
ജീവിതവിജയത്തിന് പ്രവർത്തന മികവ് അനിവാര്യമാണ് ഈ കാലഘട്ടത്തിൽ. ഫയലുകൾക്കിടയിൽ ഉറക്കം തൂങ്ങിയിരുന്ന് കനത്ത ശമ്പളം വാങ്ങിയിരുന്ന കാലം അസ്തമിക്കുകയാണ്. മികവിന്റെ കേന്ദ്രങ്ങൾ തേടി കൂടുവിട്ടു കൂടുമാറുകയാണ് യുവതലമുറ. ഇതിനിടയിൽ കാലഹരണപ്പെട്ട കോഴ്സുകളും അനാവശ്യ പാഠ്യപദ്ധതികളുമായി പതിറ്റാണ്ടുകൾ മുടന്തി നീങ്ങി കേരളത്തിലെ സർവകലാശാലകൾ. വിദ്യാർത്ഥികൾ മുമ്പ് ഇടിച്ചുകയറിയിരുന്ന ബിരുദ ക്ലാസുകൾ കാലി ബെഞ്ചുകളും ഡെസ്ക്കുകളുമായി അധഃപതിച്ചു. നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ലെന്ന ധാരണ ജെൻ സി സമൂഹത്തിൽ അടിയുറച്ചു. അക്കരപ്പച്ച തേടി അവർ മഞ്ഞുറഞ്ഞ നാടുകളിലേക്ക് കൂട്ടമായി യാത്രയായി. ഇതിന്റെ ഫലമായി കേരളത്തിലെ ഉത്തര വിദ്യാഭ്യാസരംഗം പൊളിച്ചെഴുതണമെന്ന മുറവിളിയുണ്ടായി.
കേന്ദ്രാവിഷ്കൃത തൊഴിലധിഷ്ഠിത കോഴ്സുകളും മറ്രുമായി പ്രവർത്തനം ഉടച്ചുവാർക്കുന്ന ക്യാമ്പസുകളെ വൈകിയ വേളയിലെങ്കിലും നമുക്ക് കാണാനായി. എന്നാൽ ഒന്നു പരിഹരിക്കുമ്പോൾ മറ്റൊന്നു കുളമാകുന്ന രീതിക്ക് മാറ്റമുണ്ടായില്ല. സാമ്പത്തിക ഞെരുക്കം, അദ്ധ്യാപക ക്ഷാമം, സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്ത അവസ്ഥ ഇതെല്ലാം കലാശാലകളെ മറ്റൊരു തരം പ്രതിസന്ധിയിലാക്കി. സ്ഥിരം വി.സിമാരെ നിയമിക്കാൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന നീക്കങ്ങൾ എരിതീയിലെ എണ്ണ പോലെയായി. അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതിൽ കയറി കോർക്കുകയും വൻ വാക്പോരും നിയമയുദ്ധങ്ങളും തുറക്കുകയും ചെയ്തു. ഇടക്കാല വി.സിമാരെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ ക്യാമ്പസുകളെ സംഘർഷഭരിതമാക്കി. ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണം പല ആശയ സംഹിതകളുടേയും നുഴഞ്ഞുകയറ്റത്തിന് ഇടയാക്കിയിട്ടുള്ളതാണ് ചരിത്രം. അത് ഭരണകൂട അട്ടിമറികൾക്കു വരെ വഴിമരുന്നിട്ടതിനു ലോകത്ത് ഉദാഹരണങ്ങളുമുണ്ട്. അതിനാൽ ഗവർണറുടെ നീക്കങ്ങളെ പിണറായി സർക്കാർ സംശയത്തോടെ വീക്ഷിച്ചു. പിന്നീടെത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കർ വന്ദേമാതര, ഭാരതാംബ വിഷയങ്ങളിലൂടെ ഇടതിന്റെ സംശയങ്ങളെ ബലപ്പെടുത്തി. കോടതി ഇടപെലും കേരളത്തിലെ ഭരണമാറ്റവും ഒക്കെയായി ആ പ്രശ്നങ്ങൾ കെട്ടടങ്ങിയെന്ന് തോന്നിയെങ്കിലും മറ്റൊരു രൂപത്തിൽ അവതരിക്കുന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസങ്ങളിൽ കാലടി സർവകലാശാലയിലും എറണാകുളം മഹാരാജാസ് കോളേജിലുമടക്കം കണ്ടത്.
സമരം വി.സിക്കെതിരെ
സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലിരുന്ന കാലഘട്ടത്തിലെല്ലാം പ്രതിപക്ഷത്തെ വർഗ ബഹുജന വിദ്യാർത്ഥി യുവജന സംഘടനകളുടെ സമര വേലിയേറ്റമുണ്ടായിട്ടുണ്ട്. വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ തന്നെ പൊലീസിനെതിരായ സമരത്തിന്റെ രൂപത്തിൽ മറുപക്ഷം പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ കാലടി യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾ സർക്കാരിനെതിരേയായിരുന്നില്ല. സംഘപരിവാറിന്റെ ആശീർവാദമുള്ള വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നിലപാടുകൾക്കെതിരേയായിരുന്നു. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു സസ്പെൻഷൻ നടപടി. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ പ്രതീകാത്മകമായി ദഹിപ്പിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാണ് സർവകലാശാലയുടെ പരാതി. ഇതിൽ പൊലീസ് കേസുണ്ട്.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളക്ഷാമം, ലഭിക്കാനുള്ള ഫെലോഷിപ്പുകൾ, നികത്തപ്പെടാത്ത അദ്ധ്യാപക തസ്തികകൾ എന്നിവയുമായി ബന്ധപ്പെട്ട 18 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു എസ്.എഫ്.ഐയുടെ സമരം. ഇതിനിടെ വി.സിയുടെ മുടിയിൽ പിടിച്ചു വലിക്കുകയും മാന്തുകയും ചെയ്തതായി പരാതിയുണ്ട്. ശവദാഹ നാടകവും അരങ്ങേറി. സമരം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ സസ്പെൻഷനിലായി. രണ്ടു മാസമായിട്ടും തിരിച്ചെടുക്കുന്ന ലക്ഷണമുണ്ടായില്ല. ഹാജർ നില കുറഞ്ഞു. ഇതിനിടയിൽ പരീക്ഷ വിജ്ഞാപനവും അപേക്ഷിക്കേണ്ട തീയതിയും കടന്നുപോയി. നടപടി നേരിടുന്ന വിദ്യാർത്ഥികളും സർവകലാശാലയും കോടതികളിലെത്തി. പരീക്ഷയെഴുതാൻ സിംഗിൾബെഞ്ച് അനുവദിച്ചപ്പോൾ ഡിവിഷൻബെഞ്ച് അത് റദ്ദാക്കി. സുപ്രീംകോടതി കേസ് ഹൈക്കോടതിയിലേക്ക് മടക്കുകയും ചെയ്തു. സമാന്തരമായി കാലടി സർവകലാശാലയിൽ റിലേ നിരാഹാരസമരവും നടക്കുകയാണ്. അപ്പോഴേക്കും പരീക്ഷകൾക്ക് തുടക്കമാവുകയും ചെയ്തു.
മഹാരാജാസിലും സമരവേലിയേറ്റം
കാലടിയിലെ സസ്പെൻഷൻ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിൽ അരങ്ങേറിയ സംഭവവും ഇതിനിടെ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചു. മഹാരാജാസിൽ ബിരുദദാന ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെ എസ്.എഫ്.ഐ വനിതാ നേതാവടക്കം സ്റ്റേജിൽ കയറി ഉപരോധിക്കുകയായിരുന്നു. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നീളുന്നതിന് ഉത്തരം വേണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. കാലടിയിൽ ഉണ്ടായത് അക്രമ സമരമാണെന്നും ഇത്തരം പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി മന്ത്രി മടങ്ങി. ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുകയും ചെയ്തു.
സ്വതന്ത്രമാകണം ക്യാമ്പസുകൾ
ക്യാമ്പസുകളുടെ പ്രവർത്തനം സ്വതന്ത്രമായിരിക്കേണ്ടത് അനിവാര്യമാണ്. അതിന് വിഘാതമായ തീരുമാനങ്ങൾ തലപ്പത്തുനിന്നായാലും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നായാലും അത് ഉചിതമല്ല. സർവകലാശാലകളിൽ ചില ആശയസംഹിതകൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് അധികൃതരുടെ ദ്രോഹനടപടികളെന്ന് ഇടതു വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നുണ്ട്. നിങ്ങളുടെ നേതാക്കളുടെ മക്കളെയാരും സമര രംഗത്ത് കാണുന്നില്ലല്ലോ എന്നാണ് മറുഭാഗത്ത് ഉയരുന്ന ചോദ്യം. ആരു തന്നയായാലും സർവകലാശാലകളെ അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിൽ നിന്ന് പിൻവാങ്ങുന്നതാകും അഭികാമ്യം. രാഷ്ട്രനിർമ്മാണത്തിന്റെ നെടുംതൂണുകളാണ് ഈ സ്ഥാപനങ്ങളെന്ന് മറക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |