SignIn
Kerala Kaumudi Online
Saturday, 17 October 2026 2.36 AM IST

കണ്ണൂർ കോട്ടയിൽ വിചാരണ നടക്കുമോ?

cpm-central-committe

സി.പി.എമ്മിന്റെ ഏറ്റവും കരുത്തുറ്റ ജില്ലയിൽ പാർട്ടി സ്വയം വിചാരണയ്ക്ക് തയ്യാറാകുമോ? 18, 19 തീയതികളിൽ വിപുലീകൃത കണ്ണൂർ ജില്ലാക്കമ്മിറ്റി യോഗം ചേരുമ്പോൾ സംസ്ഥാനമൊട്ടാകെ കാതോർക്കുന്നത് ഈ ചോദ്യത്തിനാണ്. പയ്യന്നൂർ, തളിപ്പറമ്പ് കോട്ടകൾ വീണതിന് ഉത്തരവാദി ആര്? മറ്റു ജില്ലകളിലെ യോഗങ്ങൾ സംഘടനാ തിരുത്തലിന്റെ ഭാഗമായിരുന്നെങ്കിൽ കണ്ണൂരിലേത് പാർട്ടിയുടെ രാഷ്ട്രീയ ഭാവി തന്നെ അളക്കുന്ന യോഗമായി മാറും.

--------------------------------------------------------------------------------------------

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 26 സീറ്റിലേക്കു ചുരുങ്ങിയപ്പോൾ ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയത് കണ്ണൂരിലാണ്. പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ.മധുസൂദനനെ പാർട്ടി വിട്ടുപോയ വി.കുഞ്ഞികൃഷ്ണൻ 7,487 വോട്ടിന് തോൽപ്പിച്ചത് പാർട്ടി ഘടകങ്ങളെയാകെ ഞെട്ടിച്ചു. തളിപ്പറമ്പിൽ പാർട്ടിയിൽ വളരുന്ന സ്വജനപക്ഷപാതത്തിനെതിരെ ശബ്ദമുയർത്തി പുറത്തായ ടി.കെ.ഗോവിന്ദനായിരുന്നു വിജയി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണൻ. പാർട്ടി പുറത്താക്കിയവർ പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ ജയിച്ചുകയറിയത് കണ്ണൂർ നേതൃത്വത്തിന് ചെറിയ നാണക്കേടല്ല വരുത്തിയത്.


ഈ തോൽവികളെക്കുറിച്ചുള്ള അന്വേഷണവും വിലയിരുത്തലുകളും ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതിന്റെ ഉത്തരവാദിത്വം ആർക്കെന്ന ചർച്ചയുമുണ്ടാകും.

ചോദ്യം മുകളിലേക്കും

വിമർശനം ജില്ലയിൽ ഒതുങ്ങുന്നില്ലെന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ഒരാളെ കേന്ദ്രീകരിച്ചായത് തിരിച്ചടിയായെന്ന വിലയിരുത്തൽ കണ്ണൂരിലെ അണികളിലുണ്ട്. ഇപ്പോൾ പ്രതിപക്ഷ നേതാവായ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി, കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വം എന്നിവ ചർച്ചയിൽ കടന്നുവരുമെന്നുറപ്പാണ്. കോഴിക്കോട്ടു ചേർന്ന വിപുലീകൃത സംസ്ഥാന സമിതിയിൽ തെറ്റുതിരുത്തൽ കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ നിന്നുള്ള അംഗങ്ങൾ ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വന്തം വീഴ്ചകളെക്കുറിച്ചു മിണ്ടുന്നില്ലെന്നായിരുന്നു അവരുടെ പരാതി. വ്യക്തികേന്ദ്രീകൃത വിമർശനം പാടില്ലെന്ന കർശന നിർദ്ദേശം നിലനിൽക്കെയായിരുന്നു ഇത്. ആ അമർഷം ജില്ലാതലത്തിൽ കൂടുതൽ തുറന്ന രൂപത്തിൽ പുറത്തുവരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.


സാമ്പത്തിക ആരോപണങ്ങൾ, ചിലരെ ഒതുക്കിയെന്ന പരാതികൾ, നേതാക്കൾക്കെതിരായ വ്യക്തിപരമായ വിവാദങ്ങൾ എന്നിവയും ചർച്ചയാകും. പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും യുവജന, വിദ്യാർത്ഥി സംഘടനാനേതൃത്വങ്ങളും ഉൾപ്പെടെ കണ്ണൂരിൽ നിന്നായതിനാൽ പ്രതിനിധികൾ എത്രത്തോളം തുറന്നു സംസാരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ജില്ലാസെക്രട്ടറിയുടെ

കസേരയിളകുമോ?


ജില്ലാസെക്രട്ടറി കെ.കെ.രാഗേഷിന്റെ സ്ഥാനം തന്നെയാണ് പാർട്ടിക്കകത്തും പുറത്തും സജീവമായ ചർച്ച. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയുടെയും തോൽവിയുടെയും ഉത്തരവാദിത്വം ജില്ലാസെക്രട്ടറിക്കാണെന്ന വിലയിരുത്തൽ പാർട്ടിയിൽ ശക്തമാണെന്ന് റിപ്പോർട്ടുകളുണ്ട്. ജില്ലാസെക്രട്ടേറിയറ്റിലും ജില്ലാക്കമ്മിറ്റിയിലും പുനഃസംഘടനയ്ക്കു സാദ്ധ്യതയുണ്ടെന്നും പറയപ്പെടുന്നു. തോൽവിക്കു പിന്നാലെ ചില ഏരിയാക്കമ്മിറ്റി യോഗത്തിൽ, ജില്ലാക്കമ്മിറ്റിയെ പിരിച്ചുവിടണമെന്നു വരെ ആവശ്യമുയർന്നിരുന്നു.
പാലക്കാട്ട് സുരേഷ് ബാബുവിനെതിരെ സ്വീകരിച്ച നടപടി കണ്ണൂരിലും ആവർത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയൊരു നീക്കമുണ്ടായാൽ അത് ജില്ലയിലെ അധികാര സമവാക്യങ്ങളെ ഉടച്ചുവാർക്കും. അതേസമയം, നേതൃമാറ്റം സംഘടനയ്ക്ക് ഗുണം ചെയ്യുമോ, അതോ വിഭാഗീയതയുടെ പുതിയ മുറിവുകൾ ഉണ്ടാക്കുമോയെന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്.

മാറുന്ന കണ്ണൂർ

സമവാക്യം

വിപുലീകൃത സംസ്ഥാന സമിതിക്കു ശേഷം പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടത് കണ്ണൂരിലെ അധികാരഘടനയിൽ വരുന്ന മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു ദിവസത്തെ യോഗം കഴിയുമ്പോൾ ഒരു വ്യക്തിയുടെ കസേരയ്ക്കപ്പുറം ചിലത് തീരുമാനിക്കപ്പെടും. തോൽവിയെ പാർട്ടി ഏതു രീതിയിൽ വായിക്കുന്നു എന്നതാണ് അതിൽ പ്രധാനം. അണികൾക്കിടയിലെ അമർഷം കേൾക്കാൻ നേതൃത്വം തയ്യാറാവുമോ? കണ്ണൂർ, ചരിത്രത്തിൽ പലപ്പോഴും സി.പി.എമ്മിന്റെ ദിശ നിർണയിച്ച ജില്ലയാണ്. ഇത്തവണയും കണ്ണൂരിലെ തീരുമാനങ്ങൾ സംസ്ഥാന പാർട്ടിയുടെ തിരുത്തൽ പ്രക്രിയയുടെ വിശ്വാസ്യത കൂടിയാണ് അളക്കുക.


വിമതർ ഉയർത്തിയ
ചോദ്യങ്ങൾ

പുറത്താക്കപ്പെട്ടവർ ജയിച്ചതോടെ അവർ ഉന്നയിച്ച വിഷയങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടി. രക്തസാക്ഷി ഫണ്ടിനെക്കുറിച്ചുള്ള ആരോപണങ്ങളും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള പരാതികളും വിമതരുടെ വ്യക്തിപരമായ പരാതികൾ മാത്രമായിരുന്നില്ലെന്നും ജനങ്ങൾ ഗൗരവത്തോടെ കണ്ട വിഷയങ്ങളായിരുന്നെന്നുമാണ് തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഈ ആരോപണങ്ങൾക്ക് യോഗത്തിൽ പാർട്ടി എന്തു മറുപടി നൽകുമെന്നാണ് അറിയേണ്ടത്.

അണികളുടെ

മനസ്

നേതൃത്വത്തിന്റെ ദൗർബല്യമാണ് പരമ്പരാഗത ഇടതവോട്ടുകൾ ചോരാൻ കാരണമെന്ന് കണ്ണൂരിലെ പാർട്ടി അനുഭാവികളിൽ വലിയൊരു വിഭാഗം കരുതുന്നു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള ഈ വികാരം വിപുലീകൃത യോഗത്തിൽ എത്രത്തോളം പ്രതിഫലിക്കുമെന്നതും നിർണായകമാണ്. യു.ഡി.എഫ് പിന്തുണയോടെയാണ് വിമതർ കോട്ട തകർത്തത്. അതുകൊണ്ടുതന്നെ കണ്ണൂരിലെ ഓരോ തീരുമാനവും പാർട്ടി എതിരാളികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കോട്ട തിരിച്ചുപിടിക്കാനുള്ള വഴി സി.പി.എം ഇവിടെ കണ്ടെത്തുമോ, അതോ ആഭ്യന്തര തർക്കം കൂടുതൽ വഷളാകുമോ എന്നതും ചർച്ചയാണ്.

പ്രത്യയശാസ്ത്രത്തിലെ വിടവ്

പാർട്ടി ആശയങ്ങളും നയങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനവും ഫലപ്രദമായി ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്ര കമ്മിറ്റിയുടെ അവലോകനത്തിൽ പറയുന്നുണ്ട്. സംഘടനാ പ്രശ്നങ്ങൾക്കപ്പുറം ഈ രാഷ്ട്രീയ വിലയിരുത്തലിന് കണ്ണൂരിൽ എന്തു പ്രതികരണമുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ രാഷ്ട്രീയം പറയാതെ വ്യക്തികളെ മുൻനിറുത്തിയെന്ന വിമർശനത്തിന് നേതൃത്വം എന്തു മറുപടി പറയുമെന്നതും പ്രധാനമാണ്.
കണ്ണൂരിൽ ജില്ലാസെക്രട്ടറി സ്ഥാനത്തെ മാറ്റം പാർട്ടിക്ക് പുതിയ കാര്യമല്ല. 2019ൽ പി.ജയരാജനു പകരം എം.വി.ജയരാജൻ ജില്ലാസെക്രട്ടറിയായി വന്നത് പാർട്ടിയുടെ ദിശ മാറ്റിയ തീരുമാനമായിരുന്നു. ഓരോ മാറ്റത്തിനും ശേഷവും ഉണ്ടായ ഉൾപ്പോരുകളും ചരിത്രത്തിന്റെ ഭാഗമാണ്.


എല്ലാ ജില്ലകളിലെയും വിപുലീകൃത കമ്മിറ്റി യോഗങ്ങൾ പൊതുസമ്മേളനത്തോടെയാണ് സമാപിക്കുന്നത്. അടച്ചിട്ട മുറിയിൽ ചർച്ച ചെയ്തെടുത്ത തീരുമാനങ്ങൾ ജനങ്ങളോട് പറയാനുള്ള വേദി കൂടിയാണിത്. പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ജില്ലാ യോഗങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ സമാപന സമ്മേളനത്തിലെ പ്രഖ്യാപനങ്ങൾ പാർട്ടിയുടെ തിരുത്തലിന്റെ വ്യാപ്തി ജനങ്ങൾക്കു മുന്നിൽ തെളിയിക്കുന്നതാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION