SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്

ss

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന

സമ്മേളനത്തിന് ഇന്നു തുടക്കം


പ്രതീക്ഷകളുടെ തുരുത്തിലാണ് രാജ്യം. അനീതിക്കെതിരെ യുവത്വം തെരുവിലിറങ്ങിയ കാലമാണ്. യുവരോഷം കടുത്തതോടെ അധികാരക്കസേര വിട്ട് ഒരു കേന്ദ്രമന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നതും ഇക്കാലത്താണ്. രാജ്യതലസ്ഥാനം ഇപ്പോഴും സമരച്ചൂളയിലാണ്. മതനിരപേക്ഷവാദികളെല്ലാം കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമരമുഖത്താണ്. ലോകത്തെമ്പാടുനിന്നും വന്നുകൊണ്ടിരിക്കുന്നത് ഇത്തരം പ്രതീക്ഷയുടെ വാർത്തകളാണ്. പ്രത്യേകിച്ചും അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിതെറ്റിയത് പ്രതീക്ഷ നൽകുന്ന രാജ്യാന്തര വാർത്തയാണ്.

യുദ്ധവും അക്രമവും വംശീയതയുമല്ല, സമാധാനവും പ്രതീക്ഷയുമാണ് ജനം ആഗ്രഹിക്കുന്നതെന്ന് തെളിയിക്കുന്ന സംഭവങ്ങളാണിതെല്ലാം. ആശങ്കകൾ ഏറെയുണ്ടെങ്കിലും ഇന്ത്യൻ യുവത്വം പ്രതീക്ഷയിൽ തന്നെയാണ്. മാറ്റങ്ങളുടെ കാലത്തിനായി അവർ പ്രതീക്ഷിക്കുകയും സമരമുഖത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്നു. ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് ജനാധിപത്യവും മതേതരവുമായ സവിശേഷ ഗുണങ്ങളിലാണ്. ഇവ രണ്ടും രാജ്യത്തിന്റെ കണ്ണുകളാണ്. അവയിലൊന്നിന് കോട്ടം തട്ടിയാൽ രാജ്യത്ത് കൂരിരുൾ പരക്കും.

നീതി നിഷേധം തുടരുമ്പോൾ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി കാണുകയും വിയോജിപ്പിനെ രാജ്യവിരുദ്ധതയായി ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യം ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് മുറിവേൽപ്പിക്കുന്നത്. നീതി ചോദിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെടുമ്പോൾ, ആ മൗനത്തെ ഭേദിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം യുവതലമുറയുടെ ചുമലിലേക്കാണ് വരുന്നത്. അതുകൊണ്ടുതന്നെ, 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്നത് ഒരു സമ്മേളനത്തിന്റെ പ്രമേയം മാത്രമല്ല; കാലം യുവാക്കളോട് ആവശ്യപ്പെടുന്ന രാഷ്ട്രീയവും ധാർമ്മികവുമായ ദൗത്യമാണ്.

ജനാധിപത്യത്തിൽ പൗരന്റെ വോട്ട് ഒരു ഭരണകൂടത്തിന്റെ ഔദാര്യമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. ആ അവകാശത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്ന യുവാക്കളെ കേൾക്കുന്നതാണ് ജനാധിപത്യത്തിന്റെ ശക്തി; അവരെ ഭയപ്പെടുത്തുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്നതല്ല. വർത്തമാന ഇന്ത്യ ഉയർത്തുന്ന പ്രധാന ചോദ്യങ്ങളെ ചരിത്രബോധമുള്ള ഒരു സമൂഹത്തിന് അവഗണിക്കാനാവില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഓരോ പൗരന്റെയും ജീവിതത്തിൽ ഒരുപോലെ അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുമ്പോഴാണ് അനീതിയുടെ കാലം തെളിയുന്നത്.

ജനാധിപത്യ പ്രതിജ്ഞ

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം ജനാധിപത്യപരവും ഉത്തരവാദിത്വമുള്ളതുമായിരിക്കണമെന്നുമാണ്. മുസ്ലിംലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും രാഷ്ട്രീയ പാരമ്പര്യത്തെ വിലയിരുത്തേണ്ടതും ഈ പശ്ചാത്തലത്തിലാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രം മതസാമുദായിക വൈവിദ്ധ്യത്തിനിടയിലും പൊതുജീവിതം പങ്കിടാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്നത് പഴയ മുദ്രാവാക്യങ്ങളുടെ ആവർത്തനമല്ല. അത് പുതിയ അറിവും പുതിയ രാഷ്ട്രീയബോധവും പുതിയ സാമൂഹിക ഉത്തരവാദിത്വവും ചേർന്ന ഒരു ജനാധിപത്യ പ്രതിജ്ഞയാണ്.

അധികാരത്തെ ഭയപ്പെടാത്തതും മനുഷ്യനെ വെറുക്കാത്തതും വസ്തുതകളിൽ ഉറച്ചുനിൽക്കുന്നതും ഭരണഘടനയെ വഴികാട്ടിയാക്കുന്നതുമായ യുവതലമുറയാണ് ഇന്ത്യയുടെ പ്രതീക്ഷ. ആ പ്രതീക്ഷയെ രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റുക എന്നതാണ് ഇന്നത്തെ ദൗത്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION