
ജീവിതം കൊണ്ട് നാടകത്തെയും സംഗീതത്തെയും നൃത്തത്തെയും കവിതയെയും ഒക്കെ ചേർത്തു പിടിച്ച സംസ്കാരത്തനിമ നിറഞ്ഞ കാവാലം നാരായണപ്പണിക്കർ എന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്ന് പത്തുവർഷം.
അച്ഛനോർമ്മകളിൽ ആദ്യം തെളിഞ്ഞു വരുന്നത് ഒരു കാറപകടമാണ്. 1960കളിൽ അച്ഛൻ തൃശൂരിൽ സംഗീത നാടക അക്കാഡമിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലം. ഇടയ്ക്കിടയ്ക്ക് അച്ഛൻ തന്റെ ഹെറാൾഡ് കാറിൽ തൃശൂർക്ക് പോകും. ഒരു ദിവസം യാത്ര പുറപ്പെട്ട അച്ഛൻ ചേർത്തലയ്ക്കടുത്ത് കാറപകടത്തിൽപെട്ട വാർത്ത വീട്ടിലെത്തി. വണ്ടി ഓടിക്കാൻ കൂടെ പോയിരുന്നത് അനന്തരവൻ. പരിഭ്രാന്തരായ അമ്മാവൻമാരും ബന്ധുക്കളും അപകടസ്ഥലത്തേക്ക് വച്ചുപിടിച്ചു. അവിടെയെത്തി തകർന്ന കാർ കണ്ടു. പക്ഷേ അച്ഛനെ കാണാനില്ല. അന്വേഷിച്ച് നടക്കുമ്പോൾ അടുത്തുള്ള മരത്തണലിലിരുന്ന് കവിതയെഴുതുന്നു. അതായിരുന്നു എന്റെ അച്ഛൻ കാവാലം നാരായണപ്പണിക്കർ. ഏത് പ്രതികൂല സാഹചര്യത്തിലും ഉള്ളിൽവരുന്ന സർഗാത്മകതയെ ഏകാഗ്രമനസോടെ കവിതയായി കുറിക്കുന്ന വ്യക്തി.
അച്ഛനെകുറിച്ച് അമ്മൂമ്മ പറയുമായിരുന്നു: രാവിലെ കാവാലത്തെ കുടുംബ വീട്ടിൽനിന്നും ഇറങ്ങിയാൽ പിന്നെ രാത്രിയേ മടങ്ങിയെത്താറുള്ളൂ. അതിനിടയിൽ പല നാടൻ കലാകാരന്മാരുമായും ഒക്കെ ചങ്ങാത്തംകൂടി അവരുടെ കലയും അസ്വദിച്ച് അവരോടൊപ്പം പാടി നടന്ന് രാത്രി ആഹാര സമയത്താണ് വീട്ടിൽ എത്താറ്.
അച്ഛൻ വിവാഹിതനായശേഷം ആലപ്പുഴയിൽ താമസമാക്കിയ കാലത്ത് ഇടയ്ക്ക് കൃഷി നോക്കാനായി കാവാലത്ത് പോകുമായിരുന്നു. പക്ഷേ കൃഷിയുടെ മേൽനോട്ടത്തെക്കാളും അവിടെ നിന്നുയരുന്ന നാട്ടുസംഗീതത്തെ മനസിലാവാഹിക്കുക, അതിന്റെ പശ്ചാത്തലത്തിൽ അവിടെ സർവവും മറന്ന് കവിതാരചനയിൽ മുഴുകുക അതു മാത്രമായിരുന്നു ലക്ഷ്യം. ജീവിതത്തിലുടനീളം സംഗീതവും കവിതയും നൃത്തവും നാടകവും വഴിനടത്തിയ ഒരു അതുല്യ കലാകാരൻ.
ആലപ്പുഴയിൽ കൊട്ടാരപ്പാലത്തിനടുത്തുള്ള ഒരു ചെറിയ ഹാളിൽ വച്ചാണ് അച്ഛന്റെ നാടകങ്ങളുടെ പരിശീലനം ആദ്യമായി കാണുന്നത്. സാക്ഷി, ദൈവത്താർ തുടങ്ങിയ ആദ്യകാല നാടകങ്ങളുടെ റിഹേഴ്സൽ ക്യാമ്പായിരുന്നു അത്. അച്ഛനൊപ്പം നെടുമുടി വേണു, ഫാസിൽ, ആലഞ്ചേരി മണി, ജി.ശിവരാമൻ നായർ എന്നിവരുമുണ്ടാകും. മലയാള നാടകത്തിന്റെ സാമ്പ്രദായിക രചനാരീതിയെയും അവതരണത്തേയും നിരാകരിച്ച നാടകമായിരുന്നു 1960കളുടെ അവസാനം അരങ്ങിലെത്തിയ ദൈവത്താർ.
അവതരണം കഴിഞ്ഞപ്പോൾ 'തനതു നാടകവേദിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളം മുഴങ്ങിയിരിക്കുന്നു' എന്ന പ്രശസ്ത നാടകകാരൻ സി.എൻ.ശ്രീകണ്ഠൻ നായരുടെ പ്രശംസയേക്കാൾ ഉയർന്നുകേട്ടത് പരമ്പരാഗത പ്രൊഫഷണൽ- അമച്വർ നാടകനടത്തിപ്പുകാരുടെ പരിഭവം പറച്ചിലായിരുന്നു. പക്ഷേ, ഇത്തരം വിമർശനങ്ങൾക്കൊന്നും അച്ഛന്റെ ഉറച്ച നാടകബോധ്യങ്ങളെ മാറ്റിമറിക്കാനായില്ല. തനിക്കു ചുറ്റുമുള്ള ലോകത്തുനിന്ന് കണ്ടെടുക്കപ്പെടേണ്ടതാണ് നാടകപാഠങ്ങളെന്നും അവതരണരീതികളെന്നും നല്ല നിശ്ചയമുണ്ടായിരുന്നു അച്ഛന്.
തൃശൂരിലെ സംഗീത നാടക അക്കാഡമിയുടെ സെക്രട്ടറിയും ചെയർമാനുമായി ദീർഘകാലം പ്രവർത്തിച്ച അച്ഛൻ ജവഹർ ബാലഭവൻ സെക്രട്ടറി എന്നനിലയിൽ തിരുവനന്തപുരത്തെത്തി. ജീവിതം ആലപ്പുഴ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു. പക്ഷേ മരണംവരെയും ഉള്ളിലുറങ്ങാതിരുന്ന ഒരു കുട്ടനാട്ടുകാരന്റെ നന്മയാണ് അച്ഛനെ വഴിനടത്തിയതെന്ന് പറയാം. കുട്ടനാടിന്റെ കാർഷിക സംസ്കൃതിയും നാടൻ പാട്ടുകളും, കൊയ്ത്തുപാട്ടും മെതിപ്പാട്ടും ഞാറ്റുപാട്ടുമെല്ലാം അച്ഛന്റെ നാടകങ്ങളെ ഉത്സവഭരിതമാക്കി.
പുതിയൊരു നാടക ഭാവുകത്വം രൂപപ്പെടുത്തിയെടുക്കുമ്പോൾ അതിനെ ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ വ്യത്യസ്തമായ സംഗീത- വാചിക സംസ്കാരവും ഉണ്ടാകണമെന്ന് അച്ഛൻ നിഷ്കർഷിച്ചിരുന്നു. ഈ സവിശേഷ രചനാരീതി സാക്ഷി മുതൽ കലിവേഷം വരെയുള്ള എല്ലാ നാടകങ്ങളിലുമുണ്ട്.
അവനവൻ കടമ്പക്ക് ശേഷം തനതുനാടകസങ്കല്പം എന്ന ആശയം കൂടുതൽ പ്രബലമായിതീർന്നു. ആ വഴി പിൻപറ്റി നിരവധി നാടകങ്ങളുണ്ടാവുകയും മലയാള നാടകാസ്വാദനത്തിന്റെ ഭാവതലങ്ങൾ മാറ്റിയെഴുതപ്പെടുകയും ചെയ്തു. തന്റെ നാടകങ്ങളെ വിലയിരുത്തിക്കൊണ്ട് അച്ഛനിങ്ങനെ എഴുതി.'നാടകത്തിൽ ഞാൻ നടത്തുന്ന പല കാര്യങ്ങളും കുട്ടിക്കാലത്ത് കാവാലത്തു നിന്നും സ്വരൂപിച്ചതാണ്. കൊയ്ത്തിലും മെതിയിലുമുള്ള ചലനങ്ങളും പാട്ടും താളവും ഒരു നാടകസങ്കല്പം വളർത്തിയെടുക്കാൻ എന്നെ സഹായിച്ചിരുന്നു. അവിടെ, മീൻ വേണോ എന്ന ചോദ്യം നാട്യധർമ്മിയിലാണ്. പാടത്ത് ചക്രം ചവിട്ടുന്നവന് ഒരു താളബോധമുണ്ട്. കലയും സാഹിത്യവും കുട്ടനാട്ടിലെ എല്ലാ പ്രവൃത്തികളിലും ഇഴയിട്ടു നിൽക്കുന്നു'.
നാട്ടുവഴക്കങ്ങളും
വായ്ത്താരികളും
നാടൻശീലുകളും നാട്ടുതാളങ്ങളും ഇഴയിട്ടു നിൽക്കുന്ന ഇരുനൂറ്റി അമ്പതിൽപ്പരം ചലച്ചിത്രഗാനങ്ങൾ അദ്ദേഹം കൈരളിക്കു നൽകി. നാട്ടുവഴക്കങ്ങളും വായ്ത്താരികളും അച്ഛൻ അതിസമർത്ഥമായി പാട്ടുകളിൽ പ്രയോഗിച്ചു.പുതിയ പദങ്ങൾ കണ്ടെത്തി. ഓടക്കുഴൽ വിളി എന്ന ലളിതഗാനത്തിലെ 'അനുരാഗിലം' എന്ന വാക്ക് ഒരുദാഹരണം മാത്രം. സന്തോഷവും സങ്കടവും ഒരേരീതിയിൽ സ്വീകരിക്കുന്ന ആളായിരുന്നു അച്ഛൻ. രാഷ്ട്രം പരമോന്നത ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചപ്പോൾപോലും അതിൽ അമിതാഹ്ളാദം പ്രകടിപ്പിക്കാത്ത അച്ഛനെ പക്ഷേ എന്റെ ജ്യേഷ്ഠന്റെ മരണം വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു.
പിന്തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം ജീവശ്വാസം പോലെ അദ്ദേഹം കൂടെകൊണ്ടു നടന്ന സംഗീത, കാവ്യ ബോധം തന്നെയാണെന്ന് തിരിച്ചറിയുന്നു. 1982ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത 'നേർക്കുനേർ' എന്ന ചിത്രത്തിന് അച്ഛൻ സംഗീതസംവിധാനം നിർവഹിച്ച 'അൻപും തുമ്പും...' എന്നു തുടങ്ങുന്ന ഗാനം ആലപിക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യം.
അവസാന നാളുകൾ..
ജീവിതത്തിലുടനീളം നാടകത്തെ ചേർത്തു പിടിച്ചു നടന്ന അച്ഛൻ മരണത്തിലും ആ നാടകീയതയെ ഒപ്പം ചേർത്തു. കടുത്ത ശാരീരിക അവശതകൾക്കിടയിലും എല്ലാവരും ഒത്തുചേർന്ന് അച്ഛന്റെ എൺപത്തിയെട്ടാം പിറന്നാൾ ഗംഭീരമായി കൊണ്ടാടി. നാളേറെ ചെല്ലുംമുമ്പ് അച്ഛൻ രോഗക്കിടക്കയിലായി. മരണത്തിനു തൊട്ടുമുമ്പ് പത്തുനാൾ അബോധാവസ്ഥയിലേക്ക് വീണു.
പക്ഷേ മരണനാൾ തികച്ചും നാടകീയമായി അച്ഛൻ കണ്ണുതുറന്നു.തെളിനിലാവു പോലെ, തികഞ്ഞ ബോധത്തോടെ സംസാരിച്ചു. ഒടുവിൽ ഒരില ഞെട്ടറ്റടർന്നു വീഴുന്ന ലാഘവത്തോടെ, പാടിത്തീർത്ത ഒരു ഗാനം പോലെ അച്ഛൻ ഞങ്ങളെ വിട്ട് അനശ്വരതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |