
മൂന്ന് ജില്ലകളിൽ വിപുല പദ്ധതികൾ
ശ്രീനഗർ: രാജ്യത്തെ പട്ടുനൂൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളെ കൂടി ഉൾപ്പെടുത്തി. രാജ്യത്തെ 218 ജില്ലകളിലേക്ക് വ്യാപിക്കുന്ന പദ്ധതിയിൽ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളാണ് കേരളത്തിൽ നിന്ന് ഉൾപ്പെട്ടത്. ഈ ജില്ലകളിലെ കർഷകർക്ക് മികച്ച സാങ്കേതികവിദ്യ സൗജന്യമായി ലഭ്യമാക്കും. കയറ്റുമതി സാദ്ധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് കൂടുതൽ സബ്‌സിഡിയും നൽകും. പട്ടുനൂൽ ഉത്പാദനം 15,000 മെട്രിക്ക് ടൺ കൂടി വർദ്ധിപ്പിച്ച് ഈ മേഖലയിൽ ഒന്നാംസ്ഥാനം നേടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ശ്രീനഗറിലെ സെൻട്രൽ സെറി കൾച്ചറൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇർഫാൻ ഇല്ലാഹി പറഞ്ഞു. നിലവിൽ കേരളത്തിലെ പാലക്കാട് സീഡ് സെന്ററിൽ നിന്നുള്ള വിത്തുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ കേരളത്തിൽ നിന്നുള്ള പി.ഐ.ബി സംഘത്തിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 42,000 മെട്രിക് ടൺ വാർഷിക ഉത്പാദനമുള്ള ഇന്ത്യക്ക് ഈ മേഖലയിൽ രണ്ടാം സ്ഥാനമാണുള്ളത്. പുതിയ പദ്ധതിയിലൂടെ ആഗോള തലത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് ലക്ഷ്യം. മൾബറി കേക്ക്, ജാം തുടങ്ങിയ ഉപ ഉത്പ്പന്നങ്ങളുടെ നിർമ്മാണവും പ്രോത്സാഹിപ്പിക്കും.
പാംപോറിലെ സെൻട്രൽ സെറികൾച്ചറൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, മാനസ്ബാലിലെ ബേസിക് സീഡ് ഫാം എന്നിവ ഇന്നലെ മാധ്യമ സംഘം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |