SignIn
Kerala Kaumudi Online
Friday, 02 October 2026 2.59 AM IST

ക്യാൻസർ മരുന്നിനും 'രക്ഷാപ്രവർത്തനം'

ss

ക്യാൻസറിന് അടക്കമുള്ള വിലകൂടിയ മരുന്നുകൾ പലപ്പോഴും ഗുണനിലവാര പരിശോധനയിൽ ഉൾപ്പെടാതെ പോകുന്നുണ്ട്. ഫണ്ടിന്റെ അപര്യാപ്തയാണ് പ്രശ്നം. ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി വാങ്ങി പരിശോധിക്കാൻ തയ്യാറാവില്ലല്ലോ.

പനിക്കുള്ള പാരസെറ്റമോൾ ഗുളിക വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. ഏത് മെഡിക്കൽ സ്റ്റോറിൽ പോയാലും കിട്ടും. ഒരു സ്ട്രിപിന്റെ (15 എണ്ണം) യഥാർത്ഥ വില രണ്ടു രൂപ മുതൽ 4.90 രൂപവരെ. പക്ഷേ, വിൽക്കുന്നതാകട്ടെ 12 രൂപ മുതൽ 30 രൂപയ്ക്കു വരെ. ഈ കൊള്ള വിലയ്ക്ക് ഇതുവാങ്ങി കഴിച്ചാൽ അസുഖം മാറുമോ? ചില ബ്രാൻഡുകൾക്ക് ഫലം കിട്ടിയേക്കും. മറ്റു ചിലത് ഫലിക്കില്ല. കാരണം സിംപിൾ. മരുന്നിൽ ‌ചേരേണ്ട ഘടകങ്ങൾ കൃത്യമായ അളവിൽ ചേർന്നില്ലെങ്കിൽ ഫലം കുറയും.

ഏത് ഘടകമായാലും 100 ശതമാനം ചേർന്നിരിക്കണമെന്നാണ് വ്യവസ്ഥ. മറിച്ചാണെന്ന് കണ്ടെത്തിയാൽ അത് വിപണിയിൽ നിന്നും പിൻവലിക്കേണ്ടി വരും. മരുന്നിൽ ചേർന്നിരിക്കേണ്ട ഘടകങ്ങൾ 70 ശതമാനം പോലും ഇല്ലെന്ന് കണ്ടെത്തിയാൽ മരുന്ന് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാകും. സർക്കാരിന്റെ ഡ്രഗ്സ് കൺട്രോളർ വിഭാഗമാണ് മരുന്ന് പരിശോധിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 19.62 കോടി രൂപയുടെ മരുന്നാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചത്. മരുന്ന്, വിപണിയിൽ എത്തിക്കും മുമ്പ് കമ്പനികൾ തന്നെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം പരിശോധിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, അത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഡ്രഗ്സ് കൺട്രോളർ വിഭാഗം പരിശോധന നടത്തി മരുന്ന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുമ്പോഴേക്കും അവ വൻതോതിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ടാകും.

ഗുളികയാണെങ്കിൽ നാലു ബാച്ചുകളിലായി 200 എണ്ണമാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിന് പരിശോധനയ്ക്കായി വില കൊടുത്ത് വാങ്ങേണ്ടി വരുന്നത്. ഇതിനായി നിശ്ചിത ഫണ്ട് മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. അത് പലപ്പോഴും തികയാറില്ല. അതിനാൽ പരിശോധനയും ചട്ടപ്പടിയായി മാറും. ക്യാൻസറിന് അടക്കമുള്ള വിലകൂടിയ മരുന്നുകളാണ് പലപ്പോഴും പരിശോധിക്കപ്പെടാതെ പോകുന്നത്. നാല് ബാച്ച് മരുന്നുകൾ കൂടിയ വില കൊടുത്തു വാങ്ങാനുള്ള ഫണ്ടിന്റെ അപര്യാപ്തയാണ് പ്രശ്നം. ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി വാങ്ങി പരിശോധിക്കാൻ തയ്യാറാവില്ലല്ലോ.

മരുന്നു ഉപയോഗത്തിൽ മുന്നിൽ

ആളോഹരി മരുന്ന് ഉപഭോഗത്തിൽ കേരളം നമ്പർ വൺ ആണ്. കേരളത്തിൽ ഒരാൾ പ്രതിവർഷം ശരാശരി 2567 രൂപ മരുന്നിനു മാത്രം ചെലവഴിക്കുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 300 നും 1500 രൂപയ്ക്കും ഇടയിലാണ്. തമിഴ്നാട്ടിൽ 1650 രൂപ.

കേരളത്തിൽ പ്രതിവർഷം ഒരാൾ ചികിത്സയ്ക്കും ആരോഗ്യ പരിചരണത്തിനുമായി ചെലവാക്കുന്നത് ശരാശരി 9871 രൂപയെന്നാണ് കണക്ക്. ഇത് ദേശീയ ശരാശരിയെക്കാൾ നാലിരട്ടി കൂടുതലാണ്.

 35,584 കോടി രൂപ മലയാളികളാകെ പ്രതിവർഷം ആരോഗ്യ പരിപാലനത്തിനായി ചെലവഴിക്കുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഏറ്രവും കൂടുതൽ മെഡിക്കൽ സ്റ്റോറുകൾ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം 36,000 എണ്ണമാണ് സംസ്ഥാനത്തുള്ളത്.

വരും ഒരു ലാബു കൂടി

നിലവിൽ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് നാലു ലാബുകളാണുള്ളത്. പരിശോധനാ ഫലം വേഗത്തിലാക്കാൻ ഒരു ലാബ് കൂടി കണ്ണൂരിൽ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിലാണ് നിലവിൽ ലാബുകളുള്ളത്.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY