SignIn
Kerala Kaumudi Online
Friday, 04 September 2026 1.16 AM IST

എയർ ഇന്ത്യയ്ക്ക് ടാറ്റയുടെ സഹായം ₹10000 കോടി

airindia

ന്യൂഡൽഹി: നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയർ ഇന്ത്യ വിമാനക്കമ്പനിക്ക് ടാറ്റ സൺസിന്റെ 10,000 കോടി രൂപയുടെ നിക്ഷേപം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർഇന്ത്യയ്‌ക്ക് 10,000 കോടി രൂപ (ഏകദേശം 1.1 ബില്യൺ ഡോളർ) അനുവദിക്കാൻ ടാറ്റ സൺസ് ബോർഡ് അനുമതി നൽകി. ഉപാധികളോടെയാണ് സാമ്പത്തിക സഹായം നൽകുക. 2021ൽ 18,000 കോടി രൂപയ്ക്ക് ഏറ്റെടുത്തതിന് ശേഷം, വിമാനക്കമ്പനിക്കായി ടാറ്റ സൺസ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

ടാറ്റ കൂടുതൽ നിക്ഷേപമിറക്കാൻ മടിച്ചതിനാൽ വായ്‌പകളെ ആശ്രയിച്ച വകയിലും എയർഇന്ത്യയ്‌ക്ക് വൻ കടമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ 18,500 കോടി അടക്കം 11 സ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പ 40,000 കോടിയിൽ പരം വരും.

2026 സാമ്പത്തിക വർഷത്തിൽ നഷ്ടം ഇരട്ടിയിലധികമായി 22,238 കോടി രൂപയിലെത്തിയ എയർ ഇന്ത്യയിലേക്കുള്ള ഓഹരി നിക്ഷേപം ടാറ്റ സൺസ് നിറുത്തിവെച്ച് ഒരു വർഷത്തിലേറെക്കാലം പിന്നിട്ട ശേഷമാണ് ഇപ്പോൾ ഈ തുക അനുവദിച്ചിരിക്കുന്നത്. ചെയർമാൻ എൻ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച ജൂണിലെ ബോർഡ് യോഗത്തിലാണ് എയർ ഇന്ത്യക്ക് സഹായം നൽകാനുള്ള തീരുമാനമെടുത്തത്.

എയർ ഇന്ത്യയുടെ നഷ്ടം നോയൽ ടാറ്റയും ചന്ദ്രശേഖരനും തമ്മിൽ ഭിന്നതയുണ്ടാകാനുള്ള പ്രധാന കാരണമായിരുന്നു. 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുമ്പോൾ സ്ഥാനമൊഴിയുമെന്ന് ചന്ദ്രശേഖരൻ പ്രഖ്യാപിക്കുന്നതിലേക്ക് ഭിന്നത നയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ചിരിക്കുന്ന മൂലധനം കമ്പനിയെ എങ്ങനെയൊക്കെ രക്ഷിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.

മൂലധനം സമാഹരിക്കാൻ നീക്കം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യ റെക്കോർഡ് വാർഷിക നഷ്ടം രേഖപ്പെടുത്തി മാസങ്ങൾക്ക് ശേഷം തങ്ങളുടെ ഉടമകളായ ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും ഏകദേശം 1.5 ബില്യൺ ഡോളർ പുതിയ ഇക്വിറ്റി (മൂലധനം) സമാഹരിക്കാൻ ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRINDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360