
മൂന്ന് മാസത്തോളം നീണ്ടുനിന്ന ഇറാൻ- യു.എസ്- ഇസ്രയേൽ യുദ്ധത്തിന് വിരാമമാകുന്നത് ലോകത്തിനാകമാനം സമാധാനവും സന്തോഷവും പകരുന്നതാണ്. യുദ്ധ വിരാമ കരാർ സംബന്ധിച്ച അന്തിമ ധാരണകൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും സമാധാന കരാർ ജനീവയിൽ വച്ച് അമേരിക്കയും ഇറാനും ഈ മാസം 19ന് ഒപ്പുവയ്ക്കുമെന്ന് ഇറാന്റെയും അമേരിക്കയുടെയും ഉന്നത നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ കരാറിന് മുന്നോടിയായി ധാരണാപത്രം ഓൺലൈനായി ഇരുരാജ്യങ്ങളും ഒപ്പിടുകയും ചെയ്തു.
യുദ്ധ വിരാമത്തിന്റെ വ്യവസ്ഥപ്രകാരം മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കും. പകരം ഇറാനെതിരെയുള്ള നാവിക ഉപരോധം യു.എസ് അവസാനിപ്പിക്കും.
യുദ്ധം തുടങ്ങിയപ്പോൾ ഉള്ള രണ്ട് കടുത്ത നിലപാടുകളിൽനിന്ന് അമേരിക്ക പിന്മാറാൻ തയ്യാറായതാണ് പ്രധാനമായും യുദ്ധവിരാമത്തിലേക്ക് നയിച്ചിരിക്കുന്നത്.
ഇറാനിലെ ഭരണം മാറണം; ആണവ പദ്ധതികൾ പൂർണമായി അവസാനിപ്പിക്കണം എന്നീ രണ്ട് നിബന്ധനകളാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കർശന നിലപാടുകളായി അമേരിക്ക ലോകത്തെ അറിയിച്ചത്. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽതന്നെ ഇറാനിലെ പരമോന്നത ആത്മീയ നേതാവും പരമാധികാരിയുമായിരുന്ന അയത്തൊള്ള ഖമനേയിയെ വധിക്കാൻ കഴിഞ്ഞെങ്കിലും ഭരണമാറ്റം എന്ന ആവശ്യം ഈ നിമിഷംവരെ നടന്നിട്ടില്ല. ഇറാന്റെ ആണവായുധ പരീക്ഷണ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെങ്കിലും അതിൽനിന്ന് പിന്മാറുമെന്ന ഒരു സൂചനയും ഇറാൻ ഇതുവരെ നൽകിയിട്ടുമില്ല. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും അമേരിക്കയുടെ ഉറ്റ മിത്രങ്ങളായ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സേനാ താവളങ്ങൾക്കും എണ്ണ ഉത‌്‌പാദന ഫാക്ടറികൾക്കും നേരെ ഇറാൻ മിസൈലാക്രമണം തുടരുകയും അതിനൊപ്പംതന്നെ ഇസ്രയേലിലെ നഗരങ്ങളിൽ മിസൈൽ വർഷിച്ചതും ഇറാന് അനുകൂലമായി യുദ്ധത്തിന്റെ ഗതി തിരിച്ചുവിടുകയാണ് ചെയ്തത്.
ശക്തമായ പ്രതിരോധവും ആക്രമണവും ഒരേസമയം ഇറാന് നടത്താൻ കഴിഞ്ഞു. ഇത് ഇറാന്റെ മാത്രം കഴിവായി കാണാനാകില്ല. റഷ്യയും ചൈനയും നല്ല രീതിയിൽ ഇറാന് പിന്തുണ നൽകുകയും ദീർഘദൂര മിസൈലുകൾ അയയ്ക്കുന്നതിന് ഇറാനെ സഹായിക്കുകയും ചെയ്തിരുന്നു എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അമേരിക്കൻ ഉപരോധം നിലനിൽക്കെ ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങിയിരുന്ന രാജ്യമാണ് ചൈന. ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇറാൻ ചൈനയ്ക്ക് ഇന്ധനം വിൽക്കുന്നത്. അതിനാൽ ഒരു കാരണവശാലും അമേരിക്കൻ ആധിപത്യത്തിന് കീഴിലുള്ള ഒരു ഭരണകൂടം ഇറാനിൽ സ്ഥാപിക്കപ്പെടുന്നതിനെ ചൈന അനുകൂലിക്കില്ല. റഷ്യയുടെ നിലപാടും സമാനമായിരുന്നു. ഇതാണ് ഇറാനിലെ ഭരണമാറ്റം സംഭവിക്കാതെ ചർച്ചയില്ല എന്ന നിലപാടിൽ നിന്ന് അമേരിക്ക പിന്മാറുന്നതിന് ഇടയാക്കിയത്.
മുഖ്യ തർക്കവിഷയമായ ആണവ പദ്ധതി സംബന്ധിച്ച് പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കാമെന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. സമാധാന കരാർ മാനിച്ച് ലെബനനിലെ ആക്രമണം നിറുത്തുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് അടച്ചതോടെ മറ്റ് ഗൾഫ് രാജ്യങ്ങളുടെയും എണ്ണ വിൽപ്പന തടസപ്പെട്ടതും പശ്ചിമേഷ്യയൊട്ടാകെ ബിസിനസുകൾ സ്തംഭിച്ചതും സമാധാന കരാറിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങളാണ്. അമേരിക്കയുടെ ഉപരോധം നീങ്ങുന്നതും വിദേശ ബാങ്കുകളിലുള്ള ഇറാൻ നിക്ഷേപം മരവിപ്പിച്ചത് പിൻവലിക്കുന്നതുമൊക്കെ നടപ്പാകുമ്പോൾ ബിസിനസ്‌പരമായി ഇറാന് അത് വലിയ നേട്ടങ്ങൾ സമ്മാനിക്കും. ഈ യുദ്ധം കാരണം ഇന്ത്യയും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവന്നു. എന്തായാലും യുദ്ധം അവസാനിക്കുന്നത് പശ്ചിമേഷ്യയ്ക്ക് പ്രത്യേകിച്ചും ലോകത്തിന് മൊത്തത്തിലും സമാധാനം പകരുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |