SignIn
Kerala Kaumudi Online
Friday, 04 September 2026 9.54 AM IST

സൈനിക താവളത്തിലെ വൻ കവർച്ച

READ ENGLISH VERSION
aa

കാശ്‌മീരിലെയും പഞ്ചാബിലെയും മറ്റും സൈനിക താവളങ്ങൾക്ക് നേരെ പല തവണ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സൈനിക താവളങ്ങൾ വർഷങ്ങളായി പാക് ഭീകരരുടെ ആക്രമണ ലക്ഷ്യങ്ങളിൽ മുഖ്യമായതാണ്. അതിനാൽ തന്നെ ഇത്തരം സൈനിക കേന്ദ്രങ്ങളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇത്തരം സൈനിക താവളങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യമാണ് സെക്കന്തരാബാദ് കന്റോൺമെന്റിൽ നടന്ന ആയുധ മോഷണം ഉയർത്തുന്നത്. മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള ആയുധപ്പുരയിൽ നിന്ന് അത്യാധുനിക തോക്കുകളും ആയിരക്കണക്കിന് വെടിയുണ്ടകളും മോഷണം പോയ സംഭവം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതും അതീവ ഗുരുതരവുമാണ്.

മോഷണം നടക്കുമ്പോൾ അവിടെ സ്ഥാപിച്ചിരുന്ന സി.സി ടിവി സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നു എന്നതും കാവൽക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു എന്നതും വിരൽ ചൂണ്ടുന്നത് ഗുരുതരമായ ഒരു അട്ടിമറിയിലേക്കാണ്. സൈനിക കേന്ദ്രത്തിലുള്ളവരുടെ ഒത്താശ ഇല്ലാതെ ഇങ്ങനെയുള്ള ഒരു ആയുധക്കൊള്ള നടക്കാൻ സാദ്ധ്യതയില്ലെന്ന് ന്യായമായും ഉൗഹിക്കാം. കപ്പലിലെ കള്ളനിലേക്ക് അന്വേഷണം നീളുന്നതിനൊപ്പം ആയുധങ്ങൾ ആരുടെ പക്കലെത്തി എന്നതും കണ്ടുപിടിക്കപ്പെടേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ സമാധാനം തകർക്കാനുള്ള ഭീകര സംഘങ്ങളുടെ കൈയിൽ ഈ ആയുധങ്ങൾ എത്തിപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

ആയുധപ്പുരയുടെ പൂട്ടുപൊളിച്ച് 12 തോക്കുകളും 21 മാഗസിനുകളും 1800ഓളം വെടിയുണ്ടകളും രാത്രി കാലത്തും ഉപയോഗിക്കാവുന്ന ബൈനോക്കുലറുമടക്കം മോഷ്ടിക്കപ്പെട്ടെന്നാണ് പ്രാഥമികമായി പുറത്തു വന്നിരിക്കുന്ന വിവരം. നാല് എ.കെ 203 റൈഫിളുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. എ.കെ 47ന്റെ നാലാം തലമുറ തോക്കാണ് എ.കെ 203. തിങ്കളാഴ്ച രാവിലെ7.50നാണ് കവർച്ചാ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിന് ആയുധങ്ങളെല്ലാം അവിടെയുണ്ടെന്ന് കണക്കെടുത്ത് ഉറപ്പിച്ചതാണ്. സെക്കന്തരാബാദ് കന്റോൺമെന്റിലെ ബൊല്ലാരത്ത് പ്രവർത്തിക്കുന്ന മദ്രാസ് റെജിമെന്റിലെ ലെഫ്‌റ്റനന്റ് കേണലിന്റെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികളുടെ സംയുക്തമായ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. മോഷണവുമായി ബന്ധപ്പെട്ട് അഗ്‌നിവീറുകൾ ഉൾപ്പെടെ സൈനിക താവളത്തിലെ ആറോളം സ്റ്റാഫുകൾ അറസ്റ്റിലാവുകയും ചെയ്ത‌ിട്ടുണ്ട്. മേഖലയിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളും സംശയമുള്ളവരുടെ നീക്കങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. മോഷണം ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം. ഈ ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കൈയിൽ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വളരെ വലുതായിരിക്കും. ആയുധ മോഷണത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്.

നമ്മുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനം പുനഃപരിശോധിക്കാനും പിഴവുകൾ പരിഹരിക്കാനും ഈ സംഭവം ഒരു നിമിത്തമായി മാറണം. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്ന സന്ദർഭത്തിലും ഒരു മിലിട്ടറി ആയുധപ്പുരയുടെ പൂട്ട് തകർത്ത് മോഷണം നടത്താനായി എന്നത് നമ്മുടെ സുരക്ഷാ നടപടികളുടെ വീഴ്ചയാണ് തുറന്നു കാട്ടുന്നത്. ഈ വീഴ്ചയ്ക്ക് കാരണക്കാരായവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക തന്നെ വേണം. അതോടൊപ്പം തന്നെ രാജ്യത്തെ മറ്റു കന്റോൺമെന്റുകളിലും നിരീക്ഷണം ശക്തിപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY