
വൈദ്യ ശുശ്രൂഷയോ പരിചരണമോ ഇല്ലാതെ വീട്ടിൽ പ്രസവിച്ചതിനു തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരണമടഞ്ഞ സംഭവം ആരോഗ്യമേഖലയിലെ 'കേരള മോഡലി"നെക്കുറിച്ച് നിത്യവും ഊറ്റംകൊള്ളുന്ന നമ്മെ ആരോഗ്യ ജാഗ്രതയെക്കുറിച്ച് പലതും ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതാണ്. ഭർത്താവിന്റെ അന്ധവിശ്വാസവും അബദ്ധധാരണകളും കാരണം വൈദ്യസഹായം നിഷേധിക്കപ്പെട്ട്, പ്രസവത്തിനിടെ ജീവൻ നഷ്ടമായത് ആലപ്പുഴ വണ്ടാനം സ്വദേശി അസ്മയ്ക്കാണ്. മലപ്പുറം ചട്ടിപ്പറമ്പിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ ദിവസമായിരുന്നു അസ്മയുടെ അഞ്ചാം പ്രസവം. പ്രസവത്തിനിടെ മരണമടഞ്ഞ ഭാര്യയുടെ മൃതദേഹം പായയിൽ പൊതിഞ്ഞുകെട്ടി, ചോരയിൽ മുങ്ങിയ നവജാതശിശുവുമായി അസ്മയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തിയ ഭർത്താവിന്റെ ചെയ്തികളിൽ സംശയം തോന്നിയ ബന്ധുക്കൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹം രഹസ്യമായി കബറടക്കാനുള്ള സിറാജുദ്ദീന്റെ നീക്കം അതോടെ പൊളിയുകയും സംഭവം പുറത്താവുകയും ചെയ്യുകയായിരുന്നു.
പ്രസവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ, അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണ് അസ്മയുടെ മരണത്തിന് ഇടയാക്കിയതെന്ന ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, സിറാജുദ്ദീനെ പെരുമ്പാവൂരിൽ കസ്റ്റഡിയിലെടുക്കുകയും, മലപ്പുറത്തെത്തിച്ച ഇയാൾക്കെതിരെ മലപ്പുറം പൊലീസ് ഇന്നലെ നരഹത്യാ കുറ്റം ചുമത്തുകയും ചെയ്തു. അഞ്ചു കുഞ്ഞുങ്ങളെ പ്രസവിച്ച അസ്മയുടെ മൂന്നു പ്രസവങ്ങളും വീട്ടിൽത്തന്നെയായിരുന്നു. ആധുനിക ചികിത്സാരീതികളോട് വൈമുഖ്യം പുലർത്തിയിരുന്ന, അക്യുപങ്ചർ ബിരുദധാരിയായ സിറാജുദ്ദീൻ, താൻ അമാനുഷിക സിദ്ധികളുള്ള ആളാണെന്ന് സ്വയം പ്രചരിപ്പിച്ചിരുന്നത്രേ. 'മടവൂർ കാഫില" എന്ന പേരിൽ ഇയാൾ നടത്തുന്ന യുട്യൂബ് ചാനലിലൂടെയും അന്ധവിശ്വാസങ്ങളും അബദ്ധങ്ങളും പ്രചരിപ്പിച്ചതായാണ് അറിയുന്നത്. സിറാജുദ്ദിനിൽ നിന്നുണ്ടായത് കേവലമായൊരു ഉദാസീനതയോ അശ്രദ്ധയോ അല്ല, ചില വിശ്വാസങ്ങളുടെ പേരിലുള്ള അപകടകരവും കുറ്റകരവുമായ ചെയ്തി തന്നെയാണെന്ന് അർത്ഥം.
ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ആരോഗ്യമേഖലയുടെ മികവ് അളക്കുന്നതിനുള്ള മാനദണ്ഡം ഗുരുതര രോഗങ്ങൾക്കു ലഭ്യമായ ആധുനിക ചികിത്സയുടെ ലഭ്യതയല്ല, മറിച്ച് മാതൃ- ശിശു മരണനിരക്കാണെന്ന് ഓർക്കണം. രാജ്യത്ത് നവജാത ശിശുമരണ നിരക്കും, പ്രസവത്തിനിടയിലെ മാതൃമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രസവത്തിനിടയിൽ അമ്മമാർക്കു സംഭവിക്കുന്ന മരണനിരക്ക് ദേശീയതലത്തിൽ ഒരുലക്ഷത്തിന് 97 ആയിരിക്കെ, കേരളത്തിൽ അത് 19 മാത്രമാണ്. നവജാതശിശു മരണനിരക്കാകട്ടെ ആയിരത്തിൽ ആറ് മാത്രവും (ദേശീയ ശരാശരി 26). പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ലഭ്യത, പ്രാഥമികാരോഗ്യ മേഖലയുടെ കാര്യക്ഷമത, ഗർഭിണികളുടെ ആരോഗ്യരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതികൾ എന്നിവ മാത്രമല്ല, പൊതുവായ ആരോഗ്യ അവബോധവും കൂടി ചേർന്നാണ് ഈ മികവ് നമുക്കു സമ്മാനിക്കുന്നത്. എന്നാൽ, അതേ കേരളത്തിൽ കഴിഞ്ഞ നാലര വർഷത്തിനിടെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചവരുടെ എണ്ണം 2931 ആണെന്ന വിവരാവകാശ കണക്ക് ഞെട്ടിക്കുന്നതാണ്. ഇങ്ങനെ ജനിച്ച കുഞ്ഞുങ്ങളിൽ പതിനെട്ടു പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഗർഭിണിയുടെ പ്രസവം ഒരു അപ്രതീക്ഷിത ജൈവകർമ്മം അല്ലാത്തതുകൊണ്ടുതന്നെ, സുരക്ഷിതപ്രസവം ഉറപ്പാക്കുന്നതിന് വൈദ്യസഹായം ലഭ്യമാക്കാതിരിക്കുന്നത് മന:പൂർവമായ കുറ്റകൃത്യം തന്നെയാണ്. പലപ്പോഴും മതപരമോ വിശ്വാസപരമോ ആയ മൗഢ്യങ്ങളാണ് വൈദ്യസഹായം തേടാതിരിക്കുന്നതിനു പിന്നിലെന്ന യാഥാർത്ഥ്യത്തിനു മുന്നിലാണ് നമ്മൾ തലകുനിക്കേണ്ടത്. ആരോഗ്യ അവബോധത്തിൽ മുന്നിൽ നില്ക്കുകയും, അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാംസ്ഥാനത്തായിരിക്കുകയും ചെയ്യുന്ന കേരളത്തിൽ അബദ്ധവിശ്വാസങ്ങൾക്കും ഇടമുണ്ടാകുന്നത് നമ്മുടെ ഓരോരുത്തരുടെയും ജാഗ്രതക്കുറവ് കാരണല്ലേ? സിറാജുദ്ദീനെപ്പോലെ സമൂഹമാദ്ധ്യമങ്ങൾ വഴി അബദ്ധപ്രചാരണങ്ങൾ നടത്തുന്ന എത്രയോ പേരുണ്ട്. അവർക്കൊക്കെ ആയിരക്കണക്കിന് ഫോളോവേഴ്സും കാണും! ഇത്തരം ചെയ്തികളെ ക്രിമിനൽ കുറ്റമായിക്കണ്ട് നടപടി സ്വീകരിക്കുവാൻ കഴിയാത്തതെന്ത്? അവബോധവും അബദ്ധവും ഒരുമിച്ചു പോകുന്നതല്ല. അറിവുണ്ടായാൽ പോരാ, തിരിച്ചറിവു കൂടിയുണ്ടാകണമെന്ന് ആദ്യം മനസിലാക്കേണ്ടത് നമ്മൾ തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |