SignIn
Kerala Kaumudi Online
Friday, 04 September 2026 9.56 AM IST

മണൽ വാരണം,  പ്രളയം ഒഴിവാക്കണം

vv

കേരളത്തി​ലെ പ്രളയക്കെടുതി​ നി​യന്ത്രി​ക്കാൻ മണൽ നീക്കംചെയ്ത് നദി​കളുടെ ആഴം വർദ്ധി​പ്പി​ക്കണമെന്ന് കഴി​ഞ്ഞ ദി​വസം ഉപരാഷ്ട്രപതി​ സി.പി​.രാധാകൃഷ്ണൻ അഭി​പ്രായപ്പെട്ടി​രുന്നു. ഞാൻകൂടി​ പങ്കെടുത്ത ചടങ്ങി​ലായി​രുന്നു പ്രതി​കരണം. ഇന്ത്യയുടെ ഉപരാഷ്ട്രപതി​പോലും കേരളം നേരി​ടുന്ന അസാധാരണമായ പ്രളയദുരിതം ശ്രദ്ധി​ക്കുന്നുവെന്നത് ഈ പ്രശ്നത്തി​ന്റെ ഗൗരവം വർദ്ധി​പ്പി​ക്കുന്നു.

44 നദികളുള്ള കേരളം ജലസമൃദ്ധമാണ്. എന്നാലും വലിയ പ്രളയങ്ങൾ അപൂർവ്വമായിരുന്നു. രണ്ട് നൂറ്റാണ്ടിനിടെ രണ്ടു തവണയാണ് സംസ്ഥാനം മഹാപ്രളയങ്ങൾക്ക് ഇരയായത്. ഇപ്പോഴാകട്ടെ രണ്ടോ മൂന്നോ ദിവസം ശക്തമായി മഴപെയ്താൽ മലയാളികൾ പ്രളയഭീതിയിലാകും. പ്രകൃതിയുടെയും മഴയുടെയും മാറ്റവും പാരിസ്ഥിതികമായ പ്രശ്നങ്ങളും മനുഷ്യർ ഭൂമിയോട് ചെയ്ത ദ്രോഹവും തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. എന്തൊക്കെയായാലും പ്രളയവും പ്രളയക്കെടുതിയും കേരളത്തിന് ഭീഷണിയാകുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ പ്രശ്നം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദീർഘവീക്ഷണത്തോടെ അടിയന്തരമായി കൈകാര്യം ചെയ്യണമെന്ന സ്ഥിതി വന്നിരിക്കുകയാണ്.


എല്ലാ മഴക്കാലത്തും 2018ലെ പ്രളയത്തിന്റെ ദുരിതസ്മരണ പൊതുവേ മലയാളികളെ ഭയവിഹ്വലരാക്കുന്നുണ്ട്. ഓരോ കാലവർഷവും നദീതടങ്ങളിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. ഇക്കുറിയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകൾ മഴക്കാലത്ത് വലിയ ജാഗ്രത പുലർത്തേണ്ടി വന്നു. പത്തനംതിട്ടയിലും ആലപ്പുഴ കുട്ടനാടും നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി. 25ൽ പരം ജീവനുകൾ സംസ്ഥാനത്ത് പൊലിഞ്ഞു. ശതകോടികളുടെ നഷ്ടമുണ്ടായി. കുട്ടനാടിന്റെ ജീവനാഡിയായ ആലപ്പുഴചങ്ങനാശേരി റോഡ് ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി. 2018ന് ശേഷം ഉണ്ടായ വലിയ വെള്ളപ്പൊക്കമായിരുന്നു ഇത്തവണത്തേത്. നാലു ജില്ലകളിലെ നദീതടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് വർഷകാലത്ത് മന:സമാധാനം ഇല്ല. വീട്ടിൽ വെള്ളം കയറുമോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുമോ എന്ന ഭയം അവരെ പിന്തുടരുന്നുണ്ട്. സ്വന്തം വീട് വെള്ളത്തിലാകുമോ എന്ന് ഭയപ്പെട്ട് ജീവിക്കുന്നവരുടെ മാനസികാവസ്ഥ അനുഭവിച്ചാലേ അറിയൂ.


വെള്ളപ്പൊക്കത്തിന് നിരവധി കാരണങ്ങളുണ്ടാകാം. എങ്കിലും നദീതടങ്ങൾ ക്ഷിപ്രവേഗത്തിൽ മുങ്ങാൻ കാരണം നദികളിലെ മണൽവാരൽ നിരോധിച്ചതിനാൽ മണൽ ഒഴുകിയെത്തി ആഴം ഇല്ലാതായതിനാലാണ്. വെള്ളം വഹിക്കാനുള്ള ശേഷി നദികൾക്ക് കുറഞ്ഞിട്ടുണ്ട്. ഡാമുകളുടെ കാര്യവും സമാനമാണ്. മണ്ണും ചെളിയും അടിഞ്ഞ് ഡാമുകളുടെ സംഭരണശേഷിയും ശോഷിച്ചു. മഴക്കാലത്ത് അപ്രതീക്ഷിതമായി പെട്ടെന്ന് തന്നെ ഡാമുകൾ നിറയുന്നുണ്ട്. ഡാം മാനേജ്‌മെന്റ് സംബന്ധിച്ച് അതിസൂക്ഷ്മമായ ചട്ടങ്ങളും മാർഗനിർദേശങ്ങളും ഉള്ള നാടാണ് നമ്മുടേത്. എന്നിട്ടും ഡാമുകളുടെ പരിപാലനം സമ്പൂർണമാണോ എന്ന സംശയവും ഉയരുന്നു. യഥാകാലങ്ങളിൽ ഡാമുകൾ വൃത്തിയാക്കാനോ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനോ ആവശ്യമായ നടപടികൾ സ്വീകരിക്കപ്പെടുന്നില്ല. ഡാമുകളിലെ മണലും ചെളിയും പുറത്തെടുത്ത് തരംതിരിക്കാനുള്ള പരീക്ഷണവും സർക്കാരിന്റെ ശുഷ്‌കാന്തിക്കുറവ് മൂലം വർഷങ്ങൾക്ക് മുമ്പ് പാളിപ്പോയി. ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമായതിനാൽ ഇതൊക്കെ നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ. ഗൗരവമായി ഇക്കാര്യങ്ങൾ ആലോചിക്കാൻ പുതിയ സർക്കാരെങ്കിലും തയ്യാറാകണം. 3040 വർഷമായി ഒഴുകിയെത്തുന്ന മണലും ചെളിയും നമ്മുടെ ഡാമുകളിൽ ഉണ്ടാകും. അത് നീക്കി സംഭരണശേഷി പൂർണതോതിൽ നിലനിറുത്താനായാൽ വൈദ്യുതോത്പാദനത്തിനും ഗുണം ചെയ്യും. പ്രത്യേകിച്ച് സംസ്ഥാനം വൈദ്യുതിക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ.


കേരളത്തിലെ മഴയ്ക്കും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ചെറിയ പ്രദേശത്ത് അതിശക്തമായി പെയ്യുന്ന മഴ വലിയ ഭീഷണി ഉയർത്തുന്നു. അപ്രതീക്ഷിതമായി പെട്ടെന്ന് വലിയ അളവ് ജലമാണ് പെയ്തിറങ്ങുന്നത്. വൻതോതിൽ പാടശേഖരങ്ങളും ചതുപ്പുകളും ജലസ്രോതസുകളും നികത്തിയത് ഭൂമിയുടെ ജലസംഭരണ ശേഷി കുറച്ചതിനാൽ കരയിൽ ജലം സംഭരിക്കപ്പെടുന്നുമില്ല. തോടുകളും കായലുകളും ജലപാതകളും ഒഴുക്കു നിലച്ചും മാലിന്യം മൂടിയും കാടുപിടിച്ചും കൈയ്യേറിയും നശിക്കുകയാണ്. പ്രളയത്തെ വിളിച്ചുവരുത്തുന്നതാണ് ഈ വീഴ്ചകൾ.


ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ തീവ്രമഴയ്ക്കും പ്രളയത്തിനുംശേഷം നദികളിലെ മണൽ വാരാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇക്കാര്യത്തിൽ വേണ്ട നടപടികൾ മുന്നോട്ടുപോയോ എന്ന് സംശയമാണ്. 8 ജില്ലകളിലെ 17 നദികളിൽ നിന്നു മണൽ വാരാനുള്ള നടപടികൾക്ക് കഴിഞ്ഞ സർക്കാരും അംഗീകാരം നൽകിയിരുന്നു. അതും എങ്ങുമെത്തിയില്ല. പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായ നദികളിൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടത്തിയ സാൻഡ് ഓഡിറ്റിംഗിലാണ് വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. മണൽവാരൽ പുനരാരംഭിക്കാനായി 2025ൽ റവന്യൂ വകുപ്പ് ഫയലുകൾ നീക്കിയെങ്കിലും ജിയോളജി വകുപ്പ് പാര പണിതുവെന്നാണ് സൂചനകൾ. പ്രളയം ആവർത്തിക്കുന്നതും മഴക്കെടുതികളും കേരളത്തിന്റെ പുരോഗതിക്ക് നല്ലതല്ല. വന്നതും വരാനുള്ളതുമായ പല വലിയ പദ്ധതികളെയും അത് ദോഷകരമായി ബാധിക്കും.

അനിയന്ത്രിതമായ മണലൂറ്റ് നദികളെ ക്ഷയിപ്പിച്ചപ്പോൾ 2016ലാണ് സംസ്ഥാനത്തെ നദികളിൽ മണൽവാരൽ പൂർണമായി നിരോധിച്ചത്. നിർമ്മാണ പ്രവൃത്തികൾക്ക് മണലിന് പകരം ജനങ്ങൾ ആശ്രയിച്ചത് പാറപ്പൊടിയെയാണ്. മറ്റൊരു പാരിസ്ഥിതികനാശത്തിനും അതു വഴിയൊരുക്കി. പാറ വൻതോതിൽ പൊട്ടിച്ചെടുത്താണ് പൊടിയാക്കുന്നത്. പുഴയുടെ സ്വാഭാവികമായ ഘടനയുടെ ഭാഗമാണ് മണൽ. നിയന്ത്രിതമായ തോതിൽ, കർശനമായ വ്യവസ്ഥകളോടെ അത് വാരിയെടുക്കുന്നതു തന്നെയാണ് നല്ലത്. പ്രളയഭീതിയും ഒഴിയും. സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നികുതിയിലൂടെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാവും. ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും പരിഹാരമാകും. മണൽ വാരലിനും വിപണനത്തിനും കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കണം. മണൽ വ്യാപാരത്തിന്റെ പേരിൽ ഇടനിലക്കാരുടെയും മാഫിയ സംഘങ്ങളുടെയും തിരിച്ചുവരവ് ഉണ്ടാകാതെ നോക്കുകയും വേണം. മണൽ സുലഭമായാൽ നിർമ്മാണ മേഖലയിലും അത് ഗുണം ചെയ്യും. കേരളം പ്രളയമുക്തമാകാൻ മണൽവാരൽ എത്രയും വേഗം നടപ്പിൽ വരുത്താൻ സർക്കാർ ശ്രമിക്കുമെന്ന് കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY