
ലഹരിയുടെ പ്രധാന പ്രവേശന കവാടങ്ങളെല്ലാം പൂർണമായി അടയ്ക്കാനും നാർക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
ലഹരി മാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ആർജ്ജവത്തോടെ കേരളത്തിന്റെ മണ്ണിൽ അലയടിച്ചുകൊണ്ടിരിക്കുന്ന, സമാനതകളില്ലാത്ത നാർക്കോ വേട്ടയാണ് Operation Toofan: The Narco Hunt. പതിവായി കാണാറുള്ള മയക്കുമരുന്ന് റെയ്ഡ് എന്നതിനപ്പുറം 'ഓപ്പറേഷൻ തൂഫാൻ' ഭാരതത്തിന്റെ ക്രമസമാധാന ചരിത്രത്തിൽതന്നെ ഏറ്റവും വലിയ ദൗത്യമായി മാറിക്കൊണ്ടിരിക്കുന്നത് അതിന്റെ അസാധാരണമായ വേഗത, പഴുതടച്ച സമഗ്രത, കൃത്യത, പൊതുജനങ്ങളുടെ സജീവപങ്കാളിത്തം എന്നിവയുടെ സംയോജനം കൊണ്ടാണ്.
ആഭ്യന്തരം, എക്‌സൈസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ പരമാവധിശേഷിയും ഇന്റലിജൻസ് വിവരങ്ങളും ഒരൊറ്റ ശൃംഖലയിലേക്ക് പങ്കുവച്ചുകൊണ്ട് നടത്തുന്ന ഈ സംയുക്ത പടയോട്ടം ഭരണനിർവഹണ രംഗത്തെ ഒരു പുതിയ മാതൃകയായി തുടരുകയാണ്.
ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന 'തൂഫാൻ സ്‌ട്രൈക്കും', പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന 'തൂഫാൻ വോറിയേഴ്സും, ലഹരിയുടെ കെണിയിൽ അകപ്പെട്ട മക്കളെ കൈപിടിച്ചുയർത്തുന്ന 'തൂഫാൻ കെയറും' ഒരേപോലെ സജീവമായപ്പോൾ അസാദ്ധ്യമെന്ന് കരുതിയത് സാദ്ധ്യമായി. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ 'തൂഫാൻ ജനസഭ' സംഘടിപ്പിക്കും. ആദ്യ തൂഫാൻ ജനസഭ കഴിഞ്ഞദിവസം എറണാകുളത്ത് നടന്നു.
അടുത്ത ഘട്ടത്തിലേക്ക്
'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ച് കൃത്യമായ ഇടവേളകൾക്കുള്ളിൽതന്നെ സംസ്ഥാനത്തെ ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും ഔദ്യോഗിക സൂചികകൾ വലിയ തോതിൽ താഴേക്ക് പതിക്കാൻ തുടങ്ങിയിരിക്കുന്നു. കേവലം 21 ദിവസത്തിൽ 3657 കേസ്, 3931 അറസ്റ്റ് എന്നിവ നടന്നു. ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഒളിച്ചുതാമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിർത്തി കടന്നുചെന്ന് പൂട്ടാൻ സാധിച്ചിട്ടുണ്ട്.
ഒടുവിൽ ഒരു ഇടവേളയെടുക്കാൻ ഈ മരണത്തിന്റെ വ്യാപാരികൾ തീരുമാനിക്കുന്നിടത്ത് എത്തിനിൽക്കുന്നു കാര്യങ്ങൾ. ഈ മൗനം താത്കാലികമാണ് എന്ന് നമ്മളും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ വ്യാപ്തി കൂടുതൽ വർദ്ധിപ്പിച്ചുകൊണ്ടും, ഓപ്പറേഷൻ തൂഫാൻ അതിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ കേന്ദ്ര സുരക്ഷാ ഏജൻസികളിലേക്കും, സി.ആർ.പി.എഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും ദൗത്യം വ്യാപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്.
കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാന പ്രവേശന കവാടങ്ങളെല്ലാം പൂർണമായി അടയ്ക്കാനും നാർക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
ലഹരിമുക്ത
നവകേരളം
സാധാരണ റെയ്ഡുകൾ മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസപ്പെടുത്തുമ്പോൾ, ഓപ്പറേഷൻ തൂഫാൻ അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂർണമായും യാഥാർത്ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ടുതന്നെ പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |