
കൊച്ചി: ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹാർബർ ടഗ്ഗുകളുടെ നിർമ്മാണം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉരുക്ക് മുറിക്കൽ ചടങ്ങോടെ ആരംഭിച്ചു. ആഗോള ടോവിംഗ്, മറൈൻ സേവനദാതാവായ സ്വിറ്റ്‌സറിന് വേണ്ടി നാല് പുതുതലമുറ ടഗ്ഗുകളാണ് നിർമ്മിക്കുന്നത്.
ഇന്ത്യയുടെ ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം, മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾ പാലിക്കുന്നതാണ് നിർമ്മാണം.
2025 ഡിസംബറിൽ സ്വിറ്റ്‌സറുമായി ഷിപ്പ്‌യാർഡ് ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് നാല് ടഗുകൾ നിർമ്മിക്കുന്നത്. ഇലക്ട്രിക് പ്രൊപ്പൽഷൻ, ഹരിത കപ്പൽനിർമ്മാണം എന്നിവയിൽ ഇന്ത്യയുടെ ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.
ചടങ്ങിൽ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെ, സ്വിറ്റ്‌സർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കാസ്പർ കാൾസൻ, മാനേജിംഗ് ഡയറക്ടർ ഡെനിസ് കിർദാർ ട്രൂ എന്നിവർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 18 ടഗ്ഗുകൾ നിലവിൽ നിർമ്മാണത്തിലാണെന്ന് സ്വിറ്റ്‌സർ അറിയിച്ചു. 3,000ത്തിലധികം വാണിജ്യ ടോവിംഗ് പ്രവർത്തനങ്ങൾക്ക് ഇത്തരം ടഗ്ഗുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യൻ കപ്പൽനിർമ്മാണ മേഖലയെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ അടുത്തിടെ 69,725 കോടി രൂപയുടെ സമഗ്ര പാക്കേജിന് അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി കൊച്ചിക്ക് ലഭിച്ചത്.
കാർബൺ പുറന്തള്ളൽ ഒഴിവാക്കും
തുറമുഖങ്ങളിലെ സങ്കീർണമായ പ്രവർത്തനങ്ങൾക്കായി രൂപകല്പന ചെയ്ത ടഗ്ഗുകൾ കപ്പലുകളെ കൈകാര്യം ചെയ്യാനും പ്രതികൂല കാലാവസ്ഥയിലും വേലിയേറ്റ, ഇറക്ക സാഹചര്യങ്ങളിലും പ്രവർത്തിക്കാനും ശേഷിയുള്ളവയാണ്. ഹരിത വൈദ്യുതി ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യുന്നതുവഴി കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ കഴിയും.
സമുദ്രഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നതാണ് ടഗ്ഗ് നിർമ്മാണം.
ജോസ് വി. ജെ.
സി.എം.ഡി
കൊച്ചി ഷിപ്പ്‌യാർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |