SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.41 AM IST

നിലയ്ക്കുന്നില്ല ആ കലപ്പയുടെ ശബ്ദം

ss

മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായിരുന്ന പൊൻകുന്നം വർക്കിയുടെ 22-ാം ചരമവാർഷിക ദിനമാണ് ഇന്ന്. റിയലിസ്റ്റിക് ചിന്താധാരയുടെ പതാക വാഹകനായി മലയാള കഥാലോകത്തേക്ക് നടന്നു കയറിയ പൊൻകുന്നം വർക്കി മണ്ണിന്റെ മണമുള്ള നാട്ടിൻപുറത്തിന്റെ കഥാകാരനായിരുന്നു.

മനുഷ്യന്റെ ദുരിതങ്ങളും വേദനകളും അധികാര പുരോഹിത വർഗത്തോടുള്ള അടങ്ങാത്ത എതിർപ്പും പച്ചയ്ക്ക് ചിത്രീകരിച്ച പൊൻകുന്നം വർക്കിയുടെ ചരമവാർഷിക ദിനമാണ് ജൂലായ് ഒന്ന്. റിയലിസ്റ്റിക് ചിന്താധാരയുടെ പതാക വാഹകനായി മലയാള കഥാലോകത്തേക്ക് നടന്നു കയറിയ വർക്കിസാർ മണ്ണിന്റെ മണമുള്ള നാട്ടിൻപുറത്തിന്റെ കഥാകാരനായി
മാറി. തന്റെ ചുറ്റുപാടുകളിൽ ചേർന്ന് നിന്നു കൊണ്ടുള്ള ഈ രചനാ രീതിയാണ്
ജീവിതത്തോടും അധികാര പുരോഹിത വർഗത്തോടും കലഹിക്കുവാൻ അദ്ദേഹത്തെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നത്.

കർഷകന്റെ ദുരിതവും വളർത്തു മൃഗങ്ങളോടുള്ള സ്നേഹവും വരച്ചുകാട്ടുന്ന 'ശബ്ദിക്കുന്ന കലപ്പ' മലയാള ചെറുകഥകളിലെ ഏറ്റവും നല്ല ക്ലാസിക് കഥയാണ്. ചുറ്റുപാടുകളിൽ ഉള്ള അനീതികളോടും പൊരുത്തക്കേടുകളോടും കലഹിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം മതത്തെയും പൗരോഹിത്യത്തെയും കഥകളിലൂടെ എതിർത്തത്. എന്തൊക്ക എതിർപ്പുകളും പീഡനങ്ങളും ഉണ്ടായാലും തന്റെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി ജീവിതാന്ത്യം വരെ എഴുത്തുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്ന ഉൾക്കരുത്തുള്ള പോരാളിയായിരുന്നു അദ്ദേഹം.


മുതലാളിയുടെ ക്രൂരതയ്ക്കെതിരെ പൊരുതുന്ന തൊഴിലാളിയുടെ അവകാശ ബോധവും സമരവും പ്രമേയമാക്കി അദ്ദേഹം 1958ൽ രചിച്ച കതിരുകാണാകിളി എന്ന നാടകത്തില ശർക്കര പന്തലിൽ തേന്മഴചൊരിയും എന്ന വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനം മലയാളിയുടെ നാവിൽ എ‌ന്നും തത്തിക്കളിക്കും. ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും പതിറ്റാണ്ടുകൾക്ക്മുമ്പ് അദ്ദേഹം രചനകളിൽ പ്രമേയമാക്കിയിട്ടുണ്ട്.

ആശയദൃഢതയുടെ

ആൾരൂപം

രാജഭരണത്തിനും ദിവാനുമെതിര എഴുത്തിലൂടെ വിമർശനത്തിന്റെ കൊടുങ്കാറ്റ് ഉയർത്തുമ്പോഴും അതിന്റെ പേരിൽ, കാരാഗൃഹത്തിൽ കിടക്കേണ്ടി വന്നപ്പോഴും നിലപാടിൽ അയവില്ലാത ആശയദൃഢതയുടെ ആൾരൂപമായ വർക്കിയെയാണ് കാണാൻ കഴിയുന്നത്. കഥകൾ വഴി വർഗസമരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റംചുമത്തി ദിവാൻ ഭരണം വർക്കിയെ ജയിലിൽ അടച്ചു. മാപ്പെഴുതി കൊടുത്താൽ പുറത്തുവിടാമെന്ന് ഭരണകൂടം പറഞ്ഞിട്ടും നട്ടെല്ല് വളയ്ക്കാൻ തയ്യാറായില്ല.


നൂറിലേറെ കഥകളും, പത്തിലേറെ നാടകങ്ങളും, അദ്ദേഹത്തിന്റേതായിട്ടുണ്ട്. നിരവധി സിനിമകൾക്ക് സംഭാഷണം എഴുതി. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്,​ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് ഭരണ മികവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം,​ പത്മപ്രഭാ പുരസ്കാരം,​ ലളിതാംബി അന്തർജനം പുരസ്കാരം,​ മുട്ടത്തുവർക്കി അവാർഡ്,​ കേരള- കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

എഴുത്തച്ഛൻ പുരസ്കാരം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിന് പുറത്തുവച്ച് ഏറ്റുവാങ്ങിയതും പൊൻകുന്നം വർക്കി ആണെന്ന പ്രത്യേകതയുണ്ട്. പുരസ്കാരം നൽകാൻ വർക്കി സാറിന്റെ
സ്വദേശമായ പാമ്പാടിയിൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ നേരിട്ട് എത്തി. ഞങ്ങൾ പാമ്പാടിയിൽ സംഘടിപ്പിച്ച,​ ആയിരങ്ങൾ പങ്കെടുത്ത യോഗത്തിൽ വച്ചാണ് 1997ലെ എഴുത്തച്ഛൻ പുരസ്കാരം നൽകിയത്.


94 വയസു വരെയുള്ള ജീവിതം നവചിന്തയുടെ തീക്കനലുകൾ വാരിയിട്ടതായിരുന്നു. മലയാള സാഹിത്യ നഭസിലെ നിഷേധിയായ വർക്കി സാർ തിരിതെളിച്ച നവലോകം സാംസ്കാരിക കേന്ദ്രം വർഷങ്ങളായി അദ്ദേഹത്തിന്റെ ചിന്താധാരകൾ സജീവമായി നിലനിറുത്തുവാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ്.


(നവലോകം സാംസ്കാരിക കേന്ദ്രം ചെയർമാനാണ് വി.എൻ.വാസവൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY