SignIn
Kerala Kaumudi Online
Thursday, 29 October 2026 3.36 AM IST

കായിക താരങ്ങൾക്ക് കിടപ്പാടമൊരുക്കണം

READ ENGLISH VERSION
akshaya

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോടിന്റെ മണ്ണിൽ ആവേശവും ആരവവുമുയർത്തി മുന്നേറുകയാണ്. ട്രാക്കിലും ഫീൽഡിലും വെല്ലുവിളി നേരിട്ട് വിജയശ്രീലാളിതരാകുന്നവർ പലപ്പോഴും ജീവിതത്തിന്റെ വെല്ലുവിളികൾക്ക് മുന്നിൽ പതറിപ്പോകുന്നവരാണ്. അത്തരത്തിലുള്ള ഒരു ജീവിതകഥയാണ് ഇന്നലെ കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച റി​പ്പോർട്ടി​ലെ പനങ്ങാട്ടിരി ആർ.പി.എം എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി അക്ഷയയുടേത്. ബന്ധുവിന്റെ പറമ്പിലെ ഒറ്റമുറി ഓലക്കുടിലിൽ നി​ന്നാണ് അക്ഷയ സംസ്ഥാന സ്കൂൾ കായി​ക മേളയ്ക്കെത്തി​യത്. കഴി​ഞ്ഞവർഷം തി​രുവനന്തപുരത്ത് നടന്ന കായി​കമേളയി​ൽ സ്വർണം നേടുന്നവരി​ൽ വീടി​ല്ലാത്തവർക്ക് വീടുനൽകുമെന്ന് അന്നത്തെ വി​ദ്യാഭ്യാസ മന്ത്രി​ പ്രഖ്യാപി​ച്ചി​രുന്നു. സന്നദ്ധ- ബഹുജന സംഘടനകളുടെ സഹായത്തോടെയുള്ള പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. അതനുസരിച്ച് കഴിഞ്ഞ കായികമേളയിലെ സ്വർണതാരങ്ങളിൽ ആവശ്യമുള്ളവർക്ക് വീടുനൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടനകളുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുകയും നിർമ്മാണം നടക്കുകയുമാണ്.

ഒന്നാമതെത്തിയാൽ വീടു കിട്ടുമെന്ന പ്രതീക്ഷയോടെയാണ് അക്ഷയ കഴിഞ്ഞ വർഷം ഓടാനിറങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ പരിക്ക് വിനയായി. അക്ഷയയ്ക്ക് രണ്ടാമതാകേണ്ടിവന്നു. വീടെന്ന സ്വപ്നവും പൊലിഞ്ഞു. പക്ഷേ, ഇത്തവണ ആ കൊച്ചു പെൺകുട്ടി 3000 മീറ്ററിൽ സ്വർണം ഓടിപ്പിടിച്ചു. എന്നാൽ ഇത്തവണ ഒന്നാമതെത്തുന്നവർക്ക് വീടുനൽകുമെന്ന വാഗ്ദാനം ഇപ്പോഴത്തെ കായികമന്ത്രിയോ വിദ്യാഭ്യാസവകുപ്പോ നൽകിയിട്ടില്ല. അതിനാൽതന്നെ കഴിഞ്ഞതവണ സ്വർണം നേടിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന സൗഭാഗ്യം അക്ഷയയ്ക്ക് ഇക്കുറിയില്ല. മാതാപിതാക്കളും രോഗികളായ സഹോദരങ്ങളുമടങ്ങുന്ന അഞ്ചംഗ കുടുംബമാണ് അക്ഷയയുടേത്. ചേച്ചി അർച്ചന ജന്മനാ ഹൃദ്രോഗി. അനിയൻ അഖിൽ ആസ്‌ത്‌മാ രോഗിയും. രോഗബാധിതയായതോടെ മാതാവ് സൗമ്യ കൂലിപ്പണിക്ക് പോകുന്നില്ല. കൂലിപ്പണിക്കാരനായ പിതാവ് ഗുരുവായൂരപ്പന്റെ തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. അർച്ചനയുടെ ചികിത്സ തിരുവനന്തപുരം ശ്രീചിത്രയിലാണ്. ഇതിന് നല്ലൊരു തുക വേണം.

അക്ഷയ ഓടി നേടിയ മെഡലുകളും ട്രോഫികളും സൂക്ഷിക്കാനൊരിടം പോലുമില്ല. പനങ്ങാട്ടിരി സ്കൂളിലെ കായികാദ്ധ്യാപകൻ ബിജു വാസുദേവ് മുൻകൈയെടുത്ത് അക്ഷയയ്ക്ക് വീടൊരുക്കാൻ ശ്രമിച്ചെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തത് തടസമായി. സുഹൃത്തിൽ നിന്ന് കടം വാങ്ങിയ സ്‌പൈക്കുമായാണ് അക്ഷയ മത്സരിച്ചത്. കായിക താരങ്ങൾക്ക് വേണ്ട എല്ലാപിന്തുണയും നൽകാൻ സർക്കാർ സന്നദ്ധമാണെന്നും പരിശീലനത്തിനും മത്സരങ്ങൾക്കു വേണ്ടിയുള്ള യാത്രയ്ക്കും കായിക താരങ്ങൾക്ക് ഇനി കടം വാങ്ങേണ്ടിവരില്ലെന്നും ഈ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. അതിനൊപ്പം അക്ഷയയെപ്പോലെ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട് ഇല്ലാത്ത പ്രതിഭകളുടെ അവസ്ഥയും സർക്കാർ തിരിച്ചറിയണം. സന്നദ്ധ സംഘടനകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭവന സഹായപദ്ധതി വിദ്യാഭ്യാസവകുപ്പ് തുടരണം. ഒരു അക്ഷയയിൽ മാത്രമൊതുങ്ങുന്നതല്ല ഈ സ്ഥിതി.

ഈ മേളയിൽ മത്സരിക്കാനെത്തിയ കായികതാരങ്ങളിൽ നല്ലൊരു പങ്കും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മെഡൽ നേടിയാൽ തങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അവർ കായികരംഗം തിരഞ്ഞെടുക്കുന്നത്. ആ പ്രതീക്ഷകളുടെ തിരിനാളം അണയാനിടവരുത്തരുത്. പഠനത്തിൽ കൂടുതൽ സമയം ചെലവിടാതെ കായികരംഗം തിരഞ്ഞെടുത്തതിൽ അവർ തങ്ങളെ പഴിക്കുന്ന സ്ഥിതിയുണ്ടാവരുത്. അക്ഷയയുടെ ജീവിതസാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കഴിയാവുന്ന സഹായങ്ങൾ ചെയ്യാമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അറിയിച്ചിട്ടുണ്ട്. കായികതാരങ്ങൾക്ക് കിടപ്പാടം ഒരുക്കുന്നത് ഔദാര്യമല്ലെന്നും നാളെയുടെ പ്രതിഭകൾക്ക് മനസുറപ്പോടെ ഗ്രൗണ്ടിലിറങ്ങാൻ സർക്കാർ നൽകേണ്ട പിന്തുണയാണെന്നും ഭരണാധികാരികൾ തിരിച്ചറിയണം. എങ്കിൽ മാത്രമേ നമുക്ക് മികച്ച കായികതാരങ്ങളെ സൃഷ്ടിക്കാൻ കഴിയൂ. ദേശീയ-അന്തർദ്ദേശീയ കായികരംഗത്ത് പൊയ്പ്പോയ പ്രൗഢി വീണ്ടെടുക്കാനുമാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKSHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION