
സാംസ്കാരിക പൈതൃകത്തെയും പുരോഗതിയെയും കുറിച്ച് നാം അഭിമാനത്തോടെ സംസാരിക്കും. എന്നാൽ ആ തിളക്കമുള്ള മുഖംമൂടികൾക്ക് പിന്നിൽ, നാലുചുവരുകൾക്കുള്ളിൽ നീറുന്ന ഒരു വലിയ സത്യമുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ മാത്രം നമ്മുടെ സ്വന്തം നാടിൽ 28,141 ഗാർഹിക പീഡന കേസുകളാണ് നിലവിലുള്ളത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതകൾക്ക് ഇരയായി, കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 ജീവനുകൾ പൊലിഞ്ഞു. ഇത് വെറും കണക്കുകളല്ല; അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ശ്വാസംമുട്ടി മരിച്ച മനുഷ്യജീവിതങ്ങളുടെ നിലവിളികളാണ്. പീഡനങ്ങൾ നടന്നതിനുശേഷമുള്ള നിയമ നടപടികൾക്കപ്പുറം, ഈ ദുരന്തങ്ങളുടെ വേരറുക്കാൻ നാം എവിടെയാണ് തിരുത്തലുകൾ വരുത്തേണ്ടത്?
പുരുഷാധിപത്യത്തിന്റെ വിഷം വിഴുങ്ങുന്ന ജീവിതം
സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ ചിന്താഗതിയും അധികാരം പ്രയോഗിച്ചുള്ള നിയന്ത്രണത്തിന്റെയും പരിണതഫലമാണ് ഈ പീഡനങ്ങൾ. സ്ത്രീകളെ നിയന്ത്രണത്തിലാക്കുന്നതിലൂടെ അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി കീഴ്പ്പെടുത്തുക എന്നതാണ് കുറ്റവാളികളുടെ ലക്ഷ്യം. ബാല്യകാലം തുടങ്ങി ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വ്യക്തി ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും സ്ത്രീകൾ 'പുരുഷാധിപത്യം" എന്ന വിഷം വിഴുങ്ങുന്നു. ഒരു സാധാരണ സ്ത്രീക്ക് ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ഈ വിപത്തിനോട് പൊരുതി വേണം ജീവിക്കാൻ. ചുരുക്കത്തിൽ, സ്ത്രീകൾ വെറുതെ ജീവിക്കുകയല്ല മറിച്ച് ഓരോ നിമിഷവും ഈ സമൂഹത്തിൽ അവർ അതിജീവിക്കുകയാണ്. സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന പുരുഷാധിപത്യത്തിന്റെയും വിഷലിപ്തമായ ആണത്തബോധത്തിന്റെയും ഫലമാണ് ഗാർഹിക പീഡനം. വീടിന്റെ അധിപനാണെന്നും സ്ത്രീകൾ കീഴടങ്ങേണ്ടവരാണെന്നുമുള്ള തെറ്റായ ധാരണയിൽ നിന്ന് തുടങ്ങി പീഡനം ലളിതവത്കരിക്കുന്നതിൽ വരെയെത്തിക്കുന്നു ഈ മനോഭാവം. ഉദാഹരണത്തിന് കുട്ടിക്കാലത്ത് വീടുകളിൽ അക്രമം കണ്ട് വളർന്നവർ മുതിരുമ്പോൾ അതേ രീതിയിൽ സ്വന്തം ജീവിതത്തിലും ആവർത്തിക്കും. അങ്ങനെയെങ്കിൽ എവിടെ നിന്ന് ഇത് തിരുത്തണം എന്ന് നാം ആഴത്തിൽ ചിന്തിക്കേണ്ടതാണ്.
മാറ്റം തുടങ്ങേണ്ടത് ക്ളാസ് മുറികളിൽ നിന്ന്
ഗാർഹിക പീഡനത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനോടൊപ്പം തടയാൻ നാം ചില നടപടികളും സ്വീകരിക്കണം. കുടംബം, വിദ്യാഭ്യാസം, തൊഴിൽ, മതം, രാഷ്ട്രീയം എന്നിങ്ങനെയുള്ള പൊതു സാമൂഹികയിടങ്ങളിൽ ലിംഗ സമത്വം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. 2026ൽ എത്തി നിൽക്കുന്ന കേരള സമൂഹം പുരോഗമിച്ചു എന്നൊക്കെ അഭിമാനം കൊള്ളുമെങ്കിലും ലിംഗ സമത്വം, ലിംഗ നീതി എന്നിങ്ങനെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നു എന്നത് സമൂഹത്തിൽ തുടരുന്ന അനീതിയെ വെളിവാക്കുന്നു. സ്കൂൾ തലം മുതൽ ജെൻഡർ വിദ്യാഭ്യാസം നൽകണം. കൂടാതെ ലിംഗ സമത്വം, പരസ്പര ബഹുമാനം, ലൈംഗിക അവകാശങ്ങൾ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മാനസിക സമ്മർദ്ദങ്ങളെയും, ദേഷ്യത്തെയും അക്രമത്തിലൂടെയല്ലാതെയും സമാധാനപരമായും എങ്ങനെ നേരിടാമെന്നതിന് പരിശീലനം നൽകണം.
വേണം, ആരോഗ്യകരമായ പുരുഷക്കൂട്ടായ്മകൾ
പുരുഷന്മാരെ കൂടി ഉൾപ്പെടുത്തി അവർക്കായി ആരോഗ്യപരമായ പുരുഷ കൂട്ടായ്മകളൊരുക്കുന്നത് ഒരു നല്ല മാർഗമാണ്. പുരുഷന്മാർ തങ്ങളുടെ മാനസിക പ്രശ്നങ്ങളെ കുറിച്ചും സമ്മർദ്ദങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാൻ കഴിയുന്ന സപ്പോർട്ട് ഗ്രൂപ്പുകളുണ്ടാക്കുന്നതിലൂടെ മാനസികമായ പിന്തുണ ഉറപ്പ് വരുത്താനാകും. 'പൗരുഷം" എന്നതിന് ഒരു പുനർ നിർവചനം നൽകാനുള്ള ശ്രമകരമായ മാറ്റം കൊണ്ടുവരാൻ ഇവിടുത്തെ പൊതുജനങ്ങളും സർക്കാരും തയ്യാറാകണം. ഇത്തരത്തിൽ ഗാർഹിക പീഡനത്തിൽ കുറ്റവാളികളായിട്ടുള്ളവരെ ശിക്ഷയ്ക്കൊപ്പം അവരുടെ മാനസികപ്രശ്നം പരിഹരിച്ച് കൗൺസലിംഗും മറ്റ് സ്വഭാവ പരിശീലനങ്ങളും നൽകി മാറ്റിയെടുക്കുക എന്നത് അനിവാര്യമാണ്. ഒരു തവണ ഗാർഹിക പീഡന പരാതിയിൽ കുറ്റവാളിയായ വ്യക്തികളെ നിരീക്ഷിക്കാൻ പ്രത്യേകസംഘത്തെ രുപീകരിക്കുന്നത് ഗുണകരമാകും. അങ്കണവാടി , ആശാവർക്കർമാർ എന്നിവരെ അണിനിരത്തി ഗാർഹിക പീഡനപ്രശ്നങ്ങൾ പ്രാദേശികതലത്തിൽ വിലയിരുത്തുന്നതും നിരീക്ഷിക്കുന്നതും സഹായകരമാകും. ഐസ് ലാൻഡ് പോലുള്ള രാജ്യങ്ങൾ ലിംഗസമത്വത്തിൽ ഒന്നാമതാണ്. ഇത്തരം രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ അതേപടി നമ്മുടെ രാജ്യത്ത് നടപ്പാക്കുക എളുപ്പമല്ല. നമ്മുടെ സാംസ്കാരിക വൈവിദ്ധ്യവും സങ്കീർണ്ണമായ മതവ്യക്തി നിയമങ്ങളും അതിന് തടസമാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാർഹിക പീഡനത്തിനെതിരെയും ലിംഗ സമത്വത്തിനായും സ്വീകരിച്ച മാർഗങ്ങൾ പരിശോധിച്ച് പാഠമുൾക്കൊള്ളാൻ നമുക്കാകണം. ഗാർഹിക പീഡനം എന്നത് കേവലം നിയമപരമായി മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. അത് ഒരു സാമൂഹിക രോഗമാണ്. നമ്മുടെ സംസ്കാരത്തിലും ചിന്താഗതിയിലും വേരോടിക്കൊണ്ടിരിക്കുന്ന പുരുഷാധിപത്യ ചിന്തകളെ ഓരോ വ്യക്തിയും മനസിലാക്കി സ്വയം തിരുത്തുമ്പോഴാണ് ഇതിന്റെ വേരുകൾ പൂർണമായും നീക്കാനാകുക.
ഇനി ശബ്ദം ഉയർത്തേണ്ട സമയം
'സഹിച്ചതു മതി, ഇനി ശബ്ദം ഉയർത്തേണ്ട സമയമാണ് " എന്ന ഉറച്ച സന്ദേശവുമായി 'സ്പീക്ക് അപ്പ്' എന്ന പേരിൽ ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേകദൗത്യസേനയും ജനകീയ ബോധവത്കരണ പദ്ധതിയും ആരംഭിച്ചത് സ്വാഗതാർഹമാണ്. ഗാർഹിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് നിയമസഹായം, കൗൺസലിംഗ്, സുരക്ഷിതമായ താമസം, ഉപജീവന മാർഗ്ഗം എന്നിവ ഉറപ്പാക്കുക, കുറ്റക്കാരുടെ പാസ്പോർട്ട്, പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ നിഷേധിക്കുക പോലുള്ള കർശന നടപടികൾ ആലോചിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |