SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

ദൃഢനിശ്ചയം, സ്ഥിരത

a
മോദി

പാരമ്പര്യമായി ലഭിച്ച വെല്ലുവിളികളെ അതേപടി അംഗീകരിക്കാൻ വിസമ്മതിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കാലം കടന്നുപോകുന്നതിനനുസരിച്ച് പ്രശ്നങ്ങൾ എത്രത്തോളം സങ്കീർണ്ണവും ബുദ്ധിമുട്ടേറിയതുമായി മാറിയാലും, പൊതുജീവിതത്തിൽ പരിഹരിക്കാൻ കഴിയാത്തത്ര വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. തന്റെ പ്രവൃത്തികളിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

'ചൽത്താ ഹൈ' (ഇങ്ങനെയൊക്കെ നടക്കട്ടെ) എന്ന മനോഭാവത്തിൽ നിന്ന് 'ബദൽ സക്താ ഹൈ' (മാറ്റം സാദ്ധ്യമാണ്) എന്ന ചിന്താഗതിയിലേക്ക് മാറുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിന സന്ദേശത്തിൽ സംസാരിച്ചത് ഞാൻ ഓർക്കുന്നു. സങ്കീർണമായ പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സുപ്രധാനമായ ഒരു വശം ഇതിൽ അടങ്ങിയിരിക്കുന്നു. അത്തരം പ്രശ്നങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. പകരം, ഘട്ടംഘട്ടമായും പടിപടിയായും സാഹചര്യത്തെ മാറ്റിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

തുടക്കത്തിൽ സംഘടനയിലെയും പിന്നീട് ഗവൺമെന്റിലെയും സഹപ്രവർത്തകനായാണ് മോദി ജിയെ ഞാൻ അടുത്തറിഞ്ഞിട്ടുള്ളത്. പതിറ്റാണ്ടുകളായി ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം, അനുച്ഛേദം 370ഉം രാമജന്മഭൂമിയും കേവലം താൽക്കാലിക രാഷ്ട്രീയ താത്പര്യമുള്ള വിഷയങ്ങളായിരുന്നില്ല. അവ ഞങ്ങൾ പതിറ്റാണ്ടുകളായി നെഞ്ചിലേറ്റിയ ആഴത്തിലുള്ള വിശ്വാസങ്ങളും ത്യാഗങ്ങൾ സഹിച്ച പോരാട്ടങ്ങളുമായിരുന്നു. എങ്കിലും, ഞങ്ങളുടെ സ്വന്തം പാർട്ടി കാര്യവാഹകരിൽ ചിലർ പോലും തങ്ങളുടെ കാലത്ത് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമോ എന്ന് സംശയിച്ച നിമിഷങ്ങളുണ്ടായിരുന്നു. എന്നാൽ മോദി അത് സാദ്ധ്യമാക്കി.

ഭരണത്തലവൻ

ദൃഢനിശ്ചയം, ധൈര്യം, വ്യക്തത, സ്ഥിരത എന്നിവയ്ക്ക് അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങളെപ്പോലും സാദ്ധ്യമാക്കാനാകും. ഭരണത്തലവൻ എന്ന നിലയിലുള്ള മോദിജിയുടെ തുടക്കം മുതൽ തന്നെ ഈ സമീപനം പ്രകടമായിരുന്നു. 2001 ഒക്ടോബറിൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ, ആ വർഷാരംഭത്തിലുണ്ടായ ഭൂകമ്പത്തിന്റെ വൻ തകർച്ചയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റിയതും ആ ദൃഢനിശ്ചയത്തിന്റെ ഭാഗമായിരുന്നു.

2014ൽ, ഇന്ത്യ 'ഫ്രജൈൽ ഫൈവ്' (ഏറ്റവും ദുർബലമായ അഞ്ച്) സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മുദ്രകുത്തപ്പെടുകയും ബാങ്കിംഗ് സംവിധാനം വൻ പ്രതിസന്ധികൾ നേരിടുകയും ചെയ്ത സമയത്താണ് മോദി പ്രധാനമന്ത്രിയാകുന്നത്. ആസ്തികളുടെ ഗുണനിലവാര പരിശോധന, ബാങ്കിംഗ് പരിഷ്‌കാരങ്ങൾ, പാപ്പരത്ത നിയമം തുടങ്ങിയ നടപടികളിലൂടെ ഈ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടു. തുടർന്ന്, ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരികയും വൈകാതെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌‌‌വ്യവസ്ഥയായി മാറാൻ ഒരുങ്ങുകയും ചെയ്യുന്നു.

ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ സമവായം ഒരിക്കലും ഉണ്ടാകില്ലെന്ന് പലരും കരുതിയിരുന്നു. എന്നാൽ മോദി അതിനായി തന്റെ രാഷ്ട്രീയ മൂലധനം വിനിയോഗിക്കാനും ആ പരിഷ്‌കാരം പൂർണമായി നടപ്പിലാക്കാനും തയ്യാറായതുകൊണ്ട് അത് സാദ്ധ്യമായി. ഇന്ന് ഡിജിറ്റൽ പേയ്‌മെന്റുകളിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി നാം ഇന്ത്യയെ കാണുന്നു. എന്നാൽ വെല്ലുവിളികളെ അതിജീവിച്ചാണ് ഇതും സാദ്ധ്യമാക്കിയത്.

ഇന്ത്യ സ്ഥിരമായി അംഗീകരിച്ചിരുന്ന മറ്റൊരു പ്രശ്നമായിരുന്നു ദാരിദ്ര്യം. കുടുംബങ്ങളെ ദാരിദ്ര്യത്തിൽ തളച്ചിട്ടിരുന്ന സാഹചര്യങ്ങളെ മാറ്റുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.

ഇന്ന് 25 കോടി ഇന്ത്യക്കാരാണ് ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്.

പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുത്തിയ ഒരു ആഭ്യന്തര സുരക്ഷാ പ്രശ്നമായിരുന്നു നക്സലിസം. സുരക്ഷയും വികസനവും എന്ന ഇരട്ട സമീപനത്തിലൂടെ ആ പ്രശ്നത്തിന് ഇപ്പോൾ ഫലപ്രദമായി അന്ത്യം കുറിച്ചിരിക്കുകയാണ്.

'മോദിയുണ്ടെങ്കിൽ

സാദ്ധ്യമാണ്'

പശ്ചിമേഷ്യയിലെ സമീപകാല പ്രതിസന്ധി ഊർജ്ജ സുരക്ഷ, കപ്പൽ ഗതാഗതം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികൾ ഉയർത്തിക്കാട്ടി. ഇവിടെയും പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കുക എന്നതിന് പകരം, ഇന്ത്യയ്ക്ക് ഒന്നിലധികം പ്രശ്നങ്ങളെ ഒരേസമയം കൈകാര്യം ചെയ്യേണ്ടതാവശ്യമായി വന്നിരിക്കുന്നു. ഗവൺമെന്റിനെയും സമൂഹത്തെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സമീപനം പക്വതയും ഉത്തരവാദിത്തവും നിറഞ്ഞതാണ്.

വർഷങ്ങൾ കടന്നുപോയപ്പോൾ, ഈ പ്രത്യേക പ്രവർത്തന ശൈലിയെ ഉൾക്കൊള്ളുന്ന ഒരു വാചകം തന്നെ ഉയർന്നുവന്നു: 'മോദി ഹൈ തോ മുംകിൻ ഹൈ' (മോദിയുണ്ടെങ്കിൽ സാദ്ധ്യമാണ്).

ഇന്ത്യയുടെ രാഷ്ട്രീയ പരിവർത്തനത്തിലും ഇത് ദൃശ്യമാണ്. ഭാരതീയ ജനതാ പാർട്ടി ചില മേഖലകളിലും സാമൂഹിക വിഭാഗങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയാണെന്ന് മുദ്രകുത്തപ്പെട്ടിരുന്നു. അത് മാറ്റാനായി മോദി കഠിനമായി പ്രയത്നിച്ചു. ഇന്ന്, വടക്കുകിഴക്കൻ മേഖലയിലും കിഴക്കൻ ഇന്ത്യയിലും ബി.ജെ.പി.ക്കുണ്ടായ വളർച്ചയും, ദരിദ്രർ, ഗ്രാമീണർ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കിടയിൽ ആഴത്തിലുണ്ടായ പിന്തുണയും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ മാറ്റിമറിച്ചു.

രാജ്യത്തിന് വേണ്ടത്

നേടിയെടുക്കുന്നു

നരേന്ദ്രമോദിയുടെ യാത്രയെ സൂക്ഷ്മമായി നിരീക്ഷിച്ചവർക്ക് ഒരു കാര്യം വ്യക്തമാണ്; സാഹചര്യങ്ങൾ എന്താണ് അനുവദിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടല്ല അദ്ദേഹം തുടങ്ങുന്നത്. രാജ്യത്തിന് എന്താണ് വേണ്ടത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്, അത് നേടിയെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. 2047ഓടെ വികസിത ഭാരതം ആകാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് ഈ ചിന്താഗതി സുപ്രധാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION