SignIn
Kerala Kaumudi Online
Thursday, 08 October 2026 2.46 AM IST

വീഴ്ചകൾ ഓർമ്മിപ്പിച്ച് സഖാക്കൾ

ss

കോഴിക്കോട് നടന്ന സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മറ്റിക്കുശേഷം ജില്ലാ കമ്മിറ്റികൾ കൂടിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ വിപുലീകൃത കമ്മിറ്റി കഴിഞ്ഞ ദിവസം നടന്നു. പത്ത്‌വർഷം സർക്കാരിനെ നയിച്ച സി.പി.എമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെ വിമർശനമുയർന്നു. ജില്ലയിലെ അഞ്ച് നിയമസസഭാ മണ്ഡലങ്ങളും കയ്യിലുണ്ടായിരുന്ന എൽ.ഡി.എഫിന് ഇപ്പോൾ ഒന്നു മാത്രമേയുള്ളു. പരാജയത്തിന്റെ കാരണങ്ങൾ ഒട്ടേറെയാണ്. ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും പ്രവർത്തന ശൈലികൾ പൊതുജനങ്ങൾക്ക് പിടിക്കാതെ വന്നത് പരാജയത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. അവർക്കൊപ്പം ജില്ലയിൽ നിന്നുള്ള മുൻ മന്ത്രി വീണാജോർജും സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറും തോൽവിയുടെ ആഘാതം വർദ്ധിപ്പിച്ചതിന് കാരണക്കാരാണ്. ജില്ലയിലെ പാർട്ടി ഘടനകൾ ദുർബലമായെന്നും ആക്ഷേപം ശക്തമാണ്. യു.ഡി.എഫ് കോട്ടയായിരുന്ന ജില്ല പൂർണമായും ഇടത്തോട്ടുചാഞ്ഞതാണ്. ഇപ്പോൾ എല്ലാം കൈവിട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭയിലും കിട്ടി. തുടർന്നു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്താനായില്ല.
വീഴ്ചകളെ വെള്ളപൂശുന്ന പുതിയ രക്ഷാപ്രവർത്തനമാണ് സംസ്ഥാന നേതാക്കളുടേത്. എക്സാലോജിക് കേസിൽ മുഖ്യമന്ത്രിയെയും മകളെയും പിന്തുണക്കുകയാണ് പാർട്ടി. മുഖ്യമന്ത്രിയെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനാണ് ശത്രുക്കളുടെ ശ്രമമെന്നാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞത്. സി.പി.എം നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന പരാതിയില്ല. കൈക്കൂലി വാങ്ങിയ ഒരു നേതാവും നേതൃത്വത്തിലില്ല. രണ്ടു കമ്പനികൾ തമ്മിലുള്ള സേവനക്കരാറിൽ എന്താണ് തെറ്റ് എന്നാണ് സി.പി.എം നേതാവ് ചോദിക്കുന്നത്. അവസാനം ഇ.ഡി സംസ്ഥാന സർക്കാരിന് ഒരു കത്തയച്ചു. അതുവച്ച് കേസെടുത്തു. ഇ.ഡിയെ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണെന്ന പാർട്ടി നിലപാട് വിജയരാഘവൻ പത്തനംതിട്ടയിലെ സമ്മേളനത്തിൽ ആവർത്തിച്ചു. കേന്ദ്രസർക്കാർ തിരശീലക്ക് പിന്നിലിരിക്കുന്ന ആർ.എസ്.എസിന്റെ കയ്യിലാണെന്നും ജനാധിപത്യത്തെ അവർ കശാപ്പ് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശൻ വർഗീയത വീതം വച്ചു കൊടുക്കുന്ന ആളാണെന്ന് പറഞ്ഞ വിജയരാഘവൻ ഭരണഘടനാ സ്ഥാപനങ്ങൾ ബി.ജെ.പിക്കും മുസ്ലീം ലീഗിനുമായി പങ്കിട്ടു നൽകിയെന്ന് കുറ്റപ്പെടുത്തി. ഭരണ പരിഷ്കാര കമ്മിഷൻ ലീഗിന്റെ കയ്യിലായി. ഭരണഘടനാ സ്ഥാപനങ്ങളെ ആർ.എസ്.എസിന്റെ കൈയിലെത്തിച്ചു. ഗവർണറെ മുൻ സർക്കാർ ചോദ്യം ചെയ്തിരുന്നു. സതീശൻ സർക്കാർ ഗവർണർക്ക് കീഴടങ്ങിയെന്നും വിജയരാഘവൻ ആരോപിച്ചു.

രണ്ടു ദിവസത്തെ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത പ്രതിനിധികൾ ചർച്ചകളിൽ മയപ്പെട്ടാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ തിര‌ഞ്ഞെടുപ്പിന് പിന്നാലെ നടന്ന ജില്ലാ കമ്മറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ, വിപുലീകൃത കമ്മറ്റിയെ തെറ്റു തിരുത്തലിനുള്ള അവസരമായിട്ടാണ് അംഗങ്ങളും കണ്ടത്. മുൻ മന്ത്രി വീണാജോർജ് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

 ഇടവേളയ്ക്ക് ശേഷം പാർട്ടി വേദിയിൽ വീണ

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വീണയെ പാർട്ടി പരിപാടികളിലോ കമ്മിറ്റികളിലോ കണ്ടിരുന്നില്ല. ജില്ലയിലെ പാർട്ടി നേതാക്കളുമായി അകൽച്ചയിലാണ് വീണ. അവർ എന്തുകൊണ്ട് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ചോദ്യത്തിന് ജില്ലാ നേതൃത്വം വ്യക്തമായ മറുപടി നൽകിയിട്ടില്ല. വീണ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണെന്നായിരുന്നു വാർത്താ ലേഖകരുടെ ചോദ്യത്തിന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെആദ്യ പ്രതികരണം. വീണ ചികിത്സയിലാണെന്നാണ് അറിവെന്നും ഇപ്പോഴത്തെ സ്ഥിതി അറിയില്ലെന്നും സെക്രട്ടറിക്ക് പറയേണ്ടി വന്നു. ചികിത്സയ്ക്ക് ജില്ലാ കമ്മിറ്റിക്ക് അവധി നൽകിയിരുന്നില്ല. അതു നൽകേണ്ടത് സംസ്ഥാന സമിതിക്കാണ്. പാർട്ടി പരിപാടികളിലും ബഹുജന സമരങ്ങളിലും പങ്കെടുക്കാത്ത വീണക്കെതിരെ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമുയരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, പ്രതിനിധികളാരും വിഷയം ഉന്നയിച്ചില്ല. രണ്ടായിരത്തി പതിനാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുളയിൽ മത്സരിക്കാനാണ് വീണ പാർട്ടി അംഗമായത്. പാർട്ടി സംസ്ഥാന നേതൃത്വമാണ് അവരെ ആറൻമുളയിലേക്ക് വിട്ടത്. പാർട്ടി പാരമ്പര്യമോ സമരാനുഭവങ്ങളോ ഇല്ല. അതുണ്ടെങ്കിലല്ലേ വിമർശിക്കേണ്ടതുള്ളൂ എന്നാണ് പ്രതിനിധികളുടെ മനസിലിരുപ്പ്.

 ശൈലി മാറണം

പാർട്ടിയെ വലിയ കരുത്തോടെ തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെയാണ് വിപുലീകൃത ജില്ലാ കമ്മിറ്റി അവസാനിച്ചത്. വലിയ കഠിനാധ്വാനം വേണ്ടിവരും. വർഗ, ബഹുജന സംഘടനകളിൽ അംഗ സംഖ്യ കുറയുന്നതായി വിലയിരുത്തലുണ്ട്. താഴെ തട്ടിലെ ജനവിഭാഗങ്ങളിലെ വോട്ടു ചോർച്ച തടയണം. പാർട്ടി വിട്ടുപോയവരെ തിരികെയെത്തിക്കണം. അതിന് ജനങ്ങളാേട് വിനയത്തോട് പെരുമാറുന്ന പ്രവർത്തന ശൈലിയാണ് ആദ്യം രൂപപ്പെടേണ്ടത്. പ്രതിനിധി സമ്മേളനത്തിൽ ഉയർന്ന പൊതുഅഭിപ്രായം ഇങ്ങനെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION