
റബർ കർഷകർക്ക് ആശ്വാസകാലമാണിപ്പോൾ. ഒരു പതിറ്റാണ്ടിലേറെയായി തളർന്നു കിടന്ന റബർ മേഖലയ്ക്ക് പുതുജീവൻ പകർന്നത് കർഷകർക്കുള്ള വില വർദ്ധനവാണ്. ഷീറ്റിന് വില മൂന്നൂറിലേക്ക് എത്തുമെന്നാണ് വിപണിയിലെ സൂചനകൾ വ്യക്തമാക്കുന്നത്. ടാപ്പിംഗ് നടത്താതിരുന്ന തോട്ടങ്ങളിൽ ആളനക്കമായി. കാടുകൾ തെളിച്ച് കൃഷി സ്ഥലങ്ങളിലേക്ക് ഇറങ്ങിയ കർഷകരുടെ മുഖത്ത് സന്തോഷത്തിന്റെ തിളക്കമുണ്ട്. വില വർദ്ധനവ് എത്രകാലം നിലനിൽക്കുമെന്ന് അറിയില്ലെങ്കിലും ഉള്ള കാലത്തോളം ടാപ്പിംഗ് മുന്നോട്ടു കൊണ്ടുപോകാനാണ് കർഷകരുടെ ശ്രമം. വിലയിടിവ് കാരണം റബർ മരങ്ങൾ വെട്ടിക്കളഞ്ഞ് മറ്റ് കാർഷിക മേഖലകളിലേക്ക് തിരിഞ്ഞവരുണ്ട്. ഇപ്പോഴത്തെ വില വർദ്ധനവ് നിലവിലുള്ള കർഷകർക്ക് ആത്മവിശ്വാസമാണ് നൽകുന്നത്. സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷത്തോളം റബർ കർഷകരുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമാണ് കർഷകർ കൂടുതലുള്ളത്. അടുത്ത അഞ്ചുവർഷത്തേക്ക് വിലയിടിയാൻ സാദ്ധ്യതയില്ലെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ ഉദ്പ്പാദനം വർദ്ധിപ്പിക്കാനും തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിലെ ടാപ്പിംഗ് ദിവസേനയാക്കിയിട്ടുണ്ട്. റബർ മരങ്ങൾ കൂടുതലായുള്ളത് മലയോര മേഖലയിലാണ്. വന്യ മൃഗങ്ങളോടു പടവെട്ടിയാണ് കർഷകർ ഉൽപ്പാദനം നടത്തുന്നത്. റബർ ടാപ്പിംഗിനിടെ വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും നിരവധിയാണ്. വരുമാനം നിലച്ച് കുടുംബ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്നവരുമേറെ. റബർ ഷീറ്റിനും ലാറ്റക്സിനുമൊക്കെ വിലയേറിയത് ഇത്തരം കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയോര മേഖലയിൽ പുലർച്ചെ സമയങ്ങളിലെ വന്യജീവി ശല്യം ഭയന്ന് ചില കർഷകർ ടാപ്പിംഗ് വൈകുന്നേരമാക്കുന്നുണ്ട്.
വില സ്ഥിരത ലഭിക്കണം
വിലയിലെ ഇപ്പോഴത്തെ മുന്നേറ്റം സ്ഥിരതയാർജിക്കുമോ എന്ന് കർഷകർക്കും ഉൽപ്പാദക സംഘങ്ങൾക്കും ആശങ്കയുണ്ട്. പശ്ചമേഷ്യൻ യുദ്ധം മൂലം ചരക്കുനീക്കം നിലച്ചതും ഉയർന്ന നികുതിയും വിയറ്റ്‌നാം, കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര വിപണിയിൽ റബറിന്റെ ലഭ്യതക്കുറവിന് കാരണമായി. ഇത് ഇന്ത്യയിൽ വില വർദ്ധനവിന് കാരണമാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലുള്ള വിലവ്യതിയാനങ്ങളും കപ്പൽ മാർഗമുള്ള ചരക്ക് നീക്കത്തിലെ തടസങ്ങളും കണ്ടെയ്‌നർ ക്ഷാമവുമൊക്കെ ആഗോള തലത്തിൽ റബർ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. വിപണിയിലുള്ള ശക്തമായ ആവശ്യകതയും ലഭ്യതക്കുറവുമാണ് നിലവിൽ റബർ വില ഉയരാൻ പ്രധാന കാരണം. ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്ത റബറിൽ നിന്ന് പതീക്ഷിച്ച ഉൽപ്പാദനം ലഭിക്കുന്നില്ല. കലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ഘടനയുമാണ് അവിടെ പ്രതികൂലമായി ബാധിച്ചത്. കേരളത്തിലെ റബർ നഴ്സറികളിൽ നിന്ന് വലിയ തോതിൽ തൈകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിച്ചാണ് കൃഷി ചെയ്തത്. ഇത് സംസ്ഥാനത്തെ റബർ കർഷകരുടെ നട്ടെല്ലൊടിക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ആശങ്ക വിതച്ച് തുലാമഴ
വില വർദ്ധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉൽപ്പാദനം വർദ്ധിപ്പിച്ചപ്പോഴാണ് തുലാമഴ ശക്തമായത്. ജല ദൗർലഭ്യം പരിഹരിക്കാൻ മഴ ആശ്വാസമാകുമെങ്കിലും റബർ ഉൽപ്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കും. റബറിന് വിലയേറി നിൽക്കുമ്പോഴാണ് തുലാമഴ ശക്തമായത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ മഴ പെയ്തുകൊണ്ടിരുന്നത് രാവിലത്തെ റബർ ടാപ്പിംഗ് സുഗമമായി നടത്താൻ കഴിഞ്ഞു. മഴ ഇടമുറിയാതെ പെയ്തത് ടാപ്പിംഗ് തടസപ്പെടുത്തി. മഴമറയില്ലാത്ത റബർ മരങ്ങളിൽ ടാപ്പിംഗ് നടത്താൻ കഴിയാതെ വരും. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞത് ടാപ്പിംഗിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കി. റബർ ഷീറ്റ് ഗ്രേഡ് ഒന്നിന് കിലോയ്ക്ക് ഇരുന്നൂറ്റി തൊണ്ണൂറ് രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് കർഷകർക്ക് പ്രതീക്ഷ നൽകുന്ന വില വർദ്ധനയുണ്ടായത്. ഉൽപ്പാദന ചെലവ് അനുസരിച്ച് വരുമാനം ലഭിക്കാതെ വന്നതാണ് കർഷകരെ പ്രതിസന്ധയിലാക്കിയത്. കർഷകന് ലാഭം ലഭിക്കണമെങ്കിൽ വില കിലോയ്ക്ക് മുന്നൂറ് കടക്കണം. അത് സ്ഥിരതയോടെ നിലനിന്നാൽ മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ റബർ കൃഷിയിൽ കർഷകർക്ക് നിലനിൽക്കാൻ കഴിയൂ. സംസ്ഥാന സർക്കാർ റബറിന് ഇരുന്നൂറ്റി അൻപത് രൂപ താങ്ങുവില പ്രഖ്യാപിച്ചത് ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് വിലയേറിയത്. ടാപ്പിംഗ് തുടങ്ങിക്കഴിഞ്ഞാൽ വർഷം തോറുമുള്ള വളം വിതറലാണ് മരങ്ങളെ പുഷ്ടിപ്പെടുത്തുന്നത്. രാസവളങ്ങളുടെ അമിത വില കർഷകർക്ക് ദുരിതമുണ്ടാക്കുന്നുണ്ട്. ടാപ്പിംഗ് കൂലിയും ഷീറ്റടിക്കുന്നതിന്റെ കൂലിയും കൂടിയാകുമ്പോൾ വലിയ ചെലവ് വരും. ഷീറ്റിന് കിലോയ്ക്ക് മുന്നൂറ് രൂപയായി നിലനിന്നെങ്കിൽ മാത്രമേ റബർ മേഖലയ്ക്ക് കരുത്ത് ലഭിക്കുകയുള്ളൂവെന്ന് സർക്കാർ തിരിച്ചറിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |