
വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് വേണമെന്ന സ്വപ്നത്തിന് പതിനൊന്ന് വർഷത്തെ പഴക്കം. സർക്കാരുകൾ മാറി, ഭരണാധികാരികൾ മാറി, പദ്ധതികൾ മാറി. മെഡിക്കൽ കോളേജിന്റെ പേരിൽ കല്ലിട്ടു, റോഡുപണി തുടങ്ങി, കെട്ടിടങ്ങൾ ഉയർന്നു. വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു, ഉദ്ഘാടനച്ചടങ്ങുകളും നടന്നു. എന്നിട്ടും ഒരു ചോദ്യം വയനാടിനെ വിട്ടുപോകുന്നില്ല: വയനാട് മെഡിക്കൽ കോളേജിന് സ്വന്തമായി, വികസനത്തിന് അനുയോജ്യമായ ഭൂമി എവിടെ? കേരളവർമ പഴശ്ശിരാജാവിന്റെ അന്ത്യവിശ്രമഭൂമിയായ മാനന്തവാടിയിൽ, ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച താലൂക്ക് ആശുപത്രി പിന്നീട് ജില്ലാ ആശുപത്രിയായി വളർന്നു. അതിനെ മെഡിക്കൽ കോളേജായി ഉയർത്താനുള്ള പ്രഖ്യാപനമെത്തിയപ്പോൾ വയനാടിന്റെ ആരോഗ്യരംഗത്ത് പുതിയൊരു അദ്ധ്യായം തുറക്കുമെന്നായിരുന്നു പ്രതീക്ഷ.
യു.ഡി.എഫ് നേതൃത്വത്തിലുളള സർക്കാരിന് ഒരു കീറാ മുട്ടിയാകുകയാണ് മെഡിക്കൽ കോളേജ്. പ്രഖ്യാപിച്ചിട്ട് 11 വർഷമായി. വീര കേരള വർമ്മ പഴശ്ശിരാജാവ് അന്ത്യ വിശ്രമം കൊളളുന്ന മാനന്തവാടിയിലെ ചരിത്ര ഭൂമിക്ക് തൊട്ടരികെ ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച ഒരു സ്ഥാപനം താലൂക്ക് ആശുപത്രിയായും പിന്നെ ജില്ലാ ആശുപത്രിയായും ഒടുവിൽ മെഡിക്കൽ കാേളേജായും പരിണമിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാരാണ് വയനാട് ഉൾപ്പെടെ ഏതാനും പിന്നാക്ക ജില്ലകൾക്ക് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു. വയനാടിനായി പ്രഖ്യാപിച്ച മെഡിക്കൽ കോളേജ് കൽപ്പറ്റയിൽ സ്ഥാപിക്കണമെന്നായിരുന്നു ആദ്യ തീരുമാനം. മെഡിക്കൽ കോളേജിനായി ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് മടക്കിമലയിൽ അമ്പത് ഏക്കർ ഭൂമി ദാനമായി നൽകി. ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതിന്റെ തറക്കല്ലും ഇട്ടു. ഉമ്മൻചാണ്ടി സർക്കാർ മാറി പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു. മടക്കിമലയിലെ ദാനഭൂമിയിൽ മെഡിക്കൽ കോളേജ് പണിയാനായി കോടികൾ മുടക്കി റോഡിന്റെ പണി ആരംഭിക്കാനുളള പ്രവൃത്തി ആരംഭിച്ചു. ഇതിനിടെയാണ് പ്രളയവും ഉരുൾപൊട്ടലും വന്നത്. ഇതോടെ ദാനഭൂമിയിലെ മെഡിക്കൽ കോളേജ് നിർമ്മാണ പ്രവൃത്തി അനിശ്ചിതത്വത്തിലായി. പരിസ്ഥിതി പ്രശ്നം ഉയർന്ന് വന്നപ്പോൾ മടക്കിമലയിലെ ദാനഭൂമിയിൽ മെഡിക്കൽ കോളേജ് നിർമ്മാണം പറ്റില്ലെന്ന് വിദഗ്ദർ വിധിയെഴുതി. ദാന ഭൂമി പരിസ്ഥിതി ലോല മേഖലയിലാണെന്നായിരുന്നു കണ്ടെത്തൽ. ഒന്നാം പിണറായി സർക്കാർ മെഡിക്കൽ കോളേജിനായി വൈത്തിരി താലൂക്കിൽ പരതാത്ത ഇടമുണ്ടായിരുന്നില്ല. അനുയോജ്യമായ ഭൂമി എങ്ങും ലഭിച്ചതുമില്ല. ഒടുവിൽ, മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിക്കൊണ്ട് 2021 ഫെബ്രുവരി മാസത്തിൽ ഉത്തരവ് വന്നു. രേഖയിൽ മാനന്തവാടി ജില്ലാ ആശുപത്രിയാണ് ഇപ്പോൾ വയനാട് മെഡിക്കൽ കോളേജ്. നബാർഡിന്റെ ധനസഹായത്തോടെ എട്ടു നിലകളിൽ നിർമ്മാണം പൂർത്തീകരിച്ച മൾട്ടി പർപ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും വയനാട് ജില്ലയിലെ പൊതുമേഖലയിലെ ആദ്യ കാത്ത് ലാബിന്റെയും ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവഹിച്ചു.
അമ്പുകുത്തിയിലെ ഭൂമി റിസർവ് വനഭൂമിയോ?
കാലം ഇത്രയായിട്ടും മെഡിക്കൽ കോളേജിന് മാനന്തവാടിയിൽ മറ്റ് കെട്ടിടങ്ങൾ പണിയാൻ സ്ഥലം കണ്ടെത്താൻ കഴിഞ്ഞതുമില്ല. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന വയനാട് മെഡിക്കൽകോളേജ് ഭൂമിക്കായുള്ള തെരച്ചിൽ എങ്ങുമെത്താതെ നീളുന്നു. ഒ.ആർ.കേളു എം.എൽ.എയും മന്ത്രിയുമായ ഘട്ടത്തിലാണ് മാനന്തവാടിയിൽ മെഡിക്കൽ കോളേജിനായുളള ഭൂമി കണ്ടെത്താൻ ശ്രമം നടന്നത്. പ്രാരംഭ ഘട്ടത്തിൽ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ബോയ്സ്ടൗണിലെ ഗ്ലെൻലെവൽ എസ്‌റ്റേറ്റ് ഭൂമി നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെയാണ് പകരം ഭൂമിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അമ്പുകുത്തിയിലെ വനഭൂമി ഏറ്റെടുക്കാൻ പിണറായി സർക്കാരിന്റെ കാലത്ത് തീരുമാനിക്കുന്നത്. ഇതിന് പകരം റവന്യുവകുപ്പിന് കൈവശമുള്ള നൂൽപ്പുഴയിലെ ഭൂമി വിട്ടുനൽകി ഉത്തരവുമിറക്കി. എന്നാൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അമ്പുകുത്തിയിലെ ഭൂമി റിസർവ്വ് വനഭൂമിയാണെന്നും വിട്ടുകിട്ടില്ലെന്നും കണ്ടെത്തിയത്. തുടർന്ന് മാനന്തവാടി നഗരസഭ മുൻകൈയെടുത്ത് കുഴിനിലത്തുള്ള കെ.എസ്.ഇ .ബിയുടെ 21 ഏക്കർഭൂമി മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാൻ നീക്കമാരംഭിച്ചു. പകരമായി നൽകാൻ നിശ്ചയിച്ച നൂൽപ്പുഴയിലെ ഭൂമി കെ.എസ്. ഇ.ബിയുടെ പ്രൊജക്ടുകൾക്കനുയോജ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് വീണ്ടും ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലായി.
ഇതിനിടെ ബോയ്സ്ടൗണിലെ ഭൂമി സംബന്ധിച്ച നിയമപോരാട്ടം അവസാനിപ്പിച്ച് ഭൂവുടമകളുമായി അനുരഞ്ജനത്തിലെത്തി മതിയായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് കെ.എസ്.ഇ.ബിക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ തുടർ നടപടികൾ മന്ത്രിസഭായോഗത്തിൽ വെച്ച് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാളുകൾ നീങ്ങിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെ മടക്കിമലിയിലെ ഭൂമിയിലേക്ക് മെഡിക്കൽ കോളേജ് മാറ്റണമെന്ന ആവശ്യം ശക്തമായി. ഉറങ്ങിക്കിടന്ന ആക്ഷൻ കമ്മറ്റികൾക്ക് ജീവൻ വച്ചു. എന്നാൽ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയോടനുബന്ധിച്ച് അനുവദിച്ച മെഡിക്കൽ കോളേജ് മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയില്ലെന്ന വാദവും നിലനിൽക്കുന്നു. ഇവിടെ മെഡിക്കൽ കോളേജിൽ രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെ ക്ലാസാരംഭിച്ച് കഴിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ആഘോഷമായി വൈറ്റ് കോട്ട് സെറിമണിയും നടന്നത്. വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ ആരംഭിക്കുമെന്ന് ഉഷാ വിജയൻ എം.എൽ.എ തറപ്പിച്ച് പറയുന്നു. നിന്ന് തിരിയാൻ ഇടമില്ലാത്തയിടത്ത് എങ്ങനെ മെഡിക്കൽ കോളേജ് പ്രവർത്തിക്കുമെന്നാണ് കൽപ്പറ്റ പ്രദേശത്തെ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ ചോദ്യം. വയനാടിനോട് പ്രത്യേക താൽപ്പര്യമുളള
കെ.മുരളീധരൻ ആരോഗ്യമന്ത്രിയായതോടെ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളച്ചു. എന്നാൽ എങ്ങും ഭൂമി കിട്ടിയതുമില്ല.
ഭരണ മാറ്റം മെഡിക്കൽ കോളേജിനെയും ബാധിച്ചു
മെഡിക്കൽ കോളേജ് ഭൂമി സംബന്ധിച്ച് തീരുമാനം കൈക്കൊളളാൻ മന്ത്രി വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തി. വയനാട് ഡി.സി.സി ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ വെട്ടിലായി. ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്ന മാനന്തവാടിയിൽ നിന്ന് മെഡിക്കൽ കോളേജിനെ പറിച്ചെടുത്ത് മടക്കിമലയിലെ ദാനഭൂമിയിലേക്ക് കൊണ്ടുപോയാൽ മാനന്തവാടിക്കാരെ ചൊടിപ്പിക്കും.മാത്രമല്ല കോൺഗ്രസുകാരിയായ ഉഷാവിജയൻ എം. എൽ.എയ്ക്ക് അത് തലവേദനയാകും. മടക്കിമലയിലെ ദാനഭൂമിയിൽ മെഡിക്കൽ കോളേജ് പണിയണമെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം നേതൃത്വം കൊടുക്കുന്ന വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയും അതിശക്തമായി ആവശ്യപ്പെട്ട് വീണ്ടും സജീവമായി രംഗത്ത് വന്നുകഴിഞ്ഞു. ജനങ്ങൾക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ ഭൂമിയാണ് മടക്കിമലയിലെ 50 ഏക്കർ ദാനഭൂമിയെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ. അമ്പുകുത്തിയിൽ കണ്ടെത്തിയ ഭൂമി നിക്ഷിപ്ത വനഭൂമിയാണ്. ഇത്തരം ഭൂമി ഏത് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പകരം ഭൂമി നൽകണമെന്നേയുള്ളൂ. ആ പ്രവർത്തനമാണ് ഒ.ആർ.കേളു നടത്തിയത്. അന്നത്തെ കളക്ടർ ഡി.ആർ.മേഘ്ശ്രി ഇതിനായി ഫയലുകൾ നീക്കി. ഭരണ മാറ്റം ഉണ്ടായതാണ് മെഡിക്കൽ കോളേജിനും സ്ഥാന ചലനം ഉണ്ടാകാനുളള ചിന്തയ്ക്ക് ശക്തികൂട്ടിയത്.
ഇടതുമുന്നണി നടപ്പിലാക്കിയ എല്ലാ വികസനങ്ങളും യു.ഡി.എഫ് സർക്കാർ ഇപ്പോൾ പരിശോധിച്ച് കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. മെഡിക്കൽ കോളേജിന്റെ ഗതി എന്തെന്ന് കണ്ടറിയണം. മടക്കിമലയിൽ വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കഴിഞ്ഞദിവസം ദാന ഭൂമിക്ക് മുന്നിൽ കിടപ്പ് സമരവും നടത്തി. സർക്കാർ അടിയന്തരമായി തീരുമാനം എടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രഖ്യാപിച്ച് കഴിഞ്ഞു.
വാൽക്കഷ്ണം: വയനാട്ടിൽ എന്തുകൊണ്ട് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആയിക്കൂട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |