SignIn
Kerala Kaumudi Online
Monday, 29 June 2026 3.39 AM IST

'വീര്യം കൂടിയ' സൂത്രവും നികുതി ഇളവും

1

'അവിടെ കല്യാണം.ഇവിടെ പാല് കാച്ച്.' മയക്കുമരുന്ന് മാഫിയകളെ വേരോടെ പിഴുതെറിയാനുള്ള ഓപ്പറേഷൻ 'തൂഫാൻ' യുദ്ധ പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു ഭാഗത്ത്. മറുഭാഗത്ത് മറ്റൊരു 'ജനകീയ' ഉദ്യമത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനും.'ബദലുക്ക് ബദൽ. കഴിഞ്ഞ പിണറായി സർക്കാർ പരീക്ഷിച്ചിട്ടും നടപ്പാക്കാനാവാതെ പോയ പരിപാടി.

സംസ്ഥാനത്തെ ബാറുകളിലും ബിവറേജസ് സ്റ്റോറുകളിലും വിതരണം ചെയ്യുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി പകുതിയായി കുറയ്ക്കുക.പാവപ്പെട്ട കുടിയന്മാർക്ക് ആഹ്ളാദം പകരുന്ന 'സതീശൻ ഗ്യാരന്റി'. വില കുറയുന്നതോടെ, കൂൾ ഡ്രിംഗ്സ് പോലെ കുട്ടികളും മദ്യം രുചിച്ചു തുടങ്ങുമെന്നാരോപിച്ച് ഇടതുപക്ഷം. കഴിഞ്ഞ പത്തുവർ‌ഷത്തെ ഭരണത്തിനിടയിൽ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 29ൽ നിന്ന് ഒറ്റയടിക്ക് 905 ആയി ഉയർത്തി നാടാകെ മദ്യമൊഴുക്കിയ പുള്ളികളാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് യു.ഡി.എഫിന്റെ പരിഹാസം.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ രണ്ട്

വിസ്മയങ്ങളാണ് വിവാദത്തിലായത്.ഒന്ന്, പിണറായി സർക്കാർ ഒപ്പിടുകയും പിന്നീട് നിറുത്തി വയ്ക്കാൻ കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്ത, സ്കൂളുകളുടെ നവീകരണത്തിനുള്ള പി.എംശ്രീ പദ്ധതി. രണ്ട്, മദ്യത്തിന്റെ നികുതി ഇളവ്. ഇതിൽ ആദ്യത്തേത് സി.പി.എം-ബി.ജെ.പി ഡീലെന്നും രണ്ടാമത്തേതിൽ കോടികളുടെ അഴിമതി മണക്കുന്നുവെന്നും പ്രതിപക്ഷ നേതാവായിരിക്കെ ആരോപിച്ച വി.ഡി.സതീശൻ ഇത്ര പെട്ടെന്ന് മലക്കം മറിഞ്ഞതെങ്ങനെ?.

ഇത് ചോദിക്കുന്നവരിൽ പ്രതിപക്ഷം മാത്രമല്ല, യു.ഡി.എഫുകാരുമുണ്ട്.അതിൽ കോൺഗ്രസിന്റെ 'ഹെഡ് മാസ്റ്റർ' വി.എം.സുധീരൻ മാത്രമേ വടിയെടുത്തിട്ടുള്ളൂവെന്ന് മാത്രം. 'നമ്മുടെ നല്ല പയ്യനായിരുന്നു സതീശൻ. മുഖ്യമന്ത്രിയായപ്പോൾ ഇതെന്തു പറ്റിയെന്നാണ് സ്വകാര്യ സംഭാഷണങ്ങളിൽ സുധീരൻ അദ്ഭുതം കൂറുന്നത്. 'കന്നിനെ കയം കാണിക്കരുത് 'എന്നുപറയുന്നത് പോലെ,ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സതീശനെ ധനകാര്യ വിദഗ്ദ്ധരുമായി ചർച്ച നടത്തി സംസ്ഥാന ബഡ്ജറ്റ് തയ്യാറാക്കാൻ ഒറ്റയ്ക് വിട്ടതാണ് കുഴപ്പമായത്.

കാലിയായ ഖജനാവിലേക്ക് പണം കണ്ടെത്താൻ അവരിലാരോ പറഞ്ഞു കൊടുത്ത 'കുരുട്ടു ബുദ്ധി'യാവാമിത്. അല്ലെങ്കിൽ, ഈ സൂത്രപ്പണി പാർട്ടിയിലോ,മുന്നണിയിലോ ആലോചിക്കാതെ ബഡ്ജറ്റിൽ ഉൾപ്പെടുത്താനുള്ള ധൈര്യം സതീശന് എങ്ങനെ കിട്ടി?. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടുദിവസം മുമ്പ് വി.ഡി.സതീശൻ രഹസ്യമായി നടത്തിയ ബംഗളൂരു വിമാന യാത്ര മദ്യ നിർമ്മാതാക്കളായ 'ബക്കാഡി' കമ്പനിയുമായി ഇടപാട് ഉറപ്പിക്കാനായിരുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

'ബക്കാഡി' കമ്പനിയുമായി ആദ്യം ഇടപാടിന് ശ്രമിച്ചത് അവരല്ലേയെന്നാണ് സതീശന്റെ തിരിച്ചടി.അധികാരമേറ്റ് ഒരു മാസം തികയും മുമ്പ് സതീശൻ ചെന്നുപെട്ടത് രണ്ട് കുരുക്കുകളിൽ. പി.എംശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതല്ലേ. കേന്ദ്രത്തിൽ ബി.ജെ.പി ഭരിച്ചാലെന്താ?. നമ്മുടെ സ്കൂളുകൾക്ക് കിട്ടുന്ന കോടികൾ എന്തിന് കളയണം?. ഇതാണത്രെ സതീശന്റെ ചിന്ത. പി.എംശ്രീയെക്കാൾ കുഴപ്പമായി സുധീരനും മറ്റും കാണുന്നത് മദ്യ നികുതി ഇളവാണ്. ഇത് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത് എക്സൈസ് മന്ത്രി എം.ലിജുപോലും അറിയാതെയാണത്രെ.

കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ, ധനകാര്യ ബില്ലിൽ നിന്ന് ഇത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയെ സുധീരൻ ഉപദേശിച്ചതാണ്. ആര് കേൾക്കാൻ?. ഗവർണറുടെ അനുമതി ലഭിച്ച് വരുന്ന ബിൽ ബുധനാഴ്ച നിയമസഭ പാസാക്കുന്നതോടെ, വീര്യം കുറഞ്ഞ മദ്യം നികുതി ഇളവിൽ വിൽക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ലക്ഷ്യവും അതാണത്രെ. ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തിയാലും,യു.ഡി.എഫിൽ തീരുമാനിച്ചശേഷമേ നികുതി ഇളവ് നൽകുന്ന കാര്യം തീരുമാനിക്കൂ എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.

മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയനെക്കുറിച്ച് എതിരാളികൾ പറഞ്ഞിരുന്നത്, ഭരണത്തിലും പാർട്ടിയിലും പിണറായിയുടെ 'വൺ മാൻ ഷോ' എന്നായിരുന്നു.ഇപ്പോൾ വിവാദമായ രണ്ട് വിഷയങ്ങളുമായി മുന്നോട്ടുപോകുന്ന കാര്യത്തിൽ പാർട്ടിയിലോ, മുന്നണിയിലോ മുഖ്യമന്ത്രി ചർച്ച നടത്തിയില്ലെന്നാണ് വിമർശനം. രണ്ട് വിഷയത്തിലും കണ്ടത് മുഖ്യമന്ത്രി സതീശന്റെ 'വൺ മാൻ ഷോ'യല്ലേ എന്നാണ് ഉയരുന്ന ആക്ഷേപം!.



'അമ്പേൽക്കാത്തവരില്ല കുരുക്കളിൽ'.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവിന്റെ പേരിലുള്ള വിമർശന ശരങ്ങൾ പായുന്നത് കഴിഞ്ഞ പിണറായി സർക്കാരിന് നേരേയും. ‌ഇക്കാര്യത്തിൽ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന് ഇരുകൂട്ടർക്കും പറയാനാവില്ല.രണ്ടാം പിണറായി സർക്കാരിൽ എം.വി.ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ,

നികുതി ഇളവിന് ബക്കാഡി കമ്പനിയടക്കം സമർപ്പിച്ച അപേക്ഷയിൽ തുടർ നടപടിയെടുക്കണമെന്ന് അദ്ദേഹം ഫയലിൽ കുറിച്ചു.

തുടർന്ന്,വിദേശ മദ്യ ചട്ടം ഭേദഗതി ചെയ്യാനുള്ള കരടും അംഗീകരിച്ചു.പാർട്ടി സെക്രട്ടറിയായതിനെ തുടർന്ന് ഗോവിന്ദൻ സ്ഥാനമൊഴിഞ്ഞതോടെ,എക്സൈസ് മന്ത്രിയായ എം.ബി.രാജേഷ് ,ഭേദഗതി ചെയ്ത വിദേശ മദ്യ ചട്ടം അംഗീകരിച്ച് ഉത്തരവിറക്കി.പക്ഷേ,നികുതി കുറച്ചില്ല.251 ശതമാനമായി തുടർന്നു. അന്ന് നികുതി ഇളവ് നൽകിയിരുന്നെങ്കിൽ അപ്പോൾ തന്നെ അത് നടപ്പിലാവുമായിരുന്നല്ലോയെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ

പറഞ്ഞത് ശരി.അന്ന് നടത്താതിരുന്ന നികുതി ഇളവാണ് ഇപ്പോൾ പുതിയ സർക്കാർ കൊണ്ടു വരാൻ പോകുന്നത്.

05 മുതൽ 10 ശതമാനംവരെ വീര്യമുള്ള മദ്യത്തിന് നികുതി 120 ശതമാനം.10 മുതൽ 20 വരെ ശതമാനം വീര്യമുള്ള മദ്യത്തിന് നികുതി 175 ശതമാനം. പിണറായി സർക്കാർ തീരുമാനിച്ച ഇളവ് നടപ്പാക്കുന്നതിന്റെ 'ഗുണം' കിട്ടുന്നത് സതീശൻ സർക്കാരിന്. വിവാഹ നിശ്ചയം നേരത്തേ നടന്നു.പക്ഷേ, താലികെട്ടിന്റെ തീയതി കുറിച്ചില്ല. ഇനി, ഒന്നുകിൽ ആ ബന്ധം വേണ്ടെന്ന്

വയ്ക്കാം.അല്ലെങ്കിൽ തീയതി കുറിച്ച് താലികെട്ടാം. രണ്ടിലൊന്നേ പറ്റൂ. പി.എംശ്രീയിലേത് പോലെ, 'ലവന്മാർ ഒപ്പിട്ടു കളഞ്ഞില്ലേ.ഇനി നടപ്പാക്കിയല്ലേ പറ്റൂ' എന്നുപറഞ്ഞ് സർക്കാരിന് തലയൂരാനാവില്ലെന്ന് സാരം. 'പഴയ കുപ്പിയിൽ പുതിയ വീഞ്ഞ്.'



അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച കോടികളുടെ സ്വർണവും പണവും കവർന്നതിൽ രാജ്യത്ത് വിവാദം കൊഴുക്കുകയാണ്. പണമെണ്ണിയവരുടെയടക്കം വീടുകളിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തർപ്രദേശിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് കവർച്ചാ സംഭവം വലിയ ആഘാതമായെന്ന് വാർത്ത. ശബരിമലയായാലും,അയോദ്ധ്യയായാലും ദൈവത്തിന്റെ പണം കക്കുന്നതിൽ തിരുടന്മാർക്കെല്ലാം ഒരേ മുഖം!

നുറുങ്ങ്:

കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിൽ 'രക്ഷാപ്രവർത്തനത്തിലൂടെ' പാർട്ടി നേതാക്കളെ പ്രീതിപ്പെടുത്തി സമ്പത്തും സ്ഥാനമാനങ്ങളും നേടാനാണ് ഡി.വൈ.എഫ്.വൈ നേതാക്കൾ ശ്രമിച്ചതെന്നും,സംഘടനയുടെ പ്രവർത്തനം മരവിച്ചെന്നും പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം.

► മരവിപ്പ് മാറ്റി ഉഷാറാവാനുള്ള വഴികളല്ലേ ഇനിയുള്ള അഞ്ച് വർഷവും മുന്നിൽ തുറന്ന് കിടക്കുന്നത്!

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SATIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY