SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

തലയെടുപ്പുള്ള ഭരണാധികാരി

sankar-

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വീര്യവും തത്വാധിഷ്ഠിത നിലപാടുകളുമുള്ള ഭരണാധികാരികളിൽ പ്രമുഖനാണ് ആർ.ശങ്കർ. സാമൂഹികപരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, മാദ്ധ്യമ പ്രവർത്തകൻ, സംഘാടകൻ, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, തത്വങ്ങളിലും ആദർശങ്ങളിലും തെല്ലും വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതക്കാരനായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലൂടെയും തുടർന്ന് ശ്രീനാരായണ ട്രസ്റ്റിന്റെ സ്ഥാപനത്തിലൂടെയും സാധാരണക്കാർക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ സമാനതകളില്ലാത്തതാണ്.

സ്വന്തം ബാല്യകാലത്തെ ക്ലേശകരമായ പഠനാനുഭവങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്, കേരളത്തിലുടനീളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൻശൃംഖല പടുത്തുയർത്തി സംസ്ഥാനത്തെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിച്ചു. ജനസേവനത്തെ അധികാരത്തേക്കാൾ ഉപരിയായികണ്ട ആർ.ശങ്കറിന്റെ ഭരണകാലഘട്ടം രാഷ്ട്രീയകൊടുങ്കാറ്റുകൾ നിറഞ്ഞതായിരുന്നു. എങ്കിലും, ഭരണപരമായമികവും നട്ടെല്ലുള്ള നിലപാടുകളുംകൊണ്ട് അത് കേരള ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടു.

1909 ഏപ്രിൽ 30ന് കൊട്ടാരക്കര പുത്തൂരിലാണ് രാമൻ ശങ്കർ ജനിച്ചത്. അഭിഭാഷകനായാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ജനറൽസെക്രട്ടറിയായും പ്രസിഡ

ന്റായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, ഈഴവ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കായി അഹോരാത്രം പരിശ്രമിച്ചു.

ശ്രീനാരായണട്രസ്റ്റ് രൂപീകരിച്ച് സംസ്ഥാനത്തുടനീളം കോളേജുകളും സ്കൂളുകളും സ്ഥാപിച്ചതിന് പിന്നിലെ പ്രധാന സൂത്രധാരൻ അദ്ദേഹമായിരുന്നു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാലയങ്ങൾ പ്രാപ്യമാക്കണമെന്ന അദ്ദേഹത്തിന്റെ ഉറച്ച ആഗ്രഹമായിരുന്നു ഇതിനുപിന്നിൽ. ശ്രീനാരായണ ഗുരുവിന്റെ 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ആഹ്വാനം യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ആർ.ശങ്കർ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലേക്ക് വന്ന കാലഘട്ടത്തിൽ ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ നില ഒട്ടും തൃപ്തികരമായിരുന്നില്ല. 1941ലെ സെൻസസ് പ്രകാരം 1,13,540 ഈഴവ കുട്ടികൾ മാത്രമാണ് വിദ്യാലയങ്ങളിൽ പോയിരുന്നത്. ഇതിൽ കഷ്ടിച്ച് 500 പേർ മാത്രമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്നത്. യു.ജി.സി റിപ്പോർട്ട് പ്രകാരം അക്കാലത്ത് ഇന്ത്യയിലാകെ 21 സർവകലാശാലകളും 500 കോളേജുകളുമാണുണ്ടായിരുന്നത്.

1945ൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ 41-ാമത് വാർഷിക സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറിയായിരുന്ന ആർ.ശങ്കർ പിന്നാക്കക്കാർ ബഹുദൂരം പിന്നിലാണെന്ന് സമർത്ഥിക്കുന്ന ഈ കണക്കുകൾ അവതരിപ്പിച്ചു. തുടർന്നാണ് കൊല്ലത്ത് ഒരു ഒന്നാം ഗ്രേഡ് കോളേജ് തുടങ്ങാനുള്ള നടപടികൾ ആരംഭിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ശാഖകൾ വഴി വീടുകൾതോറും കയറിയിറങ്ങി ശേഖരിച്ച കാർഷിക ഉൽപ്പന്നങ്ങളും പിടിയരിയും വിറ്റുകിട്ടിയ തുകയും കൂടിഉപയോഗിച്ചാണ് കൊല്ലം എസ്.എൻ കോളേജ് ഉൾപ്പെടെയുള്ള പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ളഫണ്ട് സ്വരൂപിച്ചത്.

ജാതി-മത ചിന്തകൾക്കതീതമായി എല്ലാവർക്കും പ്രവേശനംനൽകുന്ന നയമാണ് അദ്ദേഹ ത്തിന്റെ സ്ഥാപനങ്ങൾ സ്വീകരിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ ഒരു സാമൂഹിക നവോത്ഥാനം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1952ൽ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ട്രസ്റ്റ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച കാലയളവിൽ, പിന്നാക്ക-സാധാരണ വിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം എസ്.എൻ ട്രസ്റ്റിന് രൂപം നൽകിയത്. ശങ്കറിന്റെ നേതൃത്വത്തിൽ എസ്‌.എൻ.ട്രസ്റ്റ് സംസ്ഥാനത്തുടനീളം കോളേജുകൾ, ബിരുദാനന്തര ബിരുദ കേന്ദ്രങ്ങൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ, സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ ശൃംഖല ആരംഭിച്ചു.

1960 മുതൽ 1962വരെയുള്ള കാലയളവിൽ സംസ്ഥാന ഉപമുഖ്യമന്ത്രിയായും, തുടർന്ന് 1962 മുതൽ 1964വരെ മുഖ്യമന്ത്രിയായും തിളങ്ങിനിന്ന ചുരുങ്ങിയ ദിനങ്ങളിലാണ് കേരളത്തിന്റെ ചരിത്രരേഖകളെ തിരുത്തിയെഴുതിയ ധീരവും വിപ്ലവകരവുമായ ആ മാറ്റങ്ങൾക്ക് അദ്ദേഹം അമരക്കാരായത്. ഉന്നതവിദ്യാഭ്യാസത്തെ സാധാരണക്കാരന് പ്രാപ്യമാക്കാൻ അദ്ദേഹം ആവിഷ്കരിച്ച ദീർഘവീക്ഷണമായിരുന്നു 'ജൂനിയർ കോളേജ്' സമ്പ്രദായം.

1960ന് മുൻപുള്ള ദശാബ്ദങ്ങളിൽ കേവലം 66 കോളേജുകൾ മാത്രം നിലനിന്നിരുന്ന സ്ഥാനത്താണ്, ആർ.ശങ്കറിന്റെ നാലരവർഷത്തെ ഭരണംകൊണ്ട് മാത്രം 65 (63 എയ്ഡഡ്+രണ്ട് സർക്കാർ) പുതിയ കോളേജുകൾക്ക് പുറമെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളും (കോട്ടയം, ആലപ്പുഴ) ആരംഭിക്കുകയുണ്ടായത്. ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം വിപ്ലവങ്ങളാണ് അദ്ദേഹത്തെ ആധുനിക കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ അനിഷേധ്യനായ സ്ഥാപകനാക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും പങ്കാളിത്തവും തോളോടുതോൾ ചേർന്നുള്ള പുരോഗതിയും ഉറപ്പാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

(കൊല്ലം എസ്.എൻ.കോളേജ് മുൻ സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ എക്സിക്യൂട്ടീവ് അംഗവുമാണ് ലേഖകൻ. ഫോൺ: 9447266303)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R SHANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION