SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

മാമൂലുകൾ പറഞ്ഞ് അയിത്തം ഊട്ടിയുറപ്പിക്കരുത്

sivagiri

ശ്രീനാരായണ ഗുരുദേവൻ തുടച്ചുനീക്കിയ ജാതീയമായ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടു വരാനാണ് ചില സവർണ നേതാക്കന്മാർ ശ്രമിക്കുന്നത്. 1924-ൽ വൈക്കം സത്യഗ്രഹത്തിനു കാരണമായത് വൈക്കം മഹാദേവ ക്ഷേത്രത്തിനു മുൻവശത്തെ റോഡിലൂടെ ശ്രീനാരായണ ഗുരുദേവൻ സഞ്ചരിച്ചു എന്ന കാരണത്താലാണ്. സവർണർക്കു മാത്രം സഞ്ചാര സ്വാതന്ത്യമുണ്ടായിരുന്ന റോഡിൽ ഗുരുദേവനെ തടഞ്ഞപ്പോൾ ശിഷ്യനായ ടി .കെ. മാധവന്റെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹം ചരിത്രമാണ്. തടഞ്ഞവർക്ക് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു.

603 ദിവസത്തെ സമരവും സത്യഗ്രഹവും വിജയിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സവർണജാഥ ആർക്കും മറക്കാനാവില്ല. ഷർട്ട് ധരിച്ചുകൊണ്ട് ക്ഷേത്രദർശനം പാടില്ലെന്നുള്ള അനാചാരം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ എന്നേ മാറ്റിമറിക്കപ്പെട്ടു. എല്ലാം ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാം. അയോദ്ധ്യയിൽ രാമപ്രതിഷ്ഠാ വേളയിൽപ്പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഷർട്ട് ധരിച്ച് പൂജ ചെയ്യുന്നതും പ്രാണപ്രതിഷ്ഠയും ആരാധനയും നടത്തുന്നതും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ഷർട്ട് ധരിച്ച് ആരാധന നടത്തുന്നതും ജനലക്ഷങ്ങൾ കണ്ടതാണ്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയ്ക്കെത്തുന്ന ഭക്തജനലക്ഷങ്ങൾ വരേണ്യ വർഗത്തിൽപ്പെട്ടവരാണോ എന്ന് തിരിച്ചറിയുവാനുള്ള മാർഗമായാണ് ഷർട്ട് ധരിച്ച് ആരാധനയ്ക്കു കയറരുത് എന്നുള്ള മാമൂൽ നിലനിറുത്തിപ്പോരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണ്. 1888 -ലെ ശിവരാത്രി നാളിൽ ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്"എന്ന് ആലേഖനം ചെയ്തു. ആ ശിവപ്രതിഷ്ഠ ചോദ്യം ചെയ്യപ്പെട്ടപ്പോൾ,​ കലിതുള്ളിവന്നവരോടും ചോദ്യം ചെയ്തവരോടും 'നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്" എന്ന് ഗുരു പറഞ്ഞു.

ചോദ്യംചെയ്യാനെത്തിയവർ,​ അത് ഈഴവ ശിവനാണെന്ന വ്യാഖ്യാനത്തോടെ മടങ്ങിപ്പോവുകയും ഈഴവശിവനാണെന്ന് പ്രചരിപ്പിക്കുകയും അങ്ങനെ ആശ്വാസം കണ്ടെത്തുകയും ചെയ്തു. സമൂഹത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു കാര്യം സനാതന ധർമ്മമാണ്. സനാതന ധർമ്മം എന്നു പറഞ്ഞാൽ സമൂഹത്തിലെ തുല്യതയും സമത്വവും ആണ്. ഇന്ന് സനാതന ധർമ്മം മറ്റു തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയും ചില വരേണ്യ വർഗത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടി വളച്ചൊടിക്കുകയുമാണ്.

എന്നാൽ,​ സനാതന ധർമ്മത്തിന്റെ മൂല്യവും അതിന്റെ സത്തും തിരിച്ചറിഞ്ഞ് ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശിവഗിരി മഠം. അദ്വൈത ദർശിയായ ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികത ആത്മീയ ചിന്തകളിലേക്ക് മാനവരാശിയെ കൈപിടിച്ചുയർത്തുവാനും,​ മതത്തിൽ അധിഷ്ഠിതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘട്ടനങ്ങൾ ഇല്ലാതാക്കാനുമുള്ള ഒരേയൊരു മരുന്ന് ഗുരുദർശനവും സന്ദേശങ്ങളുമാണ്. മതപരവും ജാതീയവുമായ ഉച്ചനീചത്വങ്ങളും വാദപ്രതിവാദങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ഗുരുദേവൻ ലോകത്ത് ആദ്യമായി ആലുവ ആശ്രമത്തിൽ 1924-ൽ നടത്തിയ സർവമത സമ്മേളന കവാടത്തിൽ 'വാദിക്കാനും ജയിക്കുവാനുമല്ല,​ അറിയാനും അറിയിക്കാനുമാണ്" എന്ന് ആലേഖനം ചെയ്തു.

ആ മഹാസമ്മേളനത്തിൽ എല്ലാ മതപണ്ഡിതന്മാരും മതമേലദ്ധ്യക്ഷന്മാരും പങ്കെടുത്തു. സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ടി. സദാശിവ അയ്യർ ആയിരുന്നു. മഹാസമ്മേളനം അവസാനിച്ചപ്പോൾ ശ്രീനാരായണ ഗുരുദേവൻ അരുൾ ചെയ്തത്,​ എല്ലാ മതങ്ങളുടെയും അന്തസത്തയും സാരാംശവും ഒന്നായതുകൊണ്ട് എല്ലാ മതങ്ങളെക്കുറിച്ചും ആധികാരികമായി പഠിപ്പിക്കുന്ന ഒരു മത മഹാപാഠശാല ആയിരിക്കും ശിവഗിരിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ്. ഗുരു പറഞ്ഞത് അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും എല്ലാ മതഗ്രന്ഥങ്ങളെക്കുറിച്ചും ആധികാരികമായി പഠിപ്പിക്കുന്നു.

അതുപോലെ,​ ദിവസവും സായാഹ്നത്തിൽ ശിവഗിരിയിലെ പർണശാലയിൽ നടന്നുവരുന്ന പ്രാർത്ഥനയിൽ എല്ലാ മതഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നു. ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ പഠിച്ച് സന്യാസം സ്വീകരിച്ച് പുറത്തു വരുന്നവരെ സംബന്ധിച്ച് ജാതിയും മതവുമില്ല. ചെറുപ്പം മുതൽ ശിവഗിരിയിൽ താമസിച്ച്,​ ബ്രഹ്മവിദ്യാലയത്തിൽ പഠിക്കുകയും ഗുരുദേവന്റെ വിശ്വമാനവിക ദർശനത്തിനും, ഗുരുദേവ കൃതികൾക്കും വ്യാഖ്യാനം ചമയ്ക്കുകയും ചെയ്ത,​ പണ്ഡിതനും ആദ്ധ്യാത്മിക കൃതികളുടെ രചയിതാവുമായ മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ നടത്തിയ,​ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചുതന്നെ പ്രവേശനം നടത്തണമെന്നുള്ള ആഹ്വാനം ജനകോടികൾ ഏറ്റെടുക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയ,​ സാമൂഹിക,​ സാമുദായിക നേതാക്കൾ മൗനം വെടിയുകയും വേണം. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളെ ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവന ആരു നടത്തിയാലും പിൻവലിക്കണം ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സെക്രട്ടറിയാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION