്തതിനാൽ ഈ അവസ്ഥ പെട്ടെന്ന് കണ്ടെത്താനാകില്ല.
ഇത് തിരിച്ചറിയാൻ വൈകിയാൽ എ.ഡി.എച്ച്.ഡി എന്ന അവസ്ഥയിൽ നിന്നുണ്ടാകുന്ന തകരാർ അവർ അനുഭവിച്ച് തുടങ്ങിയിട്ടുണ്ടാകും.
വിഷാദം, ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, മറവി, ഓർമ്മക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവ ഇതിൽ ഉൾപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |