
സർക്കാർ ജോലി എന്ന സ്വപ്നം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറിക്കൂടുക എന്നത് ജീവിതവ്രതം. അതിനായി ഉറക്കമിളച്ചിരുന്ന് ഉദ്യോഗാർത്ഥികളുടെ പഠനം. റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയാലോ, അർഹതയുള്ളവരെ തഴഞ്ഞ് വേണ്ടപ്പെട്ടവർക്ക് മാർക്ക് വാരിക്കോരി നൽകി നിയമനം 'ഒപ്പിച്ചു കൊടുക്കുന്ന' പി.എസ്.സിയിലെ ലോബി. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടംനേടി നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കുന്നവർക്ക് ഇരുട്ടടി. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിച്ച സംഭവങ്ങൾ നിരവധി. പി.എസ്.സിയിലെ നിയമനത്തട്ടിപ്പും അതിന്റെ ഉള്ളുകളികളും വെളിവാക്കുന്ന 'നിയമന വഴിയിലെ ഇത്തിൾകണ്ണികൾ' പരമ്പര ഇന്നുമുതൽ.
.....................................
ഭർത്താവിന് ഉദ്യോഗം പി.എസ്.സിയിൽ. ഭാര്യ തൊഴിൽരഹിത. എന്നും രാവിലെ ഭർത്താവ് ഓഫീസിലേക്ക് പോകുമ്പോൾ ഭാര്യയ്ക്കും ഒരാഗ്രഹം. തനിക്കുമൊരു സർക്കാർ ജോലി വേണം. പതിനായിരങ്ങൾക്ക് ജോലി നൽകുന്ന പി.എസ്.സിയിൽ ഉദ്യോഗസ്ഥനായ ഭർത്താവുള്ളപ്പോൾ എന്തിന് കഷ്ടപ്പെട്ട് മാസങ്ങളോളം പഠിക്കണം. വഴി ഉദ്യോഗസ്ഥ ഭർത്താവുതന്നെ കണ്ടുപിടിച്ചു! രണ്ടുവട്ടം വിജ്ഞാപനം ചെയ്തിട്ടും യോഗ്യതയുള്ളവർ ഇല്ലാത്തതിനാൽ നിയമനം നടത്താനാവാത്ത ഒരു തസ്തികയുണ്ട്.
എന്തിനത് വെറുതേയിടണം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയ്ക്കടുത്തുള്ള ഒരു കോഴ്സ് സർട്ടിഫിക്കറ്റ് 'ഒപ്പിച്ചെടുത്തു'. ഇന്റർവ്യൂവിൽ കനപ്പെട്ട മാർക്കും നേടിയെടുത്തു. നിയമനം ഓ.ക്കെ. പി.എസ്.സിയുടെ വിശ്വാസ്യത ഇല്ലാതാക്കി സ്വാധീനവഴിയിൽ ഒപ്പിച്ചെടുത്ത നിയമനത്തട്ടിപ്പിൽ ഒന്നുമാത്രമാണിത്. ഇത്തരത്തിലുള്ള സംഭവങ്ങൾ പരാതി രൂപത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തിയപ്പോൾ പി.എസ്.സി ചെയർമാനും ചില ഉദ്യോഗസ്ഥരുമടക്കം ചോദ്യമുനയിലായി.
പി.എസ്.സിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ജോലിനൽകാൻ വല്ലാത്ത ഗൂഢാലോചനയാണ് നടന്നത്. ഖാദിബോർഡിനു കീഴിൽ ഉത്പാദിപ്പിക്കുന്ന വിവിധതരം എണ്ണകളുടെ ഗുണനിലവാര പരിശോധനയാണ് വില്ലേജ് ഓയിൽ ഇൻസ്പെക്ടറുടെ ജോലി. സയൻസ് വിഷയത്തിൽ ബിരുദവും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അംഗീകരിച്ച സൂപ്പർവൈസറി ട്രെയിനിംഗ് ഇൻ വില്ലേജ് ഓയിൽ ഇൻഡസ്ട്രി എന്ന സർട്ടിഫിക്കറ്റുമായിരുന്നു യോഗ്യത. 2015, 2017 വർഷങ്ങളിൽ വിജ്ഞാപനം ഇറക്കിയെങ്കിലും യോഗ്യരായവർ ഇല്ലായിരുന്നു. അപ്പോഴാണ് ജോലി പുറത്ത് ആർക്കും നൽകേണ്ടെന്നും പി.എസ്.സി ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നൽകാമെന്നുമുള്ള ചിന്ത ഉണർന്നത്. 2019ൽ വിജ്ഞാപനമിറക്കി നിയമനത്തിന് കളമൊരുക്കി.
മഹാരാഷ്ട്ര നാസിക്കിലെ ബി.ആർ.അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നുള്ള വില്ലേജ് ഓയിൽ ടെക്നീഷ്യൻ എന്ന സർട്ടിഫിക്കറ്റാണ് പി.എസ്.സി ഉദ്യോഗസ്ഥന്റെ ഭാര്യ ജോലിക്കുവേണ്ടി ഹാജരാക്കിയത്. പി.എസ്.സി നിർദ്ദേശിച്ച കോഴ്സ് പൂർത്തിയാക്കാൻ രണ്ടുമാസമാണ് വേണ്ടെതെങ്കിൽ ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റ് നേടാൻ 15 ദിവസം മാത്രംമതി. ഈ രണ്ട് കോഴ്സുകളും തുല്യമല്ലെന്ന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ സമ്മതിക്കുന്നുണ്ട്.
മതിയായ യോഗ്യതയില്ലെന്ന് മനസിലായിട്ടും അഭിമുഖം മാത്രം നടത്തി ഇവർക്ക് ജോലി നൽകി. 58 മാർക്കാണ് അഭിമുഖത്തിന് നൽകിയത്. നിയമനം നേടിയ യുവതി 2025ൽ ‘ഡെവലപ്മെന്റ് ഓഫീസർ (ഓയിൽ)’ എന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് ശ്രമിച്ചു. അപ്പോഴാണ് പരാതിയുണ്ടായത്. മതിയായ യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ സ്ഥാനക്കയറ്റം തടഞ്ഞു. വകുപ്പുതല അന്വേഷണവും തീരുമാനിച്ചു. സർട്ടിഫിക്കറ്റ് പരിശോധനയിൽ പി.എസ്.സിക്ക് വീഴ്ചയുണ്ടായെന്ന് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് നൽകി.
2026 മാർച്ചിൽ പി.എസ്.സി ഉന്നതർക്കും വ്യവസായ വകുപ്പിനും നടപടിയാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയെങ്കിലും അനങ്ങിയില്ല. ജോലിയിൽ പ്രവേശിച്ചവർക്കെതിരെ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട വകുപ്പാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യാനും മെനക്കെട്ടില്ല. യോഗ്യതയില്ലാത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിനാൽ മതിയായ യോഗ്യത നേടുന്നതിന് ഖാദി ബോർഡ് ഇവർക്ക് ഒരു വർഷത്തെ സമയവും അനുവദിച്ചു. പിരിച്ചുവിടാമെന്നിരിക്കെ ചട്ടവിരുദ്ധമായി ഈ സാവകാശം നൽകിയതിൽ ഖാദിബോർഡിലെ ഉന്നതരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പി.എസ്.സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിയെടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഗവർണറേക്കാൾ ശമ്പളം
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറേക്കാൾ ശമ്പളം പറ്റുന്നവരാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും. ഗവർണറുടെ പ്രതിമാസ ശമ്പളം മൂന്നര ലക്ഷം രൂപ. പി.എസ്.സി അംഗത്തിന് 3.80 ലക്ഷം. ചെയർമാന് നാലുലക്ഷത്തിന് മുകളിൽ. പുറമെ ടി.എ, ഡി.എ, ആനുകൂല്യങ്ങളും. ആറു വർഷമാണ് നിയമന കാലാവധി. പകുതി തുക ആയുഷ്ക്കാലം പെൻഷനായും ലഭിക്കും. ചികിത്സാചെലവുകളും സൗജന്യം. സർക്കാരിന്റെ പെൻഷന് മിനിമം സർവീസ് ഒഴിവാക്കിയിട്ടുള്ള രണ്ട് വിഭാഗങ്ങളിൽ ഒന്ന് പി.എസ്.സി അംഗങ്ങളും മറ്റൊന്ന് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി.എസ്.സി അംഗങ്ങളുള്ളത് കേരളത്തിലാണ്- 21പേർ. തമിഴ്നാട് (15), കർണാടക (9), തെലങ്കാന (7), ആന്ധ്ര (7), മഹാരാഷ്ട്ര (3), യു.പി (9),ബീഹാർ (6). പത്ത് അംഗങ്ങൾ മാത്രമാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിലുള്ളത്. കേരളത്തിൽ പി.എസ്.സിക്ക് സമാന്തരമായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും ഇടതുസർക്കാർ പുതുതായി ആരംഭിച്ച പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ് റിക്രൂട്ട്മെന്റ് ബോർഡുമുണ്ട്. സജീവരാഷ്ട്രീയക്കാർ കമ്മിഷനിലെത്തിയതോടെയാണ് പ്രശ്നങ്ങൾ കടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന നാല് കേസുകളിലും രാഷ്ട്രീയക്കാരായ മൂന്ന് അംഗങ്ങളും ചെയർമാനും സംശയനിഴലിലാണ്.
നേതാവിന്റെ മകനല്ലേ,
മാർക്ക് കൂട്ടിയിടാം!
ആസൂത്രണ ബോർഡ് ചീഫ് നിയമന അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത് സി.പി.എം സംസ്ഥാന സമിതി അംഗമായിരുന്ന നേതാവിന്റെ മകനായിരുന്നു. നേതാവിന്റെ മകന് എഴുത്തു പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. എന്നാൽ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡ് കൈയയച്ച് സഹായിച്ചു. ഒന്നാം റാങ്കുകാരന് അഭിമുഖത്തിൽ 19മാർക്കാണ് കിട്ടിയതെങ്കിൽ നേതാവിന്റെ മകന് കിട്ടിയത് 23മാർക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |