
ഓഹരിക്കും രൂപയ്ക്കും സമ്മർദ്ദം
കൊച്ചി: രൂക്ഷമാകുന്ന പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലയിലെ കുതിപ്പും രാജ്യത്തെ ഓഹരി, നാണയ വിപണിയിൽ നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും വിൽപ്പനയിലേക്ക് മാറി. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിലേക്ക് കുതിക്കുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ആറാഴ്ചത്തെ ഏറ്റവും ഉയർന്ന തലമായ 98.6 ഡോളറിലെത്തി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതോടെ സംഘർഷം അതിവേഗം വ്യാപിക്കുകയാണ്. ഹോർമുസ് ഇടനാഴിയിലൂടെയുള്ള ചരക്കുഗതാഗതം പുനസ്ഥാപിക്കാൻ ഇറാൻ നടത്തുന്ന നീക്കങ്ങളുടെ വിശദാംശങ്ങളാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ചൈന വൻതോതിൽ എണ്ണ വാങ്ങുന്നതും വില ഉയരാൻ കാരണമായി. യുദ്ധം തീവ്രമായാൽ ക്രൂഡ് വില ബാരലിന് 120 ഡോളർ കടക്കുമെന്ന് ഇന്നലെ പ്രമുഖ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്ക്‌സ് മുന്നറിയിപ്പ് നൽകിയതും നിക്ഷേപകരിൽ ആശങ്ക ഉയർത്തി. മുഖ്യ സൂചികയായ സെൻസെക്‌സ് 555 പോയിന്റ് ഇടിഞ്ഞ് 75,577.58ൽ അവസാനിച്ചു. നിഫ്‌റ്റി 144 പോയിന്റ് കുറഞ്ഞ് 23,635ൽ എത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസയുടെ നഷ്‌ടത്തോടെ 94.84ലേക്ക് താഴ്ന്നു.
പലിശയിലും ആശങ്ക
എണ്ണവിലയിലെ കുതിപ്പ് ആഗോളതലത്തിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുകയാണ്. ഇതോടെ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറി. സെപ്തംബറിൽ ഫെഡറൽ റിസർവിന്റെ പലിശ വർദ്ധന തീരുമാനം ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ റിസർവും ബാങ്കും അടുത്ത നയ രൂപീകരണ യോഗത്തിൽ പലിശ വർദ്ധന പ്രഖ്യാപിച്ചേക്കും.എണ്ണവില ഉയരുന്ന സാഹചര്യത്തിൽ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾക്കാകും കേന്ദ്ര ബാങ്കുകൾ പ്രാമുഖ്യം നൽകുക.
വിപണിയിലെ വെല്ലുവിളി
1. ക്രൂഡോയിൽ വിലവർദ്ധന കമ്പനികളുടെ ലാഭമാർജിനെ ബാധിക്കുന്നു
2. രൂപയുടെ മൂല്യത്തകർച്ച കണക്കിലെടുത്ത് വിദേശ നിക്ഷേപകർ പിന്മാറുന്നു
3. എ.ഐയുടെ വ്യാപനവും മാന്ദ്യ സാഹചര്യങ്ങളും ഐ.ടി കമ്പനികൾക്ക് തിരിച്ചടി
4. ഐ.പി.ഒ രംഗത്തെ ആവേശം വിപണിയിലെ പണലഭ്യത കുറയ്ക്കുന്നു
ഏപ്രിൽ-ജൂലായ് കാലയളവിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ചെലവിലെ വർദ്ധന
56%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |