
തോളിലൊരു ബാഗും തൂക്കി, പിച്ചവെച്ചു നടക്കുന്ന കുരുന്നുകൾ. നമ്മുടെ വീടുകളുടെ മുറ്റത്തും, സ്‌കൂൾ മുറ്റത്തും, കളിക്കളങ്ങളിലും ചിരിച്ചുല്ലസിച്ച് നടക്കേണ്ടവർ. എന്നാൽ, ഇന്ന് സ്വന്തം വീട്ടിലോ, അടുത്ത ബന്ധുക്കളുടെ കാവലിലോ, വിദ്യാലയങ്ങളിലോ പോലും സുരക്ഷിതരാണോ എന്ന ആശങ്കയാണ് ചുറ്റിലും.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് തടയിടാൻ 2012ലെ ശിശുദിനത്തിലാണ് രാജ്യം പോക്‌സോ എന്ന കർശന നിയമത്തിന് രൂപം നൽകിയത്. എന്നാൽ നിയമത്തിന്റെ കടുപ്പം കൂടുമ്പോഴും, ഈ നാടുകളിൽ മക്കൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ ആഴം ഒട്ടും കുറയുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം.കണക്കുകൾ പറയുന്ന ഞെട്ടിക്കുന്ന കഥകൾകേരള ക്രൈം റെക്കാഡ്സ് ബ്യൂറോ പുറത്തുവിട്ട വിവരങ്ങൾ ഒരു താക്കീതാണ്.
സംസ്ഥാനത്ത് ഈ വർഷം ആഗസ്ത് വരെ കുട്ടികൾക്കെതിരായ 2,889 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 4,753 പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024ൽ റിപ്പോർട്ട് ചെയ്തത് 4,594 കേസുകളാണ്. 2023, 2022, 2021 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം യഥാക്രമം 4,641, 4,518, 3,516 എന്നിങ്ങനെയാണ്. ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധികം പേരും താത്‌പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്‌കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമുണ്ടായി.
തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്തുവരുന്നു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസ് വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റെയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം കണ്ടെത്താൻ സജീവമായ പ്രവർത്തനം നടത്തുന്നുണ്ട്. അയൽവാസികളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമ കേസുകളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുന്ന കേസുകളാണ്.
ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് നിർബന്ധിതരാവുന്നു.
കോടതികളിലെത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളവും പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് സാധാരണമാണ്. ഇത് കുട്ടികളിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാനിടയാകുമെന്നതിനാൽ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന കേസും നിരവധിയാണ്. വിചാരണാ നടപടികൾ നീണ്ടുപോകുന്നതോടെ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നു. ഇതോടെ, കേസുമായി മുന്നോട്ട് പോകാൻ അധികംപേരും താത്‌പര്യപ്പെടുന്നില്ല. ഇര സ്‌കൂൾ വിദ്യാർത്ഥിയാണെങ്കിൽ കേസിന്റെ പേരു പറഞ്ഞ് ആളുകൾ കാണാൻ വരുന്നതും കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് നയിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മൊഴിയെടുപ്പും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് അനിവാര്യമായ ശിക്ഷ വിധിക്കുകയാണ് വേണ്ടത്. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന നിരവധി കുട്ടികളാണ് സമൂഹത്തിലുള്ളത്. ഇവരെ കണ്ടെത്തി ഡാറ്റ തയ്യാറാക്കി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതും അനിവാര്യമാണ്.
ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന സമൂഹമല്ല കേരളത്തിലേത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം. ലൈംഗികാതിക്രമം എന്നത് അന്തസുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെയെത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യമുണ്ടായാൽ മാത്രം പോരാ, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുങ്ങണം.
എവിടെയാണ് മാറ്റം വേണ്ടത് ?
ഈ സാമൂഹിക തിന്മയെ വേരോടെ പിഴുതെറിയാൻ ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ എന്നിവരുടെ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹം ഒന്നടങ്കം മുന്നോട്ടുവരണം.
'തന്റെ ശരീരത്തിന് നേരെ അക്രമം നടന്നാൽ അതിനെതിരെ പ്രതികരിക്കുക എന്നത് അന്തസ്സിന്റെ പ്രശ്നമല്ല, മറിച്ച് സ്വയം സംരക്ഷിക്കാനുള്ള അവകാശമാണ്."
പൂർണ്ണമായ ലൈംഗിക വിദ്യാഭ്യാസം: 'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്നതിനപ്പുറത്തേക്ക് സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം എല്ലാ സ്‌കൂളുകളിലും ആദിവാസി മേഖലകളിലും നിർബന്ധമാക്കുക.
ദ്രുതഗതിയിലുള്ള വിചാരണ: മൊഴിയെടുപ്പും വിചാരണയും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി, കുറ്റവാളികൾക്ക് അടിയന്തിര ശിക്ഷ ഉറപ്പാക്കുക.
സുരക്ഷിതത്വ ഡാറ്റാബേസ്: സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക സംരക്ഷണ പദ്ധതികൾ ഒരുക്കുക.
മാനസികാരോഗ്യ പിന്തുണ: കോടതിയിലെ സുരക്ഷിതമായ മൊഴിയെടുപ്പ് അന്തരീക്ഷത്തിനൊപ്പം, കേസിന് ശേഷവും കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശക്തമായ സപ്പോർട്ട് സിസ്റ്റം ഉറപ്പാക്കുക.
ജില്ല തിരിച്ചുള്ള പോക്‌സോ കേസുകൾ (ഈ വർഷം ആഗസ്ത് വരെ)
ജില്ല, കേസുകളുടെ എണ്ണം
മലപ്പുറം 307
കോട്ടയം 120
തിരുവനന്തപുരം (റൂറൽ + സിറ്റി) 388
വയനാട് 122
കൊല്ലം (റൂറൽ + സിറ്റി)310
ഇടുക്കി 99
കോഴിക്കോട് (റൂറൽ + സിറ്റി) 262
എറണാകുളം (റൂറൽ + സിറ്റി) 250
തൃശൂർ (റൂറൽ + സിറ്റി) 257
കണ്ണൂർ (റൂറൽ + സിറ്റി) 120
പാലക്കാട് 179
കാസർകോട് 131
ആലപ്പുഴ 174
റെയിൽവേ പൊലീസ് 13
പത്തനംതിട്ട 157
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |