SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

70ാം കേരളപ്പിറവിയിലും ഇടമലക്കുടിക്കാർക്ക് റോഡില്ല

edamalakkudi

എഴുപതാം കേരളപ്പിറവി ആഘോഷിക്കുമ്പോൾ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയ്ക്ക് ഇനിയും പൊതുഗതാഗത സംവിധാനങ്ങളൊന്നുമില്ല. പഞ്ചായത്ത് രൂപീകരിച്ച് 16 വർഷം കഴിഞ്ഞിട്ടും ഒറ്റ റോഡില്ല. എന്തിനേറെ രോഗികളെ ചുമന്നു കൊണ്ടുപോകാൻ നല്ലൊരു വഴി പോലുമില്ല. എട്ട് കിലോമീറ്റർ ചുമന്നാൽ മാത്രമേ രോഗിയെ വാഹനസൗകര്യമുള്ള റോഡിലെത്തിക്കാൻ കഴിയു. അവിടെനിന്ന് 80 കിലോമീറ്റർ അകലെ അടിമാലിയിലെത്തിയാൽ ചികിത്സ ലഭിക്കും.

മൂന്നാറിൽ നിന്ന് ഇരവികുളം ദേശീയോദ്യാനത്തിലൂടെ 32 കിലോമീറ്റർ ജീപ്പിലും കാൽനടയായും സഞ്ചരിച്ചുവേണം ഇടലമക്കുടി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് എത്താൻ. അവിടെ നിന്ന് 10 കിലോമീറ്റർ വരെ ഉൾവനത്തിൽ ചിതറിക്കിടക്കുന്ന 28 ഉന്നതികളിലാണ് 2600ൽപ്പരം ആളുകളുണ്ട്. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ ഒരു കുടുംബാരോഗ്യ കേന്ദ്രമുണ്ട്. എന്നാൽ ഇവിടേക്കെത്താൻ മീൻകുത്തി പോലുള്ള ഉൾനാടൻ കുടികളിലുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ്. അടിയന്തരഘട്ടത്തിൽ രോഗികളെയും ഗർഭിണികളെയും ചുമന്ന് പുഴകളും കുന്നുകളും താണ്ടി അടിമാലിയിലോ മൂന്നാറിലോ എത്തിക്കണം. മഴക്കാലത്ത് വന്യമൃഗശല്യം നിലനിൽക്കുന്ന ദുർഘടമായ കാട്ടുപാതയിലൂടെയുള്ള ഇത്തരം യാത്രകൾ കടുത്ത വെല്ലുവിളിയാണ്. മൂന്ന് മാസത്തിനിടെ നാല് രോഗികളെയാണ് നാട്ടുകാർ മരക്കമ്പുകൾ തുണിയിൽ കൂട്ടിക്കെട്ടിയ മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഏറ്റവുമൊടുവിൽ കേരളപ്പിറവി ദിനത്തിൽ പനി ബാധിച്ച് അവശനിലയിലായ കൂടല്ലാർകുടി സ്വദേശി അശോകനെയാണ് (50) മഞ്ചലിൽ ചുമന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വർഷം പനിയെ തുടർന്ന് അപസ്മാരം ബാധിച്ച ആറ് വയസുകാരനെ ആശുപത്രിയിലേക്ക് ചുമന്നുകൊണ്ട് പോകുന്നതിനിടെ മരിച്ചിരുന്നു. കുടികളിലേക്ക് ചെറിയ വാഹനങ്ങൾക്കെങ്കിലും കടന്നുപോകാൻ തക്കവിധത്തിൽ റോഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.


വഴി മുടക്കി തടസങ്ങൾ

പെട്ടിമുടി- ഇഡലിപ്പാറ വരെ 7.5 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിക്കാൻ 2023ൽ പട്ടികവർഗ വികസന വകുപ്പ് 13.7 കോടി രൂപ അനുവദിച്ചതാണ്. അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണൻ ഇടമലക്കുടിയിലെത്തി റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്തു മടങ്ങി. എന്നാൽ പല തടസങ്ങൾ കാരണം നിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല. 1300 മീറ്റർ കൂടി പൂർത്തിയായാൽ റോഡ് യാഥാർത്ഥ്യമാകും. എന്നാൽ വിവിധ വകുപ്പുകളുടെ അലംഭാവം കാരണം ഇതുവരെ ഇതിന് സാധിച്ചിട്ടില്ല. ഏക വഴിയായ പെട്ടിമുടി- ഇഡലിപ്പാറ റോഡിന്റെ 1300 മീറ്റർ 45 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി കെ.എ. തുളസി നിർദേശിച്ച് നാളുകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കരാറുകാരോട് പണി നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം 16ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലാണ് മന്ത്രി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 2023ൽ ആരംഭിച്ച പണി മൂന്നുവർഷമായിട്ടും പൂർത്തിയാകാത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ മന്ത്രിയുടെ വാക്കിനും ഉദ്യോഗസ്ഥർ പുല്ലുവിലയാണ് കൽപ്പിച്ചത്.

മീൻകുത്തി കൂടലാർ മൺറോഡ് നിർമ്മാണത്തിന് 0.9 ഹെക്ടർ വനഭൂമി വനഭൂമി വിട്ടുനൽകാൻ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉത്തവിറക്കിയെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങിയതോടെ നിർമ്മാണം തുടങ്ങിയിട്ടില്ല. ഈ റോഡ് യാഥാർത്ഥ്യമായാൽ പത്തോളം ഉൾനാടൻ കുടികളിലുള്ളവർക്ക് മാങ്കുളം വഴി അടിമാലിയിലെത്താനാകും.

പാലം വരുമോ

യാത്രാദുരിതത്തിന് പരിഹാരമായി രണ്ട് പാലങ്ങൾ നിർമ്മിക്കാൻ സർക്കാർ ആലോചനയുണ്ട്. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള മണലിയാറിനു കുറുകെയും (ഞാവൽ പാലം), കണ്ടത്തികുടയിലെ പുഴയ്ക്ക് കുറുകെയുമാണ് പുതിയ പാലങ്ങൾ നിർമ്മിക്കാൻ ലക്ഷമിടുന്നത്. ഇടമലക്കുടി സ്വദേശിയായ ചന്ദനം എന്ന യുവാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിൽ നിന്ന് 400 മീറ്റർ മാത്രം ദൂരത്തുളള മണലിയാറിന് സമീപം വരെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.മണലിയാറിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന പാലത്തിന്റെ പുതുക്കിയ ഡിസൈൻ തയ്യാറക്കാൻ പൊതുമാരമത്ത് വകുപ്പിന് കത്തു നൽകിയതായും കണ്ടത്തികുടിയിൽ പട്ടികവർഗ വകുപ്പ് ഫണ്ട് അനുവദിച്ച പാലത്തിനായി നാലു തവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുത്തില്ലെന്നും വീണ്ടും റീടെൻഡർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിലുള്ളത്. ഇരു പാലങ്ങളും യാഥാർഥ്യമായാൽ ഇടമലക്കുടിയിലെ പതിനഞ്ചിലധികം ഉന്നതികളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും.


ആദ്യ ഗോത്രവർഗ പഞ്ചായത്ത്

16 വർഷം മുമ്പ് വരെ മൂന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡായിരുന്നു ഇടമലക്കുടി. 2010ലെ കേരളപ്പിറവി ദിനത്തിലാണ് ഇടമലക്കുടി സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്താകുന്നത്. വെള്ളമെത്താനും വൈദ്യുതിയെത്താനും മറ്റ് അടിസ്ഥാന സൗകര്യങ്ങളെത്താനും ഇടമലക്കുടിക്ക് ആദ്യം വേണ്ടത് നല്ല റോഡാണ്. മൂന്നാറിൽ നിന്ന് 35 കലോമീറ്റർ അകലെയുള്ള ഇടമലക്കുടിയിലെത്താൻ ആറ് മണിക്കൂറോളം കൊടുംകാട്ടിലൂടെ സഞ്ചരിക്കണം.പെട്ടിമുടിയിൽ നിന്ന് 12 കിലോമീറ്ററോളം വഴി വളരെ മോശമാണ്. ഒരു കുടിയിൽ നിന്ന് അടുത്ത കുടിയിലെത്താൻ 12 മണിക്കൂർ നടക്കണം. രോഗിയെ ആംബുലൻസിൽ കയറ്റി ചികിത്സാ സൗകര്യമുള്ളിടത്തെത്തിക്കുമ്പോൾ മൂന്നു മണിക്കൂറിലധികം കഴിഞ്ഞിരിക്കും.

2016ൽ അദ്യമായി ഇടമലക്കുടിയിൽ ജീപ്പ് എത്തുന്നതിനു മുന്നേ കാൽനട മാത്രമായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പെട്ടിമുടിയിൽ നിന്ന് ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടി വരെ 2009ലാണ് റോഡ് വെട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION