SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

'രാജനെ കൊന്ന് പുഴയിൽ എറിഞ്ഞു',​ കക്കയം ക്യാമ്പിൽ പി.രാജൻ കൊല്ലപ്പെട്ടിട്ട് ഇന്ന് അമ്പത് വർഷം

ss

കൽപ്പറ്റ:''പി.രാജനെ കൊന്ന് പുഴയിൽ ഒഴുക്കിയതാണ്. കുപ്രസിദ്ധമായ കക്കയം ക്യാമ്പിൽ വച്ച് ഉരുട്ടൽ അടക്കം അവനെ അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കി.അവന്റെ നിലവിളികൾ ക്യാമ്പിൽ ഉയർന്നു.ഒടുവിൽ മരണപ്പെട്ടുവെന്ന് തോന്നിയപ്പോൾ ചാക്കിൽ കെട്ടി കൊണ്ടുപോയി വയറ് കീറി പുഴയിലേക്ക് വലിച്ചെറിഞ്ഞു.മൃതദേഹം പൊന്തി വരാതിരിക്കാൻ വേണ്ടിയാണത്.1976 മാർച്ച് 1നാണ് രാജൻ കൊല്ലപ്പെടുന്നത്.ഉച്ചക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയ്ക്കാണത്.എനിക്ക് ഉറപ്പുണ്ട്.രാജൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് വർഷം അമ്പതാകുന്നു...''രാജൻ കേസിലെ ഏക ദൃക്സാക്ഷി ഡോ: അബ്രഹാം ബെൻഹർ(82) തറപ്പിച്ച് പറയുന്നു.

ജനാധിപത്യ മൂല്യങ്ങളുടെ കാവൽക്കാരനായിരുന്നു രാജൻ.അവൻ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനാ പക്ഷക്കാരനായിരുന്നു.എന്നാൽ മറ്റേതെങ്കിലും വിപ്ളവ പാർട്ടിയുടെ പ്രതിനിധിയോ പ്രവർത്തകനോ ആയിരുന്നില്ല.മകന്റെ വിയോഗത്തിൽ നീതിതേടി അലഞ്ഞ്, ഒടുവിൽ മരണപ്പെട്ട ഒരച്ചന്റെ ദു:ഖം കേരളം കണ്ടു.രാജൻ മരിക്കുന്നില്ല. അബ്രഹാം ബെൻഹർ പറയുന്നു.കോഴിക്കോട് കുന്നമംഗലം റീജണൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്നു പി.രാജൻ. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥിയായിരുന്ന അബ്രഹാം ബെൻഹറെ അറസ്റ്റ് ചെയ്ത് കക്കയം ക്യാമ്പിൽ കൊണ്ടുവന്ന് ക്രൂരമർദ്ദനത്തിനിരയാക്കി. അന്നവിടെ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന രാജന്റെ സഹപാഠിയായ ജോസഫ് ചാലിൽ,തൊഴിലാളി നേതാവും ഇപ്പോഴത്തെ ഇടത് മുന്നണി കൺവീനറുമായ ടി.പി.രാമകൃഷ്ണൻ എന്നിവരടക്കം നിരവധി വിദ്യാർത്ഥികളെയും യുവാക്കളെയും അദ്ധ്യാപകരെയും അതിഭീകരമായ മർദ്ദന മുറകൾക്ക് വിധേയരാക്കി.

അതിതീവ്രവാദിയെന്നും നക്സലൈറ്റെന്നും മുദ്രചാർത്തി 13 ദിവസം ക്യാമ്പിൽ ഉരുട്ടലടക്കം മർദ്ദനമുറകൾക്ക് വിധേയമായി.ജയറാം പടിക്കൽ,മധുസൂദനൻ,മുരളി കൃഷ്ണദാസ്,പി.ലക്ഷമണ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മർദ്ദനം.മാർച്ച് ഒന്നിന് ഉച്ചയോടെ ഒരു പൊലീസുകാരൻ ഉദ്യോഗസ്ഥരോട് വന്നുപറഞ്ഞു ആ പയ്യന്റെ ബോധം പോയെന്ന്.തൊട്ടടുത്ത മുറിയിൽ ചേതനയറ്റ് കിടന്ന യുവാവിനെ ബെൻഹർ കണ്ടു.അത് രാജനാണെന്ന് ജോസഫ് ചാലിയാണ് പിന്നീട് ബെൻഹറിനോട് പറഞ്ഞത്. എന്തോ അത്യാഹിതം സംഭവിച്ചെന്ന് ബെൻഹറിന് തോന്നി.അടുത്ത ദിവസം മുതലാണ് ബെൻഹറിന് ക്രൂരമർദ്ദനം.നിന്നെയൊക്കെ ഉരുട്ടിക്കൊന്ന് വയറ് കുത്തിക്കീറി ജഡം ചാക്കിൽകെട്ടി പുഴയിലേക്ക് എറിഞ്ഞാൽ ആരുമറിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം.കക്കയത്തുനിന്ന് നേരെ മാലൂർകുന്നിലേക്ക്. പിന്നെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക്.ഏപ്രിൽ 22ന് മോചിതനാകുംവരെ കണ്ണൂരിലായിരുന്നു.

രാജന്റെ അച്ഛൻ ഈച്ചര വാര്യർ നൽകിയ നഷ്ടപരിഹാരകേസിൽ മൂന്നാംസാക്ഷിയായിരുന്നു ബെൻഹർ.സോഷ്യലിസ്റ്റ് വിദ്യാർത്ഥി യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. 18 വയസിൽ വോട്ടവകാശം വേണമെന്ന് പറഞ്ഞ് പാർലമെന്റിലേക്ക് മാർച്ച് നടത്തി. 1970ൽ തീഹാറിലും, 1973ൽ പൂജപ്പുര ജയിലിലും കിടന്നു. കക്കയം ക്യാമ്പിൽ വച്ച് രാജനെ കൊന്ന് ജഡം ചാക്കിൽക്കെട്ടി കോരപ്പുഴയിൽ ഒഴുക്കിയെന്ന സത്യം കോഴിക്കോട് പത്രസമ്മേളനം നടത്തി ബെൻഹർ വിളിച്ചുപറഞ്ഞു.കോഴിക്കോട് സർവകലാശാലയിലെ ആദ്യബാച്ചിലെ എം.എ. വിദ്യാർത്ഥി.പത്താംക്ലാസിൽ പഠിക്കുമ്പോൾ കാപ്പിക്കുരു മുളപ്പിച്ച് ചെടി ഉണ്ടാക്കി കൃഷി ചെയ്താണ് ഫീസ് അടച്ചത്.സ്വന്തം തോട്ടത്തിലെ കാപ്പിക്കുരു പറിക്കാൻ ലൈസൻസ് വേണമെന്ന കോഫി ബോർഡ് നിയമത്തിനെതിരെയാണ് ബെൻഹറിന്റെ ആദ്യ പ്രതിഷേധം.

നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് ഈ പച്ചക്കുപ്പായക്കാരൻ.സാക്ഷരതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിക്ക് 1997ൽ ദേശീയ അവാർഡ് ലഭിച്ചു. ഭാര്യ: ആനി ടീച്ചർ.മകൻ:നിത്യൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COLUMNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY