
മുണ്ടക്കൈ- ചൂരൽമല ഉരുൾ
ദുരന്തത്തിന് നാളെ രണ്ടു വർഷം
2024 ജൂലായ് 30. വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തം നടന്നിട്ട് നാളെ രണ്ടാണ്ട്. ഒരിക്കലും മറക്കാനാവാത്ത കറുത്ത ദിനം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിമട്ടം നിത്യഹരിത വനത്തിനുള്ളിലെ പ്രഭവ കേന്ദ്രത്തിലുണ്ടായ ഉരുൾ ദുരന്തം ഇന്നും തീരാനോവ്. തെന്നിമാറിയ ഭൂമിയും പാറയും അവശിഷ്ടങ്ങളും അടങ്ങിയ ഉരുൾ പുന്നപ്പുഴ വഴി 8 കിലോമീറ്റർ ദൂരംവരെ ഒഴുകിയെത്തി. ഇപ്പോഴും മുണ്ടക്കൈയുടെയും ചൂരൽമലയുടെയും മനസ് എന്തെന്ന് വായിച്ചെടുക്കാൻ ഇവിടെ തലമുറകളായി ജനിച്ചു വളർന്നവർക്ക് പോലും ആവുന്നില്ല. പ്രകൃതി കനിഞ്ഞ് നൽകിയ ഈ സുന്ദര ഭൂമിയുടെ മനസ് ഏത് നിമിഷവും മാറാം.
സംഹാര താണ്ഡവമാടിയെത്തിയ ഉരുൾ കവർന്നത് 298 വിലപ്പെട്ട ജീവനുകൾ. തോട്ടം തൊഴിലാളികളും സാധാരണക്കാരും ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞുപോന്ന ഇടം ഇന്നില്ല. ആളും ആരവവും ഒഴിഞ്ഞിരിക്കുന്നു. ഇവിടം ഇപ്പോൾ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ മേച്ചിൽപുറങ്ങളായി. ദുരന്ത മേഖലയിൽ ഇപ്പോൾ ജനവാസമില്ല. വേദനിപ്പിക്കുന്ന കാഴ്ച. ഇവിടേക്ക് പ്രവേശിക്കാൻ അനുമതിയുമില്ല. ഭൂമി പിളർന്നിരിക്കുന്നു. ചൂരൽമല- മുണ്ടക്കൈ പ്രദേശം ഇന്നും ഭീതിപ്പെടുത്തുന്നു. വയനാട്ടിലെ കാശ്മീർ എന്ന് വിശേഷിപ്പിച്ചിരുന്ന പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ. ഇനി ഇവിടെ ജനവാസം ഉണ്ടാകാൻ സാദ്ധ്യത തീരെ കുറവ്.
ജൂലായ് 30ന് പുലർച്ചെ 12.45ഓടെയാണ് മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾപൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈയും ചൂരൽമലയും നാമാവശേഷമായി. അവിടന്നിങ്ങോട്ട് സമാനതകളില്ലാത്ത അതിജീവനത്തിന്റെ മഹത്തായൊരു മാതൃകയാണ് കേരളം കണ്ടത്. രാഷ്ട്രീയ, മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ചിറങ്ങി നാടിനെ കരയറ്റുന്ന കാഴ്ച. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ്.
പുഞ്ചിരിമട്ടം മുതൽ ചൂരൽമലവരെ എട്ടു കിലോമീറ്ററിൽ 8600 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ദുരന്തം വ്യാപിച്ചു. ചെങ്കുത്തായ ചരിവ് ഉരുളിന്റെ ഒഴുക്കിന്റെ തോത് വർദ്ധിപ്പിച്ചു. മണിക്കൂറിൽ 100.8 കിലോമീറ്റർ വേഗത്തിൽവരെ ഒഴുക്കുണ്ടായെന്നാണ് കണക്കാക്കുന്നത്. 32 മീറ്റർ ഉയരത്തിൽവരെ അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടി. 20 മുതൽ 40 മീറ്റർവരെ വീതിയുണ്ടായിരുന്ന പുന്നപ്പുഴ നദിയുടെ വീതി ഉരുൾപൊട്ടലോടെ 200 മുതൽ 300 മീറ്റർ വരെയായി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളെ ഉരുൾ തകർത്തു.
അന്തിമ ലിസ്റ്റിന്
രൂപരേഖയായില്ല
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ ഉണ്ടായ ദുരന്തം ഇന്നും ഉണങ്ങാത്ത മുറിവാണ്. ദുരന്തത്തെ അതിജീവിച്ചവർ ഇന്ന് വയനാടിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നു. ഇനിയൊരു കൂടിച്ചേരലും കണ്ടുമുട്ടലും ഇവർക്കിടയിൽ ഉണ്ടാകണമെന്നില്ല. ജനിച്ച മണ്ണിൽ നിന്ന് ജീവിതം വിവിധയിടങ്ങളിൽ പറിച്ച് നടേണ്ടി വന്നവർ. ഇവർ ഇന്നും അവകാശങ്ങൾക്ക് വേണ്ടിയും പ്രഖ്യാപിക്കപ്പെട്ട ധനസഹായത്തിനുമായി സമരം ചെയ്യുന്നു. മൈക്രോ പ്ളാൻ ഫണ്ട് വിതരണം വൈകുന്നു എന്നാരോപിച്ച് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ തിങ്കളാഴ്ച കൽപ്പറ്റയിലെ കുടുംബശ്രി ജില്ലാമിഷൻ ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു.
2024 ഡിസംബറിൽ അന്നത്തെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ 1083 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഉരുൾ ദുരിതബാധിതരുടെ അന്തിമ ലിസ്റ്റിന് രണ്ടുവർഷം തികയുമ്പോഴും രൂപരേഖയായില്ല. ഗുണഭോക്താക്കളുടെ പട്ടികയിൽ ഇടംനേടാനാകാത്ത നിരവധി കുടുംബങ്ങൾ ഇപ്പോഴും നീതിക്കായി പോരാടുകയാണ്.
സർക്കാർ 'നോ ഗോ' സോണായി (വാസയോഗ്യമല്ലാത്ത പ്രദേശം) പ്രഖ്യാപിച്ച സ്ഥലത്തെ വീട്ടുകാർ ഉൾപ്പെടെ അന്തിമ പട്ടികയിൽ ഇടം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. നോ ഗോ സോണിൽനിന്ന് അമ്പത് മീറ്റർ പരിധിയിൽ ഒറ്റപ്പെട്ട വീടുകൾ എന്ന് രേഖപ്പെടുത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്.
ടൗൺഷിപ്പ് നിർമ്മാണം
കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64.4705 ഹെക്ടർ ഭൂമിയിൽ
ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നു. പൂർത്തിയായ വീടുകളിൽ നിരവധിപേർ താമസം തുടങ്ങി. 410 വീടുകളിലായി 1662ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. മുസ്ലീംലീഗിന്റെ നേതൃത്വത്തിൽ തൃക്കൈപ്പറ്റക്കടുത്ത് കുറെ കുടുംബങ്ങൾക്കും വീടുവച്ച് നൽകി. ചില സന്നദ്ധ സംഘടനകളും വീടുവച്ച് നൽകിയിട്ടുണ്ട്. കോൺഗ്രസ് കുന്നമ്പറ്റയിൽ വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് വീട് നിർമ്മാണം ആരംഭിച്ചു.
കള്ളാടിയിലെ ദുരന്തം
കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിതീവ്രത അനുഭവിക്കുന്ന ഇടങ്ങളായി ചൂരൽമല- മുണ്ടക്കൈ പ്രദേശങ്ങൾ മാറി. അതിന് ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ഏഴാം തീയതി കള്ളാടിയിലെ തുരങ്കപ്പാത മുഖത്ത് ഉണ്ടായ മണ്ണിടിച്ചിൽ. ദുരന്തത്തിൽ എട്ട് ജീവനുകൾ പൊലിഞ്ഞു.
മണ്ണിന് ഒട്ടും ബലമില്ലാത്ത കള്ളാടി, പുത്തുമല, ചൂരൽമല പോലെയുള്ള പ്രദേശങ്ങളിൽ മഴക്കാലത്ത് ഒരു കാരണവശാലും നിർമ്മാണം അനുവദിക്കരുതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 1960 മുതൽ പ്രദേശത്ത് ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നു.
1962ൽ ചെമ്പ്രമലയിൽ നടന്ന ഉരുപൊട്ടലിൽ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.1984ൽ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ 17പേരുടെ ജീവൻ പൊലിഞ്ഞു.1996ലും 2024ലും ചെമ്പ്രമലയിൽ ഉരുൾപൊട്ടലുണ്ടായി. 2019ലും 2020ലും മുണ്ടക്കൈയിലും. 2019ൽ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 ജീവനുകളാണ് നഷ്ടമായത്. അഞ്ചുപേർ ഇന്നും കാണാമറയത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |